- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ അഴിമതിയിലും എം ശിവശങ്കരന് കുരുക്ക്; കോഴ ഇടപാടിൽ ശിവശങ്കരനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്; സന്തോഷ് ഈപ്പൻ സ്വപ്നക്ക് വാങ്ങി നൽകിയ ഐഫോണുകൾ ഒന്ന് ഉപയോഗിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണെന്നത് അഴിമതിക്ക് തെളിവായി; കേസിൽ കൂടുതൽ വിവരങ്ങൾ തേടി സ്വപ്നയെ ജയിലിൽ എത്തി ചോദ്യം ചെയ്തു വിജിലൻസ് സംഘം
കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ എൻഫോഴ്സ്മെന്റ് കേസിന് പിന്നാലെ എം ശിവശങ്കരന് കുരുക്കായി ലൈഫ് മിഷൻ കോഴ ഇടപാടിലെ കേസും. വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ പ്രതിചേർത്തു. കേസിൽ അഞ്ചാം പ്രതിയായാണ് ശിവശങ്കരനെ വിജിലൻസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ഏജൻസി തന്നെ ശിവശങ്കരനെ പ്രതിചേർത്തതോടെ സർക്കാർ ശരിക്കും വെട്ടിലായി. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സന്ദീപ് നായരും പ്രതിപ്പട്ടികയിൽ ഉണ്ട്.
സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ ഐ ഫോണുകളിൽ ഒരെണ്ണം ഉപയോഗിച്ചിരുന്നത് ശിവശങ്കരനായിരുന്നു. ഇതാണ് കോഴയായി വിലയിരുത്തിയത്. ഇതോടെ പ്രത്യക്ഷത്തിൽ വിജിലൻസ് കേസിൽ പ്രതിയാകുകയും ചെയ്തു. ലൈഫ് മിഷൻ പദ്ധതി കിട്ടാൻ വേണ്ടിയായിരുന്നു സ്വപ്നക്ക് സന്തോഷ് ഈപ്പൻ ഫോൺ വാങ്ങി നൽകിയത്. ഫോൺ കൈപ്പറ്റിയവരുടെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
അതിനിടെ ലൈഫ് കോഴ ഇടപാടിൽ സ്വപ്ന സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യൽ. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ തേടാനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. വിജിലൻസ് ഡി വൈ എസ് പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യലിനായി ജയിലിൽ എത്തിയിരിക്കുന്നത്.അഞ്ചാമത്തെ ഐഫോൺ ആരുടെ കൈയിലാണെന്നാണ് വിജിലൻസ് പ്രധാനമായും അന്വേഷിക്കുന്നത്.
സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകൾ പലർക്കായി കൈമാറിയത് സ്വപ്നയാണ്. അതുകൊണ്ട് തന്നെ ഐഫോണുമായി ബന്ധപ്പെട്ട കൃത്യമായ വിവരം അറിയാവുന്നത് സ്വപ്നയ്ക്ക് മാത്രമാണ്. ഈജിപ്ഷ്യൻ പൗരനടക്കം ഭീമമായ കമ്മിഷൻ കൈമാറിയത് സ്വപ്നയുടെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ വിജിലൻസ് ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്.
യു.എ.ഇ. കോൺസുലേറ്റിലേക്കായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയത് ഏഴ് ഐഫോണുകൾ എന്ന കണ്ടെത്തലിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ എത്തിച്ചേർന്നിരുന്നു. ഇതിൽ ഒരു ഫോൺ ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പൻ തന്നെയാണെന്നാണ് സൂചന. ഏഴിൽ ആറു ഫോണിന്റെയും ഉപയോക്താക്കളെ ഇ.ഡി. കണ്ടെത്തി. ശേഷിക്കുന്ന ഒരുഫോണിൽ ബി.എസ്.എൻ.എൽ. നമ്പറാണ് ഉപയോഗിക്കുന്നത്. ഇത് ജിത്തു എന്നുപേരുള്ള ആളാണെന്നാണു സൂചന.
ഇത് ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൂന്ന് ഫോണുകൾ ദുബായ് കോൺസുലേറ്റിൽ നടന്ന നറക്കെടുപ്പിലെ വിജയികൾക്ക് കൊടുത്തു. ഒരു ഫോൺ ശിവശങ്കറിന്റെ കൈയിലായിരുന്നു. മറ്റൊരെണ്ണം കൈമനത്തെ ഒരു വീട്ടിലുണ്ടെന്നും തിരിച്ചറിഞ്ഞു. ഒരെണ്ണം സന്തോഷ് ഈപ്പന്റെ കൈയിലും. ബാക്കിയൊന്ന് ജിത്തുവിന്റെ പേരിലും.
യു.എ.ഇ. ദേശീയ ദിനാഘോഷത്തിനെത്തുന്ന അതിഥികൾക്ക് സമ്മാനിക്കാൻ സ്വപ്നാ സുരേഷിന്റെ നിർദ്ദേശപ്രകാരമാണ് സന്തോഷ് ഈപ്പൻ കൊച്ചിയിൽനിന്ന് ആറു ഐഫോണുകൾ വാങ്ങിനൽകിയത്. കൂട്ടത്തിൽ വിലയേറിയ 1.13 ലക്ഷത്തിന്റെ ഐഫോൺ 11 പ്രോ 256 ജി.ബി.യുടേതായിരുന്നു. ഇത് കോൺസൽ ജനറലിന് സമ്മാനമായി കൊടുക്കാനാണു വാങ്ങിയത്. എന്നാൽ, ഇതിനേക്കാൾ മികച്ച ഫോൺ കോൺസൽ ജനറൽ ആവശ്യപ്പെട്ടതോടെ തിരുവനന്തപുരത്തുനിന്ന് പുതിയ ഫോൺ വാങ്ങിനൽകി. 1.13 ലക്ഷത്തിന്റെ ഫോൺ സന്തോഷ് ഈപ്പൻ സ്വയം ഉപയോഗിക്കാൻ തുടങ്ങി.
സംസ്ഥാന അഡീഷണൽ പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുലേറ്റിൽനിന്ന് ഐഫോൺ ലഭിച്ചിരുന്നു. ഇതിനുപുറമേ ഒരു വിമാനക്കമ്പനി മാനേജർ, തിരുവനന്തപുരത്തെ പരസ്യ ഏജൻസിയിലുള്ള പ്രവീൺ എന്നിവരാണ് മറ്റു ഫോണുകൾ ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ഒരു ഫോണിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പം തിങ്കളാഴ്ചയോടെ പരിഹരിക്കപ്പെടും. ഇത് കൈമനത്തെ വീട്ടിലുണ്ടെന്നാണ് സൂചന. ശിവശങ്കറുമായി ബന്ധപ്പെട്ടാണ് ഈ ഫോൺ ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