- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോട്ടയം മെഡിക്കല്‍ കോളേജിലും പ്രശ്നം രോഗികളുടെ എണ്ണക്കൂടുതല്‍ തന്നെ; ഇടിഞ്ഞുവീണ കെട്ടിടം ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും വീണ്ടും തുറന്നുകൊടുത്തെന്ന് സമ്മതിച്ച് സൂപ്രണ്ട്; ബിന്ദുവിനായുള്ള തിരച്ചില്‍ വൈകിയതിന് ഉത്തരവാദിത്വവും ഏറ്റെടുത്തു; തനിക്ക് കിട്ടിയ വിവരപ്രകാരമാണ് ആദ്യം പ്രതികരിച്ചതെന്ന് മന്ത്രി; അപകടം കളക്ടര്‍ അന്വേഷിക്കും; ബിന്ദുവിന്റെ സംസ്‌കാരം നാളെ രാവിലെ 10 ന്
ഇടിഞ്ഞുവീണ കെട്ടിടം ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും വീണ്ടും തുറന്നുകൊടുത്തെന്ന് സമ്മതിച്ച് സൂപ്രണ്ട്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ പെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിനെ രണ്ടര മണിക്കൂറോളം വൈകി തിരച്ചില്‍ നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സൂപ്രണ്ട് ജയകുമാര്‍. കെട്ടിടത്തില്‍ ആരും കാണാന്‍ സാധ്യതയില്ലെന്നാണ് എല്ലാവരും പറഞ്ഞത്. ഇക്കാര്യം താനാണ് മന്ത്രിയോട് പറഞ്ഞത്. തിരച്ചില്‍ വൈകിയതിന് കാരണം മന്ത്രിമാരുടെ നിലപാടാണെന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു സൂപ്രണ്ട്.
'തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോള്‍ വിവരങ്ങള്‍ കൈമാറിയത് ഞാനാണ്. പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചത്,'- ജയകുമാര്‍ പറഞ്ഞു.
ഈ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുക സാധ്യമായിരുന്നില്ല. ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകള്‍ ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നുകൊടുത്തിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കെട്ടിടത്തില്‍ നിന്നും ആളുകളെ പൂര്‍ണമായും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെതന്നെ, ഏകദേശം 10 മിനിറ്റിനുള്ളില്‍ രണ്ടുനിലകളിലായി ഉണ്ടായിരുന്ന നൂറോളം രോഗികളെ അവിടെനിന്നും മാറ്റാനായി. മൊത്തം 330 രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട് എന്നും സൂപ്രണ്ട് പറഞ്ഞു.
ബലക്ഷയം ശ്രദ്ധയില്‍ പെടുത്തി
2012 ലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോയിന്‍ ചെയ്യുന്നതെന്നും, ബില്‍ഡിംഗിന്റെ ബലക്ഷയം സംബന്ധിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോര്‍ട്ട് ലഭിച്ചതെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.
