- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കവലകളിലെ സുവിശേഷ പ്രാസംഗികനായ അർധപ്പട്ടിണിക്കാരൻ; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സ്വന്തമായ സഭ സ്ഥാപിച്ച് സ്വയം ബിഷപ്പായി; വിദേശത്തുനിന്ന് വരുന്ന ജീവകാരുണ്യ ഫണ്ടുകൾ അടിച്ചുമാറ്റി; താറാവു കർഷകനിൽ നിന്ന് ശതകോടീശ്വരനായ കെ പി യോഹന്നാന്റെ കഥ
'സന്യാസിക്ക് തെമ്മാടിയാവും പക്ഷേ തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാൻ കഴിയില്ല'... എന്ന ആപ്തവാക്യത്തിന്റെ പൂർണ്ണരൂപം അറിയണമെങ്കിൽ കെ പി യോഹന്നാൻ എന്ന, ബിലീവേഴ്സ് ചർച്ചിലൂടെ കോടികളുടെ ആത്മീയ സാമ്രാജ്യം സൃഷ്ടിച്ച മനുഷ്യനെ കഥ അറിയണം. കുട്ടനാട്ടിലെ അർധപ്പട്ടിണിക്കാരനിൽനിന്ന് ലോകമെമ്പാടും അനുയായികൾ ഉള്ള വിശ്വാസ പ്രസ്ഥാനത്തിന്റെ അമരക്കാരനിലേക്കുള്ള പ്രയാണം അമ്പരപ്പപിക്കുന്നതാണ്. പക്ഷേ ഇപ്പോൾ കുറച്ചു ദിവസങ്ങളായി അത്ര സുഖമുള്ള വാർത്തകളല്ല യോഹന്നാനെ കുറിച്ച് പുറത്തുവരുന്നത്. മൂന്നു ദിവസമായി ബിലീവേഴ്സ് ചർച്ചിൽ നടക്കുന്ന ആദായ നികുതി പരിശോധനയിൽ കണക്കിൽപ്പെടാത്ത 14.5 കോടിയോളം രൂപ കണ്ടെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്.
ജീവകാരുണ്യ പ്രവർത്തനത്തിന് കിട്ടുന്ന പണം ബന്ധുക്കളുടെ പേരിൽ വഴിമാറ്റി ചെലവഴിക്കുക തൊട്ട് കള്ളപ്പണം വെളുപ്പിക്കൽ വരെയുള്ള അതി ഗുരുതരതമായ ആരോപണങ്ങളാണ് ബിലീവേഴ്സ് ചർച്ചിനും കെപി യോഹന്നാനും എതിവെര ഉയരുന്നത്. പക്ഷേ യോഹന്നാനെ നേരത്തെ പരിചയമുള്ളവർക്ക് ഇതിൽ അത്ഭുദമില്ല. ഇതൊരു ആത്മീയ അധോലോകം തന്നെയാണെന്ന്, നേരത്തെ പലതവണ വാർത്തകൾ വന്നിരുന്നു. എന്നാൽ മാധ്യമങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും മെല്ലാം വലിയ സ്വാധീനുമുള്ള യോഹന്നാൻ അതെല്ലാം ഒതുക്കുകയായിരുന്നു.
ദലിത് വിഭാഗത്തെ ആകർഷിച്ച് സഭയിലേക്ക് ആളെക്കുട്ടി എന്ന ആരോപണം യോഹന്നാനെതിരെ എക്കാലവും ഉണ്ട്. മതപരിവർത്തനത്തിനുള്ള ഇവാഞ്ചലിക്കൽ ഫണ്ടായിരുന്നു അദ്ദേഹത്തിന്റെ മൂലധനം എന്നും പറയുന്നു. ആദ്യകാലത്ത് സംഘപരിവാർ ഈ വിഷയം സജീവമായി ഉന്നയിച്ചെങ്കിലും പിന്നീട് അവരും നിശബ്ദരായി. കേരളത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും മാധ്യമങ്ങളുടെയും ഇഷ്ടക്കാരനാണ് യോഹന്നാൻ. അദ്ദേഹത്തിനെതിരെ ശബ്ദിച്ചാൽ ഒരു കാലത്ത് പത്തനംതിട്ടയിലെ ബിജെപി നേതാക്കൾ തന്നെ അത് തടയും എന്ന് അവസ്ഥ ഉണ്ടായിരുന്നു. ഇത്രയും വാർത്തകൾ വന്നിട്ടും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ യോഹന്നാനെതിരെ കാര്യമായൊന്നും എഴുതിയിട്ടില്ല. ഇപ്പോഴും കേന്ദ്രത്തിന്റെ ഇടപെടലാണ് യോഹന്നാനെ കുടുക്കിയത്.
