- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ടത് നയപരമായ തീരുമാനം; ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയുടെ പേരിൽ രാഷ്ട്രീയ ഭരണനേതൃത്വത്തിനു മേൽ ഉത്തരവാദിത്തം ചുമത്താൻ സാധിക്കില്ല; ജസ്റ്റിസ് പി സോമരാജന്റെ വിധിയിലെ ഈ പരാമർശങ്ങൾ പിണറായിക്കും കൂട്ടർക്കും പിടിവള്ളിയാകും
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയത് സർക്കാറിന് സാങ്കേതികമായി തിരിച്ചടിയാണെങ്കിലും വിധിയിലെ ചില പരാമർശങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പിടിവള്ളിയാകും. ഭവനപദ്ധതിക്കെതിരായ സിബിഐ അന്വേഷണം തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിബിഐക്ക് കേസുമായി മുന്നോട്ടു പോകാൻ സാധിക്കും.
അതേസമയം പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ട നയപരമായ തീരുമാനത്തിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് ഹൈക്കോടതി വിധിയിൽ ജസ്റ്റിസ് പി സോമരാജന്റെ പരാമർശം. ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയുടെ പേരിൽ രാഷ്ട്രീയ ഭരണനേതൃത്വത്തിനു മേൽ ഉത്തരവാദിത്തം ചുമത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ അഴിമതിയാണിതെന്നും കോടതി വ്യക്തമാക്കി.
ഇതോടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശിവശങ്കരനിലും യുവി ജോസിലും മറ്റു ഉദ്യോഗസ്ഥരിലുമായി ചുരുങ്ങാനും സാധ്യതയേറി. അതേസമയം തന്നെ മുഖ്യമന്ത്രി പിണറായിക്കും മന്ത്രി എ സി മൊയ്തീനും അടക്കമുള്ളവർക്ക് പിടിവള്ളി കൂടിയാണ് ഈ സംഭവം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വയം പ്രതിരോധവുമായി മുന്നോട്ടു പോകാൻ സർക്കാറിന് സാധിക്കും.
അതേസമയം ഉദ്യോഗസ്ഥരെ മാത്രം സിബിഐക്ക് വിട്ടുകൊടുത്താൽ അത് സർക്കാറിന് ഭരണ തലത്തിൽ തിരിച്ചടിയാകാനും സാധ്യതയുണ്ട്. രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി തങ്ങളെ ബലികഴിക്കുകയാണെന്ന ആക്ഷേപം അടക്കം ഉദ്യോഗസ്ഥരിൽ ശക്തമാക്കാൻ ഇത് ഇടയാക്കും. അതുകൊണ്ട് സിബിഐ അന്വേഷണത്തെ ചെറുക്കേണ്ടത് മന്ത്രിമാരുടെ കൂടി ബാധ്യതയായി മാറുമെന്നതും ഉറപ്പാണ്. കേസ് ഗൂഢ രാഷ്ട്രീയലക്ഷ്യങ്ങളോടെ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഉദ്യോഗസ്ഥരെ പിന്തുടർന്ന് കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും സർക്കാർ വാദിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണം നേരത്തേ സ്റ്റേ ചെയ്തിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്. എഫ്.സി.ആർ.എ. ലംഘിച്ചെന്നു കാട്ടി സിബിഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
സിബിഐ പറയുന്നു ഇത് അധോലോകം
വടക്കാഞ്ചേരിയിലെ സർക്കാർ ഭൂമിയിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്ന യുണിടാക് കമ്പനിയുടെ ഉടമയാണ് സിബിഐ കേസിൽ ഒന്നാം പ്രതിയാക്കിയിട്ടുള്ള സന്തോഷ് ഈപ്പൻ. ഇദ്ദേഹത്തിന് പുറമേ യൂണിടാക്കിലെ ജീവനക്കാരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വിദേശ സംഭാവന നിയന്ത്രണ ചട്ടലംഘനത്തിലെ 35(3) വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35ാം വകുപ്പ് പ്രകാരമാണ് സിബിഐ ലൈഫ് മിഷൻ ഇടപാടിൽ അന്വേഷണം നടത്തി വരുന്നത്.
ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാർ നിയമാനുസൃതമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കരാറിൽ പിഴവുകളുണ്ടെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു 20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ 9 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതായി ആരോപണമുന്നയിച്ച് അനിൽ അക്കരെ എംഎൽഎയും സിബിഐയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ലൈഫ് മിഷന്റെ മുൻ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സന്ദീപ് നായർ, യുണിടാക് എംഡി സന്തോഷ് ഈപ്പൻ, ലൈഫ് മിഷൻ അധ്യക്ഷൻ മുഖ്യമന്ത്രി എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് എംഎൽഎ പരാതിയിൽ ആവശ്യപ്പെട്ടത്.