ശസ്ത്രക്രിയ വിഭാഗങ്ങള്‍ മാറ്റിയിട്ടുണ്ട്. 8 തിയറ്ററുകളില്‍ രണ്ട് ഷിഫ്റ്റുകളായി ശസ്ത്രക്രിയകള്‍ വേഗത്തിലാക്കും. 564 കോടി രൂപയുടെ അനുമതി പുതിയ കെട്ടിടത്തിന് കിട്ടിയെങ്കിലും കോവിഡ് കാരണം നടന്നില്ല. ശുചിമുറി ആളുകള്‍ ഉപയോഗിച്ചിരുന്നിരിക്കാം. 10 ാം വാര്‍ഡില്‍ ഉള്ളവരാണ് ഉപയോഗിച്ചത്. പൂര്‍ണ തോതില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
'ഞാനാണ് അവിടെ ആദ്യം എത്തുന്നത്. അവിടെ കൂടി നിന്നവരോട് അന്വേഷിച്ചു. ആരും ഇല്ലെന്ന് പറഞ്ഞു. ഫയര്‍ ഫോഴ്‌സ്, പൊലീസ് എന്നിവര്‍ ഉണ്ടായിരുന്നു. അടിയില്‍ ആരും കാണാന്‍ സാധ്യതയില്ല എന്നാണ് എല്ലാവരും പറഞ്ഞത്. അതിനടിസ്ഥാനത്തിലാണ് ആരും ഇല്ലെന്ന് പറഞ്ഞത്. ഒരു കുട്ടിയുടെ അമ്മ മിസ്സിംഗ് ആണെന്ന് സംശയം പറഞ്ഞു. പിന്നെ കാഷ്വാലിറ്റിയില്‍ അമ്മയെ കണ്ടെത്തി എന്നും പറഞ്ഞു. മിസ്സിംഗ് അറിയാന്‍ താമസിച്ചു. സംഭവം നടന്നത് രാവിലെ 10.50 നാണ്. 10.51ന് പൊലീസിനെയും 10.55ന് ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. 11.03 ന് ഫയര്‍ ഫോഴ്‌സ് വന്നു. 15 മിനിറ്റ് കൊണ്ട് ഫയര്‍ഫോഴ്‌സ് എത്തി. ഈ സമയം കൊണ്ട് മൂന്നു വാര്‍ഡുകളിലെയും ആളുകളെ മാറ്റി'യെന്നും സൂപ്രണ്ട് പറഞ്ഞു.
ബിന്ദുവിന്റെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന്
മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇവിടെ നിന്ന് മാറ്റുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു പ്രതിഷേധം. മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയെ ശക്തമായി വിമര്‍ശിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം ആംബുലന്‍സ് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിന്റെ മൃതദേഹവുമായി പോയി.
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകള്‍ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക് രൂപഷം സര്‍ക്കാര്‍ വഹിക്കണമെന്നും നവമിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. അതിനിടെ ആരോഗ്യ മന്ത്രിയെ പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ബിന്ദുവിന്റെ മൃതദേഹം മുട്ടുച്ചിറ ഹോളി ഹോസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിക്കുക. രാവിലെ 8 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക്.
ആരും കുടുങ്ങിയില്ലെന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരപ്രകാരം
കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പലും സൂപ്രണ്ടുമാണ് അങ്ങനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരണം നടത്തിയത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ പരിശോധിക്കാം എന്ന് കൂടി പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംഭവം നടന്ന ഉടന്‍ താന്‍ സ്ഥലത്തെത്തിയെന്നും മന്ത്രി പറഞ്ഞു. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നെയാണ് കുട്ടിയുടെ അമ്മയെ കാണാനില്ലെന്ന വിവരം കിട്ടിയത്. ആദ്യം മുതല്‍ തന്നെ ജെസിബി എത്തിക്കാന്‍ നോക്കി. എന്നാല്‍ ജെസിബി എത്തിക്കാന്‍ പ്രയാസമുണ്ടായി. ഗ്രില്‍ കട്ട് ചെയ്താണ് ജെസിബി എത്തിച്ചത്. തകര്‍ന്ന കെട്ടിടം പഴയ ബ്ലോക്കിലാണ്. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ട്. ആദ്യകാലത്ത് നിര്‍മിച്ച ഈ കെട്ടിടത്തിന് 68 വര്‍ഷത്തോളം പഴക്കമുണ്ട്. കാലപ്പഴക്കം കൊണ്ട് ഈ കെട്ടിടം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സംഭവം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. അഗ്‌നിശമന സേനയുമായി ആലോചിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. ദുരന്തനിവാരണ ഗൈഡ്ലൈന്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. മുന്‍ കാലത്ത് നിര്‍മിച്ച കെട്ടിടമായതിനാലാണ് ഇവിടേയ്ക്ക് റോഡ് ഇല്ലാത്തത്. ഓപ്പറേഷന്‍ തീയറ്റര്‍ കൂടി പണി കഴിഞ്ഞ ശേഷം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇനി അതിന് കാത്തുനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.