താറാവ് കർഷകനിൽ നിന്ന് ശതകോടീശ്വരനിലേക്ക്
കുട്ടനാട്ടിലെ ശരാശരിയിൽ താഴെയുള്ള ഒരു സാധാരണ കുടുംബത്തിൽ നിന്നും ശതകോടികളുടെ ആസ്തിയുള്ള വിശ്വാസസാമ്രാജ്യത്തിലേക്കുള്ള കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാന്റെ അരനൂറ്റാണ്ടുകൊണ്ടുള്ള വളർച്ച ആരെയും അമ്പരിപ്പിക്കുന്നതാണ്. മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിൽ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്സ് ചർച്ചിനുള്ളത്. അദ്ദേഹത്തിനു കീഴിലുള്ള ഗോസ്പൽ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്.
തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. പ്രദേശത്ത് അക്കാലത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു കുടുംബം. കുട്ടിക്കാലത്ത് യോഹന്നാനും ആ പണി ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ കൗമാര കാലത്തുതന്നെ അദ്ദേഹം ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. കവലകളിൽ സുവിശേഷം പ്രസംഗിച്ച് നടന്ന യോഹന്നാനെന്ന മെലിഞ്ഞ പയ്യനെ അലപ്പുഴയിലെയും പത്തനംതിട്ടിയിലെയും പഴമാക്കാർ മറന്നിട്ടില്ല. വെറും ഒരു സാധാ പാസ്റ്റർ മാത്രം ആയിരുന്നു അക്കാലത്ത് അദ്ദേഹം.
ഇങ്ങനെ ഉടുതുണിക്ക് മറുതുണിയില്ലാതെ നടക്കുമ്പോൾ 16ാമത്തെ വയസ്സിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന തിയോളജിക്കൽ സംഘടനയിൽ ചേർന്നതാണ് യോഹന്നാന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഡബ്ലു.എ ക്രിസ്വെൽ എന്ന വിദേശിയ്ക്കൊപ്പം അമേരിക്കയിൽ വൈദിക പഠനത്തിന് പോയി. 1974ൽ അമേരിക്കയിലെ ഡള്ളാസിൽ, തിയോളജി പഠനം ആരംഭിച്ചു. ചെന്നെ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽനിന്ന് ഡിഗ്രി കരസ്ഥമാക്കിയ, നേറ്റീവ് അമേരിക്കൻ ബാപ്പിസ്റ്റ് ചർച്ചിൽ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുണ്ടായി. ഓപ്പറേഷൻ മൊബിലൈസേഷൻ അദ്ദേഹത്തോടൊപ്പം സേവനം അനുഷ്ഠിച്ച ഗിസല്ലയെ യോഹന്നാൻ അവരുടെ ജന്മദേശമായ ജർമ്മനിയിൽവെച്ച് വിവാഹം ചെയ്തു. ഇതും യോഹന്നാന്റെ ജീവിതത്തിൽ നിർണ്ണായകമായി. കാരണം അദ്ദേഹത്തിന്റെ വളർച്ചയുടെ പിന്നിലെ ബുദ്ധികേന്ദ്രം ഭാര്യയാണെന്നാണ് പരക്കെ പറയുന്നത്് . ഇവർക്ക് രണ്ട് മക്കളുമുണ്ട്. 1978ൽ ഭാര്യയുമായി ചേർന്ന് ടെക്സാസിൽ ഗോസ്പൽ ഫോർ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചു
ഭാര്യയോടൊപ്പം സുവിശേഷ പ്രവർത്തനം ആരംഭിച്ച കെ.പി യോഹന്നാൻ വർഷങ്ങൾ നീണ്ട വിദേശവാസത്തിനുശേഷം 1983 ൽ തിരുവല്ല നഗരത്തിനു ചേർന്ന മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമ്മിച്ച് കേരളത്തിൽ വരവറിയിച്ചു. ആത്മീയ യാത്രയെന്ന സുവിശേഷ പ്രഘോഷണത്തിനായുള്ള റേഡിയോയും അവിടെ നിന്നും ആരംഭിച്ചു. സവിശേഷമായ ശൈലിയിലൂടെ സുവിശേഷ വേലയിലേർപ്പെട്ട യോഹന്നാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സ്വയം സഭയുണ്ടാക്കി സ്വയം ബിഷപ്പായി
1980 ൽ തിരുവല്ല സബ് രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യു എന്ന മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായി ഒരു പൊതു മതപര ധർമ്മസ്ഥാപനമായിട്ടാണ് ഈ ട്രസ്റ്റ് പ്രവർത്തിച്ചു വന്നത്. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു.