ലൈഫ് മിഷൻ ഇടപാട് അധോലോക ഇടപാടാണെന്നാണ് സിബിഐ കോടതിയിൽ അറിയിച്ചു. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സിബിഐ ഇന്നലെ കോടതിയിൽ പറഞ്ഞത്. ശിവശങ്കരൻ തന്റെ ഓഫീസിലേക്ക് ലൈഫ് മിഷൻ സിഇഒ. യു.വി.ജോസിനേയും ഗീതു എന്ന ഉദ്യോഗസ്ഥയേയും വിളിച്ച് വരുത്തി. അപ്പോൾ മാത്രമാണ് ഇത്തരമൊരു നിർമ്മാണക്കരാറിലേക്ക് എത്തിയ കാര്യം സിഇഒ. ആയ യു.വി.ജോസ് അറിയുന്നത്. കേസിൽ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും സിബിഐ. പറഞ്ഞു.
യു.എ.ഇ കോൺസുലേറ്റിലേക്ക് റെഡ്ക്രസന്റിൽ നിന്ന് പണം വന്നതായി യാതൊരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല. യൂണിടാക്കിന് ലഭിച്ച പണം കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നാണ് റെഡ്ക്രസന്റിൽ നിന്നല്ല. തന്നെയുമല്ല യു.എ.ഇ.കോൺസുൽ ജനറലും യൂണിടാക്കും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന കരാർ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സിബിഐ. പറഞ്ഞു.ഈ കരാറിലേക്ക് യൂണിടാക്കിനെ എത്തിച്ചത് ടെണ്ടറിന്റെ പിൻബലത്തിലല്ല. ടെണ്ടർ നടപടികളുണ്ടായിട്ടില്ല. കമ്മീഷൻ ഉറപ്പിച്ച ശേഷം നടന്ന കരാറാണ് ഇതെന്നാണ് സിബിഐ. വാദം. 40 ശതമാനം കമ്മീഷൻ പോയ പദ്ധതിയാണ് ഇത്. 20 ശതമാനം കോൺസുൽ ജനറലിനും 10 ശതമാനം സ്വപ്നയ്ക്കും കമ്മീഷനായി ലഭിച്ചെന്നും സിബിഐ. പറഞ്ഞു.
കരാറുമായി ബന്ധപ്പെട്ട് യുണിടാക്ക് ആദ്യം സമീപിക്കുന്നത് സന്ദീപ് നായരെയാണ്. പിന്നീട് സരിത്തിനെയും സ്വപ്നയെയും കണ്ടു. ഇവരെല്ലാം തന്നെ കുപ്രസിദ്ധ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്. കരാറിലേർപ്പെട്ട ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികൾക്കായി സ്വപ്ന സുരേഷ്, യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ വിളിച്ച് എം.ശിവശങ്കറിനെ കാണണമെന്ന് ആവശ്യപ്പെട്ടതായും സന്തോഷ് ഈപ്പന്റെ മൊഴി ഉദ്ധരിച്ച് സിബിഐ. പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ എം.ശിവശങ്കറിനെ സന്തോഷ് ഈപ്പൻ ഓഫീസിലെത്തി കാണുന്നു. ആ സമയത്ത് ശിവശങ്കർ യു.വി.ജോസിനേയും ഗീതുവിനേയും ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നു. അവിടെവച്ചാണ് ലൈഫ്മിഷൻ സിഇഒ. യു.വി.ജോസ് യൂണിടാക് ഉടമകളെ കാണുന്നത്. അപ്പോഴാണ് ഇത്തരത്തിലുള്ള കരാർ ഉള്ള കാര്യം സിഇഒ അറിയുന്നത്. യൂണിടാക്കിന് എല്ലാ സഹായവും ചെയ്തുകൊടുക്കാൻ യു.വി.ജോസിനോട് ശിവശങ്കർ ആവശ്യപ്പെട്ടു.
ഇടപടുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് വാദിച്ച സിബിഐ ഇടപാടിൽ സംശയകരമായ നിരവധി കാര്യങ്ങളുണ്ടെന്നും അധോലോക ഇടപാടാണ് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കി.
മറുനാടന് ഡെസ്ക്