- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉദ്യോഗസ്ഥരെ കൈവിട്ടാൽ പണി പാളുമെന്ന് ഭയം; ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും; അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണെന്ന് നിയമോപദേശം; നിയമസഭയെയും പ്രക്ഷുബ്ധമാക്കി ലൈഫിലെ സിബിഐ അന്വേഷണം
ന്യൂഡൽഹി: ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിെ കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും. രാഷ്ട്രീയ നേതാക്കൾക്ക് ക്ലീൻചിറ്റ് കൊടുക്കുന്നതാണ് ഹൈക്കോടതിയിലെ വിധിയെങ്കിലും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും സർക്കാറിന്റെ അഭിമാന പദ്ധതിയെയും സുരക്ഷിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരുമായി ചർച്ച നടത്തി. ക്രിമിനൽ നടപടിചട്ടം 482 പ്രകാരം നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്താലാണ് മുന്നോട്ടു പോകുന്നത്.
ഹൈക്കോടതിയിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകർ ഉൾപ്പടെയുള്ളവരുമായാണ് സർക്കാർ ചർച്ച നടത്തുന്നത്. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടത്തിലെ 482 -ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാരിന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയില്ലെന്നാണ് മുതിർന്ന അഭിഭാഷകർ സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരമാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്. അതിനാൽ യുണിടാക്കിന് സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാവുന്നതാണ്. സംസ്ഥാന സർക്കാരിന്റെയും യൂണിടാക്കിന്റെയും ഹർജികളിൽ ഹൈക്കോടതി ഒറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. നേരിട്ട് സുപ്രീം കോടതിയിൽ എത്തുന്നതിന് പകരം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ യൂണിടാക് നൽകുന്ന ഹർജിയിൽ ഹാജരായി സിബിഐ അന്വേഷണത്തിന് എതിരായ നിലപാട് സ്വീകരിച്ചാൽ മതിയെന്ന അഭിപ്രായവും സർക്കാരിലെ ചില ഉന്നതർക്കുണ്ട്.
അതിനിടെ ലൈഫ്മിഷൻ വിവാദം നിയമസഭയിലും വലിയ ചർച്ചയായി. പദ്ധതി സംബന്ധിച്ച് ശരിയായ അന്വേഷണം നടന്നാൽ സർക്കാരിലെ ഉന്നതർക്ക് വിലങ്ങു വീഴുമെന്ന് പ്രതിപക്ഷം നിയമസഭയിൽ അറിയിച്ചു. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന് ഹൈക്കോടതി പറഞ്ഞുവെന്നും ലൈഫ് പദ്ധതിയിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്നും മന്ത്രി എ.സി.മൊയ്തീൻ സഭയിൽ വിശദീകരിച്ചു. എന്നാൽ പാവപ്പെട്ടവരെ മുൻനിറുത്തി നടന്ന കൊടിയ അഴിമതിയാണ് ലൈഫ്മിഷൻ എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
മറുനാടന് മലയാളി ബ്യൂറോ