ആത്മീയ യാത്ര പിന്നീട് ബിലീവേഴ്സ് ചർച്ച് എന്ന പേരിൽ 2003ൽ ഒരു എപ്പിസ്ക്കോപ്പൽ സഭയായി. പക്ഷേ അപ്പോഴും ഒരു പ്രശ്നം ബാക്കിയായി. യോഹന്നാന്റെ ബിലീവേഴ്സ് ചർച്ചിൽ മെത്രാനില്ല. മറ്റ് ചർച്ചുകൾക്ക് യോഹന്നാന്റെ സഭയെ മുന്തിയ സഭയായും കാണുന്നിമില്ല. പക്ഷേ പിന്നീട് എങ്ങനെയോ നിരവധി രാജ്യങ്ങളിൽ ശാഖകളുള്ള സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത പ്രഥമൻ എന്ന പേരിൽ യോഹന്നാൻ അഭിഷിക്തനായി. സി.എസ്ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അഭിഷേകം നടത്തിയത്. എന്നാൽ ഇതിനെതിരെ പരാതി ഉണ്ടായി. അൽമായനായ യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണ് എന്ന ആരോപണവും ഉണ്ടായി. തുടർന്ന് സാമുവലിന് മോഡറേറ്റർ സ്ഥാനം രാജിവെക്കേണ്ടി വന്നു. എന്നാൽ യോഹന്നാൻ മെത്രാൻ തന്റെ സഭയിലേക്ക് കുട്ടിമെത്രാന്മാരെ സ്വനതമായി കൈവെപ്പ് നൽകി വാഴിച്ച് വലിയ മെത്രോപ്പാലീസയായി വിലസി. പക്ഷേ ഈ ആരോപണങ്ങളുടെ ശക്തി ക്ഷയിക്കാൻ താമസമുണ്ടായില്ല. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആയി. ഇതിന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോൾ സഭയിൽ 30 ബിഷപ്പുമാരുണ്ട്.
ഇന്ന് ശതകോടികളുടെ ആസ്തിയുണ്ട് ബിലീവേഴ്സ് ചർച്ചിന്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ബിലീവേഴ്സ് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജാണ് ചർച്ച് സ്ഥാപനങ്ങളിൽ പ്രധാനം. എസ്.എൻ.ഡി.പി മുൻ നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായ കോന്നി ശാശ്വതീകാനന്ദ ആശുപത്രി നിലവിൽ ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലാണുള്ളത്. തിരുവല്ല, തൃശൂർ എന്നിവിടങ്ങളിൽ റെഡിഡൻഷ്യൽ സ്കൂളുകളുണ്ട്. റാന്നി പെരുനാട് കാർമൽ എൻജിനീയറിങ് കോളേജ് കാർമൽ ട്രസ്റ്റിൽ നിന്നും ബിലീവേഴ്സ് വാങ്ങി. ആത്മീയ യാത്രയെന്ന പേരിലുള്ള സ്വന്തം ടെലിവിഷൻ ചാനലിനൊപ്പം ( പത്തുവർഷം പ്രവർത്തിച്ച് മൂന്നു വർഷം മുമ്പ് അവസാനിപ്പിച്ചു ) ഒരു സ്വകാര്യ വാർത്താ ചാനലിന്റെ ഓഹരികളും കെ.പി.യോഹന്നാൻ സ്വന്തമാക്കിയിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയിലും കെ.പി യോഹന്നാന് വൻ നിക്ഷേപമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം ഏക്കറിലധികം സ്ഥലമാണ് വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളത്. ബിലീവേഴ്സിന്റെ മാതൃസംഘടനയായ ഗോസ്പൽ ഏഷ്യയ്ക്കും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. ഹാരിസൺ മലയാളത്തിൽ നിന്നും ബിലീവേഴ്സ് വാങ്ങിയ എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റ് എന്ന നിയമക്കുരുക്കിൽപെട്ട 2263 ഏക്കർ ഭൂമി നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുത്തെങ്കിലും ഹൈക്കോടതി റദ്ദാക്കി.
