കൊൽക്കത്ത: നാല് പേരെ ആക്രമിച്ച പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു. പശ്ചിമ ബംഗാളിലെ ഡാർജീലിങ്ങിലാണ് സംഭവം. ഡാർജീലിങിലെ ഗംഗാറാംപുരിലാണ് പുലിയിറങ്ങിയത്. പുലിയുടെ ആക്രമണത്തിൽ വൃദ്ധനടക്കം നാല് പേർക്ക് പരിക്കേറ്റു.

ഗംഗാറാംപൂർ തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടിൽ നിന്നാണ് പുലി പുറത്തു വന്നത്. പിന്നീട് പ്രദേശത്തുള്ള രംഗപഞ്ച് കാൻസർ ആശുപത്രിക്ക് സമീപത്ത് അഭയം തേടി.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കുടുക്കാൻ ശ്രമം നടത്തി. അതിനിടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നേരെ പുലി തിരിഞ്ഞത്. ഇവിടെ വച്ച് മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും മറ്റൊരു വൃദ്ധനേയുമാണ് പുലി ആക്രമിച്ചത്.

ഇതിന് പിന്നാലെയാണ് പുലിക്ക് നേരെ ഉദ്യോഗസ്ഥർ വെടിയുതിർത്തത്. ഈ വെടിവപ്പിലാണ് പുലി ചത്തത്. ആത്മരക്ഷാർത്ഥമാണ് വെടിവച്ചതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ വ്യക്തമാക്കി.