തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ടു നടന്നത് നഗ്നമായ വിദേശകാര്യ ചട്ട ലംഘനം. ഇതിന് നേതൃത്വം നൽകിയത് യുഎഇ കോൺസുലർ ജനറൽ നേരിട്ടാണെന്നാണ് വ്യക്തമാകുന്നത്. ഇതോടെ സ്വർണ്ണ കടത്തിൽ കോൺസുലർ ജനറലിനുള്ള പങ്കും സംശയത്തിന്റെ നിഴലിലാകുകയാണ്. സ്വപ്‌നാ സുരേഷ് എന്തു പറഞ്ഞാലും ചെയ്യുന്ന വ്യക്തിയായിരുന്നു കോൺസുലർ ജനറലെന്ന സൂചനകളാണ് കരാറുമായി ബന്ധപ്പെട്ടുള്ള അട്ടിമറി നീക്കങ്ങളുടെ പുതിയ വിവരങ്ങൾ പുറത്ത് വരുമ്പോൾ തെളിയുന്നത്.

ഫ്‌ളാറ്റ് നിർമ്മാണത്തിൽ യൂണിടാക്കുമായി കരാർ ഒപ്പുവച്ചത് യുഎഇ കോൺസുൽ ജനറലാണെന്ന വിവരമാണ് പുറത്ത് വരുന്നത്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനും കോൺസുൽ ജനറലും തമ്മിലാണ് 2019 ജൂലൈ 31 ന് കരാർ ഒപ്പിട്ടത്. അതായത് മറ്റൊരു രാജ്യത്തിന്റെ ഭാഗമായ കോൺസുലേറ്റ് നേരിട്ടാണ് ഒരു കരാറുകാരന് കരാർ നൽകിയിരിക്കുന്നതെന്നാണ് വിവരം. ഇത് ഗുരുതരമായ നയതന്ത്ര വീഴ്ചയാണ്. കേന്ദ്ര സർക്കാർ അറിയാതെ എങ്ങനെ ഇത് സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഇക്കാര്യത്തിൽ യുഎഇയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിക്കും. കോൺസുലർ ജനറലിനെ ഈ വിഷയത്തിൽ ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യതയും അറിയിക്കും. കോൺസുലർ ജനറലിനെതിരെ ഒട്ടേറെ വെളിപ്പെടുത്തൽ സ്വപ്‌ന നൽകിയിട്ടുണ്ട്.

ലൈഫ് മിഷനിൽ റെഡ് ക്രസന്റുമായാണ് സർക്കാർ ധാരണ പത്രം ഒപ്പിട്ടിരുന്നത്. എന്നാൽ ഉപകരാർ നൽകിയപ്പോൾ റെഡ് ക്രസന്റും സർക്കാരും ചിത്രത്തിലില്ലാതാകുകയും കോൺസുലേറ്റും ഒരു കമ്പനിയും തമ്മിലുള്ള കരാറായി ഇത് മാറുകയും ചെയ്തു. റെഡ് ക്രസന്റ് നിർമ്മാണത്തിന് പണം നൽകുമെന്നൊരു പരാമർശം മാത്രമാണുള്ളത്. കരാറുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റ് ചെയ്യേണ്ട കാര്യമാണ് യുഎഇ കോൺസുൽ ചെയ്തത്. ഇത് തീർത്തും നിയമ വിരുദ്ധമാണ്. യുഎഇ സർക്കാരിന്റെ അനുമതിയോടെയാണോ ഇത് സംഭവിച്ചതെന്ന് കേന്ദ്ര സർക്കാർ അന്വേഷിക്കുന്നുണ്ട്. വിദേശകാര്യ തലത്തിൽ ഈ വിഷയം ചർച്ചയാക്കും. നയതന്ത്ര ചട്ടങ്ങളുടെ ലംഘനം നടത്തിയ കോൺസുലർ ജനറലിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെടും.