കെ.പി.യോഹന്നാന്റെ കീഴിലുള്ള സംഘടനകൾ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് സംഭാവനകൾ സ്വികരിക്കുന്നുവെന്ന ആരോപണത്തേത്തുടർന്ന് 2012ൽ ബിലീവേഴ്സ് ചർച്ചിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 1990 മുതൽ 2011 വരെ 48 രാജ്യങ്ങളിൽ നിന്നായി രണ്ട് ട്രസ്റ്റുകൾക്കുമായി 1544 കോടി രൂപ ലഭിച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ പണം ഉപയോഗിച്ച് 19,000 ഏക്കർ ഭൂമിവാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെട്ടിടസമുച്ചയങ്ങൾ എന്നിവ നിർമ്മിച്ചതായും കണ്ടെത്തിയിരുന്നു. വിദേശ സംഭാവനകളുടെ സ്വീകരണം, ക്രയവിക്രയം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിദേശരാജ്യങ്ങളിലും ബിലീവേഴ്സ് ചർച്ചിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.
മൈക്രോ ഫിനാൻസിന്റെ മറവിലും മത പരിവർത്തനം
പണം വാരിയെറിഞ്ഞായിരുന്നു യോഹന്നാന്റെ പിന്നീടുള്ള കളികൾ.ലോകമെങ്ങും സുവേശഷം പ്രചരിപ്പിക്കാൻ സഭയിലെ കുഞ്ഞാടുകൾക്ക് സൈക്കിളും സ്കൂട്ടറും കാറും മാറ്റഡോർ വാനുമൊക്കെ നൽകി. വിൽക്കാൻ വെച്ചിരുന്ന ഭൂമിയൊക്കെ വാങ്ങി. സ്കൂളുകളും കോളജുകളും വാങ്ങി വളർന്ന് പന്തലിച്ചു. മൈക്രോ ഫിനാൻസ് കമ്പനിയുടെ മറവിൽ മതം പരിവർത്തനം നടത്തുന്നുവെന്നും 80 കളിൽ ഇദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണമാണ്. കുറഞ്ഞ പലിശയ്ക്ക് പണം നൽകി, ദലിത് സ്ത്രീകളുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന സ്വാശ്രയ സംഘങ്ങളെ ഒപ്പം നിർത്തുകയാണ് ആദ്യഘട്ടം. പിന്നീട് വായ്പ തിരിച്ചടവ് മുടങ്ങുന്നതോടെ അവരെ വൈകാരികമായി സ്വാധീനിച്ച് ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരും. മത പരിവർത്തനം ചെയ്യപ്പെടുന്നതോടെ വായ്പ തിരിച്ചടവിൽ നിന്നും കടംവാങ്ങിയ പാവങ്ങൾ ഒഴിവാക്കപ്പെടുന്നു. കേരളത്തിലും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും ബീലിവേഴ്സ് ചർച്ചിന്റെ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഗോസ്പൽ ഫോർ ഏഷ്യാ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഡോറ (ദൈവദാനമെന്നർത്ഥം) എന്ന മൈക്രോഫിനാൻസ് കമ്പനി വഴിയാണ് ഈ പരിപാടി നടത്തുന്നത്. ദരിദ്രവിഭാഗത്തിന്റെ ഉന്നമനത്തിനും സംരംഭകത്വ ശീലം വർദ്ധിപ്പിക്കുന്നതിനുമെന്നു പറഞ്ഞുമാണ് പണം പലിശയ്ക്ക് നൽകുന്നത്. ഇങ്ങനെ കേരളത്തിനകത്തും പുറത്തും വിതരണം ചെയ്തിട്ടുള്ളത് കോടികളാണ്. ഇവയെല്ലാം ജനങ്ങൾ തവണകളായി തിരിച്ചയ്ടക്കണം.കേരളത്തിനു വെളിയിൽ ഡോറായ്ക്ക് വലിയ മതിപ്പാണുള്ളത്. അവിടെ സ്വകാര്യ കമ്പനികൾക്കാണ് പണം പലിശയ്ക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ തുകയും കൂടും.
