- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടെ പുള്ളാരെ നിയന്ത്രിച്ച് നീ ഇവിടെ പ്രിൻസിപ്പൽ ആയി വിലസേണ്ട; നീയൊരു പെണ്ണായതു കൊണ്ടാണ്, ആണായിരുന്നെങ്കിൽ എന്നേ കൊന്ന് തള്ളുമായിരുന്നു'; കാസർകോട് ഗവ. കോളേജിൽ അതിക്രമിച്ച് കയറിയ ലീഗ് പ്രവർത്തകരെ ചോദ്യം ചെയ്ത പ്രിൻസിപ്പലിന് കിട്ടിയ ശിക്ഷ
കാസർകോട് : കാസർകോട് ഗവ.കോളേജിൽ പ്രിൻസിപ്പലിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്തതായി പരാതി. ക്ലാസ്സ് മുറിയിൽ അതിക്രമിച്ചു കയറി യോഗം ചേർന്നത് ചോദ്യം ചെയ്തതാണ് പ്രിൻസിപ്പലിനെ തടഞ്ഞു വയ്ക്കാൻ കാരണം. പ്രിൻസിപ്പൽ ഡോ.എം.രമ കാസർകോട് എസ്പി.ക്കും സിഐക്കുമാണ് പരാതി നൽകിയത് ബുധനാഴ്ച്ച ഉച്ചയ്ക്കുശേഷം 3 മണിയോടെയാണ് പരാതിക്ക് കാരണമായ സംഭവം ഉണ്ടയത്.
പ്രിൻസിപ്പൽ ഡോ.എം.രമയുടെ പരാതി ഇങ്ങനെ
കോളേജിന്റെ മെയിൻ ബ്ലോക്കിന്റെ മെയിന്റനൻസ് പണി നടക്കുന്നത് നോക്കാൻ കോളേജ് പ്രിൻസിപ്പൽ ഡോ.എം.രമ അറ്റന്റർ രാജേഷുമൊത്ത് നടന്ന് പോകുന്ന നേരം 22-ാം നമ്പർ ക്ലാസ്സ് മുറിയിൽ കോളേജിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത കുറേപ്പേർ കൂടിയിരിക്കുകയും നിൽക്കുകയും ചെയ്യുന്നതുകണ്ട്,പ്രിൻസിപ്പൽ 'ആരാണ് നിങ്ങളെല്ലാം എന്തിനാണ് ഇവിടെ അനുവാദമില്ലാതെ ക്ലാസ്സിൽ കയറിയത്? ' എന്ന് ചോദിച്ചപ്പോൾ, 'നീയാരാണ് അത് ചോദിക്കാൻ, ഇത് ഞങ്ങളുടെ കോളേജാണ്, ഞങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ ഇവിടെ കയറി വരും. ഇഷ്ടമുള്ളത് ചെയ്യും' എന്ന് ആക്രോശിച്ചു കൊണ്ട് അവർ എന്റെ നേരെ പാഞ്ഞടുക്കുകയും ചുറ്റും നിന്ന് തടഞ്ഞു നിർത്തുകയും കയ്യുയർത്തി എന്നെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നെ അടിക്കാൻ വന്നവരെ 'അടിക്കണ്ട, സാരി പിടിച്ച് വലിച്ചു എന്ന് പറഞ്ഞ് കേസ് കൊടുക്കും എന്നു പറഞ്ഞ്' അവർക്കിടയിൽ തന്നെയുള്ള ചിലർ തടഞ്ഞു.
നേരത്തെ കോളേജിൽ വിദ്യാർത്ഥിയായിരുന്ന എം.എസ്. എഫ്. നേതാവ് താഹ ചേരൂർ, അറഫാത്തുകൊവ്വൽ, അനസ് , ഇർഷാദ് എന്നിവരും കണ്ടാലറിയാവുന്ന മുതിർന്ന പാർട്ടിക്കാർ എന്നു തോന്നിപ്പിക്കുന്ന മുപ്പതോളം പേരും, കോളേജ് വിദ്യാർത്ഥികളും എം എസ് എഫ് നേതാക്കളായ ഷഹബാസ് അബ്ദുള്ള , ഇർഫാൻ എന്നിവരുമാണ് തന്നെ ആക്രമിച്ച് ദേഹോപദ്രവം ഏല്പിക്കാൻ ശ്രമിച്ചത് എന്ന് പ്രിൻസിപ്പൽ
പരാതിയിൽ പറയുന്നു .
'ഞങ്ങളുടെ പുള്ളാരെ നിയന്ത്രിച്ച് നീ ഇവിടെ പ്രിൻസിപ്പലായി വിലസണ്ട; കൊല്ലുക തന്നെ ചെയ്യും' എന്ന് ആക്രോശിച്ച് അനസും ഇർഷാദും ഭീഷണിപ്പെടുത്തി. 'കോളേജിന് വലിയ ഗ്രേഡ് ഒക്കെയുണ്ടെന്ന് പറഞ്ഞ് നീ ഞെളിയണ്ട. ഇനി ഞങ്ങൾ അലമ്പാക്കും' എന്നൊക്കെയാണ് താഹ ചേരൂർ ഭീഷണിപ്പെടുത്തിയത്. 'നീയൊരു പെണ്ണായതു കൊണ്ടാണ് ആണായിരുന്നെങ്കിൽ എന്നേ കൊന്ന് തള്ളുമായിരുന്നു ' എന്നാണ് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് ഭീഷണിപ്പെടുത്തിയത്.
ബഹളം കേട്ട് കോളേജ് അദ്ധ്യാപകരായ എം.സി.രാജു, ബാലകൃഷ്ണൻ, അനൂപ്, വിനോദ് തുടങ്ങിയവരും മറ്റു സ്റ്റാഫും അവിയെത്തിയപ്പോൾ ' ഞങ്ങൾ ഇനിയും വരും നിന്നെ വെറുതെ വിടില്ല' എന്ന് ഭീഷണിപ്പെടുത്തി അവർ കോളേജിൽ നിന്നും പുറത്തു പോയി .
കോളജിൽ വലിയ രീതിയിൽ ശല്യമുണ്ടാക്കുന്നതു കൊണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പരാതികളുണ്ടായതിനാൽ കോളേജിൽ ഔട്ട് സൈഡേഴ്സ് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ നടത്താൻ ആർക്കും കോളേജിൽ അനുവാദം കൊടുക്കാറില്ല
കോളേജിൽ ചിലർ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ട് എന്ന വിവരം ലഭിച്ചതിന്റെ പേരിൽ പൊലീസ് നിർദ്ദേശത്തെത്തുടർന്ന് കോളേജ് അദ്ധ്യയനം കഴിഞ്ഞ് 5 മണിക്കു ശേഷം കോളേജിന്റെ ഗേറ്റുകൾ അടച്ചിടുന്നുണ്ട്. ഇതിന്റെ പേരിൽ എം.എസ് എഫ് ഉൾപ്പെടെയുള്ള ചില വിദ്യാർത്ഥി സംഘടനകളുടെ നേതാക്കൾ പ്രിൻസിപ്പലിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കാനൊരുങ്ങുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നു. തന്റെ ജീവനും കോളേജിന്റെ സുഗമമായ പ്രവർത്തനത്തിനും പൊലീസ് സംരക്ഷണം നൽകണമെന്നും പ്രിൻസിപ്പൽ ഡോ.എം.രമ ആവശ്യപ്പെട്ടു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്