- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം തിരുത്തി ക്യാപ്ടൻ പിണറായി; കേരളം ചുവപ്പിച്ച് ഉജ്ജ്വല വിജയം നേടി എൽഡിഎഫിന് തുടർഭരണം; തകർന്നു തരിപ്പണമായി യുഡിഎഫ്; ഇടതു തേരോട്ടത്തിൽ കരിഞ്ഞുണങ്ങി താമരയും; അരുവിക്കരയിൽ ശബരിനാഥിനും തൃത്താലയിൽ വി ടി ബൽറാമിനും തോൽവി; കുണ്ടറയിൽ മേഴ്സിക്കുട്ടിയെ അട്ടിമറിച്ച് പി സി വിഷ്ണുനാഥ്; പി സി ജോർജ്ജിന്റെ ഒറ്റയാൾ പോരാട്ടത്തിനും അവസാനം
തിരുവനന്തപുരം: ചരിത്രം തിരുത്തി കേരളത്തിന്റെ ക്യാപ്ടൻ പിണറായി വിജയൻ. ഇടതു തേരോട്ടത്തിൽ യുഡിഎഫിന്റെ കോട്ട കൊത്തളങ്ങൾ തകർന്നടിഞ്ഞു. കഴിഞ്ഞ തവണ നേടിയ 91 സീറ്റുകളേക്കാൾ കൂടുതൽ സീറ്റുകളിൽ വിജയം നേടുമെന്ന് ഉറപ്പിച്ചാണ് എൽഡിഎഫ് തുടർഭരണം ഉറപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതിയാണ് ഇടതുപക്ഷത്തിൽ ജനം വിശ്വാസമർപ്പിച്ചത്. നാൽപ്പത് വർഷത്തിനു ശേഷമാണ് ഒരു മുന്നണിക്ക് കേരളത്തിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. എൽഡിഎഫിന് വീണ്ടും ഭരണം ലഭിക്കുന്നത് ചരിത്രത്തിലാദ്യമായും.
അവസാനഘട്ട കണക്കുകൾ പുറത്തുവരുമ്പോൾ 97 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് 43 സീറ്റിൽ മാത്രം മുന്നിട്ടു നിൽക്കുമ്പോൾ എൻഡിഎ സമ്പൂർണ പരാജയം രുചിച്ചു. നേമത്ത് ഒ രാജഗോപാലിലൂടെ വിടർന്ന താമരയാണ് ഇടതു തരംഗം തല്ലിത്തകർത്തത്. കണ്ണൂരിൽ പതിനൊന്നിൽ പത്ത്, തിരുവനന്തപുരത്ത് 14-ൽ 13, കൊല്ലത്ത് പതിനൊന്നിൽ 10, ആലപ്പുഴയിൽ ഒമ്പതിൽ ഏഴ്, പാലക്കാട് പന്ത്രണ്ടിൽ 9, തൃശൂരിൽ 13-ൽ 12. അവസാന കണക്കുകൾ പുറത്തുവരുമ്പോൾ എറണാകുളം, വയനാട്,മലപ്പുറം ജില്ലകളിൽ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാനായിട്ടുള്ളത്.
നിരവധി അട്ടിമറികളാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. മുപ്പതു വർഷത്തിനുശേഷം അരുവിക്കര പിടിച്ചെടുത്ത് എൽഡിഎഫ്. യുഡിഎഫിന്റെ കെ.എസ്.ശബരിനാഥനെ ജി.സ്റ്റീഫൻ പരാജയപ്പെടുത്തി. അഴീക്കോട് യുഡിഎഫ് സ്ഥാനാർത്ഥി കെ.എം.ഷാജിയെ എൽഡിഎഫിന്റെ കെ.വി.സുമേഷ് തോൽപ്പിച്ചു. വാശിയേറിയ പോരാട്ടം തുടരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് ലീഡ് നേടിയിട്ടുണ്ട്.
ഒരുഘട്ടത്തിൽ 7000 വോട്ട് വരെ ലീഡുനില ഉയർത്തിയാണ് ശ്രീധരൻ ശക്തമായ മൽസരം കാഴ്ചവച്ചത്. അതേസമയം, കേരള കോൺഗ്രസ് എം അഭിമാനപോരാട്ടം കാഴ്ചവച്ച പാലായിൽ ജോസ് കെ.മാണി പരാജയപ്പെട്ടു. എൻസിപിയിൽനിന്ന് രാജിവച്ച് യുഡിഎഫിനു വേണ്ടി മൽസരിച്ച മാണി സി. കാപ്പനോട് പതിനായിരത്തിലേറെ വോട്ടിനാണ് പരാജയം.
