- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരയിടത്തിലെ മഞ്ഞൾ കൃഷിയിലേക്ക് ഇറങ്ങിയ റോസിലി അനക്കം കണ്ടു നോക്കിയപ്പോൾ കണ്ടത് ചാടി വീഴാൻ തയ്യാറായിരിക്കുന്ന പുലിയെ; ചീറ്റിക്കൊണ്ട് ചാടി വീണുള്ള ആക്രമണത്തിൽ ഇടംകൈയിൽ ആഴത്തിൽ മുറിവേറ്റു; ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ റോസിലി; പ്ലാമുടിയെ നടുക്കി പുലിയാക്രമണം
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ വീട്ടമ്മയെ പുലി ആക്രമിച്ചു. ചേറ്റൂർ മാത്യുവിന്റെ ഭാര്യ റോസിലിയെ ആണ് സ്വന്തം പുരയിടത്തിൽ നാലു മണിയോട് കൂടി പുലിയുടെ ആക്രമണം ഉണ്ടായത്. പുരയിടത്തിലെ മഞ്ഞൾ കൃഷിയിലേക്ക് ഇറങ്ങിയ റോസിലി അനക്കം കണ്ടു നോക്കിയപ്പോൾ പുലി നേരെ ചാടി അടുക്കുകയായിരുന്നു.
വീട്ടമ്മയുടെ ഇടതുകൈ മുതൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഉടനെ തന്നെ കോതമംഗലം ധർമഗിരി ഹോസ്പിറ്റൽ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ കുറേ നാളുകളായി കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ പുലിയുടെ ഭീഷണി നിലനിൽക്കുകയാണ്. പുലിയെ പിടിക്കാൻ വനപാലകർ കൂടി സ്ഥാപിച്ചെങ്കിലും ഇതുവരെയും പുലി കെണിയിൽ വീണിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകളുടെ വീടുകളിലും വളർത്തുമൃഗങ്ങളെ പുലി കൊണ്ടുപോയിരുന്നു. തുടർന്ന് ഫോറസ്റ്റ് പട്രോളിങ് ശക്തമാക്കി എങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല എന്നാണ് വനപാലകർ പറയുന്നത്. ഇതാദ്യമായിട്ടാണ് ഒരു വന്യമൃഗ ആക്രമണം കോട്ടപടി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.
ഇത്രയും നാൾ വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലി മനുഷ്യനെ ആക്രമിച്ചത് ജനങ്ങളെ മൊത്തത്തിൽ ഭീതിപ്പെടുത്തി ഇരിക്കുകയാണ്. അടിയന്തരമായി പുലിയെ പിടിക്കാൻ ഉള്ള നടപടികൾ ഉണ്ടാകണം എന്നാണ് ജനങ്ങളുടെ ആവശ്യം.
മറുനാടന് മലയാളി ലേഖകന്.