കൊച്ചി: ലൈഫ് ഭവന പദ്ധതിയിലേക്ക് ഇനി സിബിഐയുടെ അന്വേഷണം വടക്കാഞ്ചേരിക്ക് അപ്പുറത്തേക്ക് നീങ്ങും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ നേരിട്ട് ഇടപെട്ടാണ് വടക്കാഞ്ചേരിയിലെ പദ്ധതിയിലേക്ക് യൂണിടാക്കിനെ കൊണ്ടുവന്നതെന്ന് പ്രാഥമിക ഘട്ടത്തിൽ തന്നെ സിബിഐക്ക് വ്യക്തമായിരുന്നു. സർക്കാർ അന്വേഷിക്കാൻ ഏൽപിച്ച വിജിലൻസും ഇതിൽ അഴിമതി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന് അപ്പുറത്തുക്കുള്ള പദ്ധതികൾ പരിശോധിക്കാനാണ് തീരുമാനം.

യൂണീടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനിൽനിന്നു സമ്മാനമായി ലഭിച്ച ഐ ഫോണാണ് ശിവശങ്കർ ഉപയോഗിച്ചതെന്ന് തെളിഞ്ഞതാണ് കേസിന് ബലം നൽകുന്നത്. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് നവംബർ 10-നു നൽകിയ മൊഴിയിൽ കൈക്കൂലിക്കാര്യം സമ്മതിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്റെ മറ്റു പദ്ധതികളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന നിഗമനം.

ഇതെല്ലാം സിബിഐ അന്വേഷിക്കും. ഇഡിയുടെ ആവശ്യ പ്രകാരമാണ് വിദേശ വിനിമയ ചട്ടത്തിന്റെ ലംഘനത്തിൽ സിബിഐ അന്വേഷണം തുടങ്ങിയത്. ലൈഫ് മിഷനിൽ സിബിഐ. രജിസ്റ്റർചെയ്ത വിദേശസഹായ നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ.) ലംഘിച്ചെന്ന കേസിൽ അനുബന്ധമായി അഴിമതിയും അന്വേഷിക്കാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പൊതു അനുമതി നൽകിയിട്ടുണ്ടെന്നാണ് സിബിഐ.യുടെ വാദം. എഫ്.സി.ആർ.എ. കേസുകളിൽ സിബിഐ. അന്വേഷണ ഏജൻസിയുമാണ്.

ലൈഫ് മിഷന്റെ കരാറുമായി ബന്ധപ്പെട്ട മറ്റു രണ്ട് കമ്പനികളുടെ ക്വട്ടേഷൻ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. ഇക്കാര്യം ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളിൽനിന്ന് വ്യക്തമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്വട്ടേഷനുകൾ തുറക്കുന്ന 2020 ജനുവരിക്കു മുമ്പായിരുന്നു ഇത്. ലൈഫ് മിഷനിലെ ആകെയുള്ള 36 പദ്ധതികളിൽ 26 എണ്ണവും വാട്‌സാപ്പ് സന്ദേശത്തിൽ പരാമർശിക്കുന്ന രണ്ട് കമ്പനികൾക്കാണ് കിട്ടിയത്. ലൈഫ് മിഷന്റെ ടെൻഡറിനെപ്പോലും സംശയത്തിൽ നിർത്തുന്ന പ്രവൃത്തിയാണിത്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ താൻ കാണുന്നത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്ന് ലൈഫ് മിഷൻ സിഇഒ. യു.വി.ജോസ് മൊഴി നൽകിയിട്ടുണ്ട്. ലൈഫ് മിഷന്റെ ഒരു ഇടപാടിൽ കൈക്കൂലി നൽകിയിട്ടുണ്ടെങ്കിൽ മറ്റുപദ്ധതികളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന് സിബിഐ കരുതുന്നു ഇതിന്റെ ഭാഗമായാണ് ഹൈദരാബാദിൽ പരിശോധന നടത്തിയത്. അവിടെനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടർ രേഖകളടക്കം വിലയിരുത്തി വരികയാണ്. അതോടെ വിദേശസഹായ നിയന്ത്രണച്ചട്ടത്തിൽ (എഫ്.സി.ആർ.എ.) ലംഘനം നടന്നെന്ന് സിബിഐ. ഉറപ്പിച്ചു. ഇതേത്തുടർന്നാണ് കേസിലെ ഹൈക്കോടതി സ്റ്റേ നീക്കാൻ സിബിഐ. നീക്കം തുടങ്ങിയത്.

സ്വപ്നയുടെ നിർദ്ദേശപ്രകാരം അഞ്ച് ഐ ഫോണുകൾ യു.എ.ഇ. ദേശീയദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികൾക്ക് സമ്മാനിക്കാൻ താൻ വാങ്ങി നൽകിയെന്ന് സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിനൊപ്പം സമർപ്പിച്ച ബില്ലിൽ ആറ് ഐ ഫോണുകൾ ഉണ്ടായിരുന്നു. ഇതിലൊന്നിന്റെ ഐ.എം.ഇ.ഐ. നമ്പറാണ് എം. ശിവശങ്കർ താൻ ഉപയോഗിക്കുന്ന ഫോണിന്റെ നമ്പറായി രേഖപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നൽകിയത്. ഇതാണ് നിർണ്ണായകമായത്.

2019 നവംബർ 29-ന് വാങ്ങിയ ഫോണുകൾ ഡിസംബർ രണ്ടിനാണ് സ്വപ്നയ്ക്ക് കൈമാറിയത്. കണക്കിൽപ്പെടാത്ത ആറാമത്തെ ഫോൺ സന്തോഷ് ഈപ്പൻ നേരിട്ടോ സ്വപ്ന മുഖാന്തരമോ ശിവശങ്കറിന് കൈമാറിയിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. യു.എ.ഇ. കോൺസുലേറ്റിൽനിന്നുള്ള നിർദ്ദേശപ്രകാരം ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് മുന്നോടിയായി എം. ശിവശങ്കറിനെയും ലൈഫ് മിഷൻ സിഇഒ. യു.വി. ജോസിനെയും കണ്ടിരുന്നതായി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുമുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ എല്ലാ വശവും പരിശോധിക്കാനാണ് തീരുമാനം. കേസിൽ സിബിഐ അന്വേഷണം തുടരും. ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെതിരെയുള്ളയുള്ള അന്വേഷണത്തിന് നിലവിൽ ഉണ്ടായിരുന്ന അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. അനിൽ അക്കര എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.

കേസിൽ തുടർനടപടികൾ ഹൈക്കോടതി ഒക്ടോബറിൽ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. ലൈഫ് മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം.