- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ നേട്ടം കൊയ്ത് സിപിഐ; മൻസ ജില്ലയിലെ ജോഗയിൽ 13 സീറ്റുകളിൽ 12 സീറ്റിലും വിജയിച്ചത് പാർട്ടി പിന്തുണച്ച സ്വതന്ത്രർ; പഞ്ചാബിലെ ചെങ്കോട്ടയിൽ തുടർച്ചയായ വിജയം നേടി കമ്മ്യൂണിസ്റ്റുകാർ
അമൃത്സർ: പാർട്ടി ചിഹ്നത്തിൽ അല്ലെങ്കിലും പഞ്ചാബിൽ നേട്ടം കൊയ്ത് സിപിഐയും. മൻസ ജില്ലയിലെ ജോഗയിൽ നടന്ന നഗർ പഞ്ചായത്തിൽ 13 സീറ്റുകളിൽ 12 എണ്ണത്തിലും സിപിഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഇടതുപക്ഷ സ്ഥാനാർത്ഥികൾ സെമി അർബൻ ടൗണിൽ വിജയം നേടുന്നത്. 2015 ൽ സിപിഐ പാനൽ 13 സീറ്റുകളിൽ ഒമ്പത് നേടിയിരുന്നു. വിജയിച്ച പാനലിൽ ആറ് വനിതാ സ്ഥാനാർത്ഥികളുണ്ട്.
ഇത്തവണ വോട്ടർമാർ ഞങ്ങളിൽ കൂടുതൽ വിശ്വാസം അർപ്പിച്ചു. കോൺഗ്രസിനെയും ശിരോമണി അകാലിദളിനെയും (എസ്എഡി) തൂത്തെറിഞ്ഞാണ് ജനവിധി. കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവർ ഞങ്ങളിൽ വിശ്വാസം അർപ്പിച്ചത്," പത്താം നമ്പർ വാർഡിൽ മത്സരിച്ച് വിജയിച്ച ഗുർമീത് സിങ് പറഞ്ഞു. ഗുർമീത്തിന്റെ ഭാര്യ ഗുർമെൽ കൗർ നാലാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടയേർഡ് അദ്ധ്യാപികയാണ് ഇവർ. മൻസ ഇടതുപക്ഷത്തിന്റെ ഒരു കോട്ടയാണ്, മൂന്ന് തവണ എംഎൽഎയായ ജംഗിർ സിങ് ജോഗ ജോഗാ ഗ്രാമവാസിയാണ്. ശിരോമണി അകാലിദളും കോൺഗ്രസും സ്വന്തം ചിഹ്നത്തിലല്ല ജോഗയിൽ മത്സരിച്ചത്.
പഞ്ചാബ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമ്പത് വോട്ടുപോലും തികയ്ക്കാതെയാണ് റാഹോൺ മുൻസിപ്പൽ കൗൺസിലിലെ ബിജെപിയുടെ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. റാഹോണിലെ 13 വാർഡുകളിൽ കോൺഗ്രസിന് ഏഴും, ശിരോമണി അകാലിദളിന് നാലും ബഹുജൻ സമാജ്വാദി പാർട്ടിക്ക് 2 ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ഈ വാർഡുകളിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥികൾക്ക് അമ്പത് വോട്ടു പോലും തികയ്ക്കാനായില്ല.
റാഹോണിൽ പാരാജയം ഭയന്ന് ബിജെപിയുടെ പല സ്ഥാനാർത്ഥികളും സ്വതന്ത്രരായി മത്സരിച്ചിരുന്നു. 53 വർഷത്തിന് ശേഷം ആദ്യമായി കോൺഗ്രസിന് ബതിന്ദ ഭരിക്കാനാകുമെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെച്ചത്. ഏഴ് മുൻസിപ്പൽ കോർപ്പറേഷനിൽ ആറെണ്ണത്തിലും കോൺഗ്രസാണ് വിജയിച്ചത്. മൊഗ, ഹോഷിയാർപൂർ, കപൂർത്തല, അഭോർ, പത്താൻകോട്ട്, ബതിന്ദ എന്നിവിടങ്ങളിലാണ് വിജയം.
മറുനാടന് മലയാളി ബ്യൂറോ