ലൈഫ് മിഷനിൽ ക്രസന്റും യുഎഇ കോൺസുലേറ്റും തമ്മിൽ മറ്റ് ഏതെങ്കിലും രീതിയിലുള്ള കരാർ ഉണ്ടാക്കിയിട്ടുണ്ടോയെന്ന കാര്യം യുഎഇ കോൺസുലേറ്റ് വ്യക്തമാക്കേണ്ടതുണ്ട്. അത്തരത്തിൽ ഒരു ധാരണയുടെ രേഖ ഇതുവരേയും സർക്കാരോ ലൈഫ് മിഷനോ കോൺസുലേറ്റോ കരാർ എടുത്തവരോ പുറത്ത് വിട്ടിട്ടില്ല. ഉപ കരാറിലെ ഒന്നാം കക്ഷി യുഎഇ കോൺസുൽ ജനറലും രണ്ടാംകക്ഷി യുണിടാക്കുമാണ്. സ്വപ്‌നാ സുരേഷിന്റെ ഇടപെടൽ മാത്രമാണ് ഇതിന് കാരണം. ഇതോടെ നാല് കോടിയുടെ കമ്മീഷൻ വാങ്ങലിന് പുതിയ മാനം വരും. കോൺസുലർ ജനറലിനും കമ്മീഷൻ കിട്ടയെന്ന ആരോപണം ശക്തമാണ്. അതിനിടെ ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ റെഡ്ക്രസന്റ് സഹായം സ്വീകരിച്ചതിൽ കേന്ദ്രം രേഖാമൂലം കേരളത്തെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന.

റെഡ്ക്രസന്റ് ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കുള്ള യാത്ര ഉൾപ്പടെ കേന്ദ്രം പരിശോധിക്കുന്നു എന്നാണ് സൂചന. ലൈഫ് മിഷൻ പദ്ധതിക്ക് 20 കോടി രൂപ റെഡ്ക്രസന്റിൽ നിന്ന് വാങ്ങാൻ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം പരിശോധിച്ചത്. വിദേശസർക്കാരുകളിൽ നിന്നോ സംഘടനകളിൽ നിന്നോ ധനസഹായം സർക്കാർ സ്വീകരിക്കുമ്പോൾ കേന്ദ്ര അനുമതി അനിവാര്യമാണ്. ഇത് കേരളവും ചെയ്തില്ല. മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാൽ മറ്റു പദ്ധതികളുമായി സഹകരിക്കുമ്പോൾ കേന്ദ്രം അറിഞ്ഞിരിക്കണം.

ലൈഫ് മിഷനെ ദുരിതാശ്വാസ സഹായമായി കണക്കാക്കാൻ കഴയില്ല. റെഡ്ക്രസന്റിന് ഇന്ത്യയിലെ പ്രവർത്തനത്തിന് അനുമതി ഇല്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒപ്പം കരാർ ഒപ്പിടാൻ വന്ന ഉദ്യോഗസ്ഥരുടെ യാത്രാ രേഖകളും വിലയിരുത്തും. സർക്കാരുമായി ഔദ്യോഗിക ഇടപാടുണ്ടാവും എന്നത് വിസ അപേക്ഷയിൽ പറഞ്ഞിരുന്നോ എന്ന് പരിശോധിക്കും. എല്ലാം പരിശോധിച്ചാകും യുഎഇയെ ഇക്കാര്യത്തിലെ നിലപാട് വിദേശകാര്യമന്ത്രാലയം അറിയിക്കുക.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണകരാർ ലഭിക്കാൻ 4.25 കോടി രൂപ കമ്മിഷൻ നൽകേണ്ടിവന്നതായി കരാർ ഏറ്റെടുത്ത കമ്പനിയായ യൂണിടാക് പ്രതിനിധികൾ അന്വേഷണ ഏജൻസികൾക്കു മൊഴി നൽകിയിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ ചോദ്യം ചെയ്യലിലാണു ഭവനരഹിതർക്കു വീടുനിർമ്മിക്കാൻ ലഭിച്ച 20 കോടി രൂപയിൽ ഇത്രയും തുക കമ്മിഷൻ നൽകേണ്ടിവന്നതായുള്ള വെളിപ്പെടുത്തലുണ്ടായത്.

ലൈഫ് മിഷനു വേണ്ടി യുഎഇ റെഡ് ക്രസന്റ് നടപ്പിലാക്കുന്ന പദ്ധതിയുടെ കമ്മിഷൻ തുകയിൽ നിന്നും യുഎഇ കോൺസൽ ജനറലാണ് ഒരു കോടി രൂപ തനിക്കു സമ്മാനമായി നൽകിയതെന്നാണു സ്വപ്ന സുരേഷിന്റെ മൊഴി. ഇതേ കമ്മിഷൻ ഇടപാടിൽ സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായർക്ക് 75 ലക്ഷം രൂപ ലഭിച്ചതായി അന്വേഷണ ഏജൻസികൾ കോടതി മുൻപാകെ വെളിപ്പെടുത്തിയിരുന്നു.