നിലമ്പൂരിൽ എൽഡിഎഫിന്റെ പി.വി.അൻവർ 2794 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ച വി.വി.പ്രകാശിനെയാണ് അൻവർ പരാജയപ്പെടുത്തിയത്. പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥി പി.സി.ജോർജിന് തോൽവി. എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 11,404 വോട്ടിനാണ് വിജയിച്ചത്. അതിനിടെ, എൽഡിഎഫ് പാനലിൽ മൽസരിച്ച മന്ത്രിമാരെല്ലാം വൻലീഡാണ് നേടിയത്. ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയുടെ ലീഡ് 30,000 കടന്നു. മട്ടന്നൂരിൽ കെ.കെ.ശൈലജ വൻ വിജയമാണ് നേടിയത്.
അമ്പതുകൊല്ലത്തിലേറെ നീണ്ട കുടുംബ വാഴ്ച അവസാനിപ്പിക്കാൻ 18 മാസത്തെ അധ്വാനം മാത്രം മതിയെന്നു തെളിയിച്ച് മാണി സി. കാപ്പൻ വീണ്ടും പാലായുടെ എംഎൽഎയായി. സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിലും 13000ത്തിലേറെ വോട്ടിന്റെ അമ്പരപ്പിക്കുന്ന വിജയമാണ് കാപ്പൻ സ്വന്തമാക്കിയത്. കെ.എം. മാണിയുടെ മകൻ എന്ന ലേബലിൽ എത്തിയ ജോസ് കെ. മാണിയെ അട്ടിമറിച്ചാണ് വിജയമെന്നത് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. സിറ്റിങ് സീറ്റ് നിലനിർത്തുന്നതിന് അട്ടിമറിയെന്ന് വിശേഷിപ്പിക്കാവുന്ന ഏക വിജയവും മാണി സി. കാപ്പന്റെയാണ്.
പ്രധാന സ്ഥാനാർത്ഥികളായ മാണി സി. കാപ്പനും ജോസ് കെ. മാണിയും മുന്നണി മാറിയാണ് മത്സരിച്ചതെങ്കിലും അതിന്റെ ദോഷം ഏറെ അനുഭവിക്കേണ്ടി വന്നത് ജോസ് കെ. മാണിക്കാണെന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. 18 മാസം മുമ്പുയർന്ന കോഴ മാണിയെന്ന ആർപ്പുവിളി പൊടുന്നനെ സഖാവ് മാണിയെന്നാക്കിയതിലുള്ള അമർഷം ഇടതുപ്രവർത്തകർ പ്രകടിപ്പിച്ചുവെന്നും ഫലം വ്യക്തമാക്കുന്നു. പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മാണി സി. കാപ്പൻ വോട്ടെണ്ണലിന്റെ തലേന്നു തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയത്തിൽ അദ്ദേഹത്തിന് ഒരു സമയത്തും സംശയമുണ്ടായിരുന്നില്ല. പാലായിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് പാലാക്കാർ അംഗീകാരം നൽകുമെന്നായിരുന്നു ഉറച്ച വിശ്വാസം.
ജോസ് കെ. മാണിയെ മാത്രം ലക്ഷ്യമിട്ട് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി, സിപിഎം പാർട്ടികളെ കുറ്റപ്പെടുത്താതിരിക്കാൻ കാപ്പൻ പക്ഷം തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. പ്രത്യക്ഷമല്ലെങ്കിലും സ്ഥാനാർത്ഥികളെ ചൊല്ലി അസ്വാരസ്യമുണ്ടായ ഈ പാർട്ടികളിൽ നിന്ന് ചോർന്നു കിട്ടാവുന്ന വോട്ടായിരുന്നു ലക്ഷ്യം. എസ്.എൻ.ഡി.പി, എൻ.എസ്.എസ് വോട്ടുകളിലെ ഭൂരിപക്ഷവും ലഭിച്ചിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. ആകെ പോൾ ചെയ്തതിൽ പകുതി വോട്ടും തങ്ങൾക്കാണെന്നും അവർ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