- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷനിൽ കുരുക്കു മുറുകിയപ്പോൾ എല്ലാം ഉദ്യോഗസ്ഥരുടെ പിടലിക്ക് വെച്ചു തലയൂരാൻ സർക്കാർ; ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനോട് മന്ത്രി എ.സി. മൊയ്തീൻ വിളിച്ചു വരുത്തി വിശദീകരണം തേടിയത് രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടു തന്നെ; വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണത്തിന്റെ ഉപകരാറിനെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് അറിയിച്ച് യു വി ജോസും
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകവേ എല്ലാം ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവെച്ച് തടിരക്ഷിക്കാനുള്ള ശ്രമങ്ങളുമായി രാഷ്ട്രീയ നേതൃത്വം. ഫ്ളാറ്റ് നിർമ്മാണത്തിന്റെ ഉപകരാർ പുറത്തുവന്നതിന് പിന്നാലെ ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനോട് മന്ത്രി എ.സി. മൊയ്തീൻ റിപ്പോർട്ട് ആവശ്യപ്പെട്ടത് ഇതേ ലക്ഷ്യത്തോടെയാണ്.
വൈകിട്ട് മന്ത്രിയുടെ വസതിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. യൂണീടാക്കും കോൺസുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു.വി.ജോസ് മന്ത്രിയെ അറിയിച്ചു. ഇന്ന് നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഇതിനിടെയാണ് വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണത്തിന്റെ ഉപകരാർ പുറത്തുവന്നതിന് പിന്നാലെ, ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെ മന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിലേക്ക് വളിച്ചുവരുത്തിയത്.
കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു.വി.ജോസ് വ്യക്തമാക്കി. എന്നാൽ ലൈഫ് മിഷനെ ബാധിക്കുന്ന കാര്യമല്ലെന്ന വിലയിരുത്തലിലാണ് ഇടപെടാതിരുന്നതെന്ന് യു.വി.ജോസ് അറിയിച്ചത്. കരാർ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാനും മന്ത്രി യു.വി.ജോസിന് നിർദ്ദേശം നൽകി. അതേസമയം പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് നിർമ്മാണ കരാർ ഒപ്പിട്ടത് യുഎഇ കോൺസുലേറ്റും യൂണിടാകും തമ്മിലാണ് കരാർ ഒപ്പിട്ടത്. ലൈഫ് മിഷൻ സിഇഒയും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതുപ്രകാരമല്ല ഉപ കരാറുണ്ടാക്കിയതെന്നും ഇതോടെ വ്യക്തമായി. തൽക്കാലം ഈ വിഷയം തന്നെ ആയുധമാക്കി പ്രതിപക്ഷ ആരോപണങ്ങളുടെ മുന ഒടിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറിൽ 140 ഫ്ളാറ്റ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ധാരണയിലെത്തിയതു ജൂലൈ 11നായിരുന്നു. യുഎഇയിലെ റെഡ് ക്രസന്റ് എന്ന സ്ഥാപനവുമായാണു സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയിൽ നിന്ന് നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സങ്ങൾ ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സർക്കാർ വിശദീകരണം.
റെഡ് ക്രസന്റുമായുള്ള ധാരണാപത്രം കേന്ദ്ര അനുമതി തേടാതെയായിരുന്നു. ഇതിനു പുറമേയാണു നിർമ്മാണം കോൺസൽ ജനറൽ നേരിട്ട് ഒപ്പിട്ടെന്ന രേഖകൾ പുറത്തുവരുന്നത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധി നേരിട്ടു നിർമ്മാണക്കരാറിൽ ഏർപ്പെടുന്നതു വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം (എഫ്സിആർഎ) ഗുരുതരമായ ചട്ട ലംഘനമാണ്. റെഡ് ക്രസന്റാകും പദ്ധതി ചെലവു വഹിക്കുക എന്ന പരാമർശം മാത്രമാണു നിർമ്മാണക്കരാറിലുള്ളത്.ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണു നിർമ്മാണക്കരാർ.
ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിർമ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സർക്കാർ കൂടി ചേർന്നാണ്. പക്ഷേ, ധാരണാപത്രവും ചട്ടവും അട്ടിമറിച്ച് നിർമ്മാണക്കരാർ നൽകുകയായിരുന്നു. ഈ കരാറിനും ശേഷം ഓഗസ്റ്റിൽ യൂണിടാകിന്റെ പദ്ധതി രേഖ മികച്ചതാണെന്നും അതുമായി മുന്നോട്ട് പോകാമെന്നും കാണിച്ച് ലൈഫ് മിഷൻ സിഇഒ റെഡ് ക്രസന്റിന് കത്ത് അയയ്ക്കുകയും ചെയ്തു.
കരാർ ലംഘനം വ്യക്തമായതോടെയാണു ലൈഫ് മിഷൻ പദ്ധതിയിലെ യുഎഇ സഹായത്തിനു കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള രേഖകൾ കൈമാറാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. റെഡ് ക്രസന്റിനു പകരം യുഎഇ കോൺസുലേറ്റ് എങ്ങനെ കരാറിലേർപ്പെട്ടു എന്നതിനും സംസ്ഥാനം വ്യക്തത വരുത്തേണ്ടിവരും. മാത്രമല്ല, നിയമവകുപ്പിലേക്കു വിട്ട ഫയലിൽ നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ധാരണാപത്രത്തിൽ 3 മാറ്റങ്ങൾ വരുത്തണമെന്നു നിർദ്ദേശിച്ചിരുന്നുവെന്നാണു വിവരം. ഇതും മറികടന്നായിരുന്നു എം.ശിവശങ്കർ തിടുക്കപ്പെട്ടു ഫയൽ തിരിച്ചുവിളിച്ചു ധാരണാപത്രം തയാറാക്കിയത്. ഇഡിയുടെ അന്വേഷണപരിധിയിൽ ഈ ഫയലുകളും വരുമെന്നായതോടെ നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കേണ്ടിവരും.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനും കോൺസുൽ ജനറലും തമ്മിലാണ് 2019 ജൂലൈ 31 ന് കരാർ ഒപ്പിട്ടത്. അതായത് മറ്റൊരു രാജ്യത്തിന്റെ ഭാഗമായ കോൺസുലേറ്റ് നേരിട്ടാണ് ഒരു കരാറുകാരന് കരാർ നൽകിയിരിക്കുന്നതെന്നാണ് വിവരം. ഇത് ഗുരുതരമായ നയതന്ത്ര വീഴ്ചയാണ്. കേന്ദ്ര സർക്കാർ അറിയാതെ എങ്ങനെ ഇത് സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഇക്കാര്യത്തിൽ യുഎഇയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിക്കും. കോൺസുലർ ജനറലിനെ ഈ വിഷയത്തിൽ ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യതയും അറിയിക്കും. കോൺസുലർ ജനറലിനെതിരെ ഒട്ടേറെ വെളിപ്പെടുത്തൽ സ്വപ്ന നൽകിയിട്ടുണ്ട്.
റെഡ്ക്രസന്റ് ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കുള്ള യാത്ര ഉൾപ്പടെ കേന്ദ്രം പരിശോധിക്കുന്നു എന്നാണ് സൂചന. ലൈഫ് മിഷൻ പദ്ധതിക്ക് 20 കോടി രൂപ റെഡ്ക്രസന്റിൽ നിന്ന് വാങ്ങാൻ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം പരിശോധിച്ചത്. വിദേശസർക്കാരുകളിൽ നിന്നോ സംഘടനകളിൽ നിന്നോ ധനസഹായം സർക്കാർ സ്വീകരിക്കുമ്പോൾ കേന്ദ്ര അനുമതി അനിവാര്യമാണ്. ഇത് കേരളവും ചെയ്തില്ല. മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാൽ മറ്റു പദ്ധതികളുമായി സഹകരിക്കുമ്പോൾ കേന്ദ്രം അറിഞ്ഞിരിക്കണം.
മറുനാടന് മലയാളി ബ്യൂറോ