കേരളത്തിൽ വിതരണം ചെയ്യുന്ന പരമാവാധി തുക 5000 രൂപ മുതൽ 35,000 രൂപ വരെയാണ്. തവണകളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ പത്തോ അതിനു മുകളിലോ അംഗങ്ങളുള്ള ഗ്രൂപ്പുകളായി തിരിച്ച് ഗ്രാമപ്രദേശങ്ങളിലെ വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് പണം നൽകുന്നത്.ബിലിവേഴ്സ് ചർച്ചിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ഉത്തർപ്രദേശ,് ഹരിയാന, ന്യൂഡൽഹി തുടങ്ങിയിടങ്ങളിൽ മുപ്പതു ബ്രാഞ്ചുകളിലായി 70,000 കുടുംബങ്ങൾ ഈ പദ്ധതിയുടെ ഗുണം അനുഭവിക്കുന്നതായി സൈറ്റ് അവകാശപ്പെടുന്നു. 10,000 രൂപയ്ക്ക് 50 ആഴ്ചകൊണ്ട് 11200 രൂപയാണ് ഉപയോക്താക്കൾ തിരിച്ചടയ്ക്കേണ്ടത്. അതായത് 1200 രൂപ പലിശനിരക്കിൽ ഡോറയിലേക്ക് കൂടുതലായി തിരിച്ചടയ്ക്കണം. ബിലീവേഴ്സ് ചർച്ച് പറഞ്ഞിട്ടുള്ള ഡോറയുടെ ഉപയോക്താക്കളുടെ കണക്ക് ശരിയാണെങ്കിൽ ഈയിനത്തിൽ ഇവർക്ക് പലിശയായി ലഭിച്ചിട്ടുള്ളത് 84 കോടിയാണ്.
ആധാർ കാർഡ് മാത്രം കൊടുത്താൽ യാതൊരു ഈടും ഇല്ലാതെ വെറും മൂന്നു ദിവസം കൊണ്ട് സ്ഥാപനങ്ങളിൽ നിന്നും പണം ലഭിക്കും. സർക്കാർ സൊസൈറ്റികളിലും ബാങ്കുകളിലും ജാമ്യ വ്യവസ്ഥ കൂടുതലാണ്. പെട്ടെന്ന് പണം കൊടുക്കാമെന്ന് മൈക്രോ ഫിനാൻസിങ് സ്ഥാപനങ്ങൾ പറയുമ്പോൾ സ്വാഭാവികമായും സാധാരണക്കാർ അവരുടെ ചതിക്കുഴിയിൽ വീഴുന്നു. ഒരു സ്ഥാപനത്തിൽ നിന്നും എടുത്ത പണം തിരിച്ചടക്കാൻ കഴിയാത്തത് മൂലം മറ്റു സ്ഥാപനങ്ങളിൽ നിന്നും പണം എടുക്കേണ്ടി വരുന്നു. ഇങ്ങനെ നാലു മുതൽ ഏഴുവരെ സ്ഥാപനങ്ങളിൽ നിന്നും പണം എടുത്തവരാണ് എല്ലാ സ്ത്രീകളും. ആഴ്ചതോറും 5000 രൂപ വരെ തിരിച്ചടവ് നൽകുന്നവരുണ്ട് ഈ കൂട്ടത്തിൽ. ഒറ്റയ്ക്ക് ചെന്നാൽ ലോൺ കിട്ടില്ല. ലോൺ ആർക്കാണോ വേണ്ടത് അയാൾ 10 പേരുടെ സംഘം രൂപീകരിക്കണം. ഇവരുടെ കൂട്ടുത്തരവാദിത്തത്തിലാണ് സ്ഥാപനങ്ങൾ പണം കൊടുക്കുക. 10 പേരുടെ സംഘമായാൽ സ്ഥാപനങ്ങൾ മീറ്റിങ് വിളിക്കും. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ലോൺ പാസാക്കിക്കൊടുക്കും. പക്ഷേ ഇങ്ങനെ സാമൂഹിക പ്രവർത്തനം നടത്തി നടത്തി അവസാനം അത് കൂട്ട മതപരിവർത്തനത്തിലേക്കാണ് ചെന്ന് എത്തുന്നത് എന്നാണ് യോഹന്നാന്റെ വിമശകർ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയിലും നിരവധി കേസുകൾ
അമേരിക്കയിലും ഇവർക്കെതിരെ പല കേസകളും ഉണ്ടായിട്ടുണ്ട്. പാവങ്ങളെ സഹായിക്കാനായി അമേരിക്കയിൽ നിന്നെത്തിച്ച കാശു ധൂർത്തടിച്ചതിന്റെ പേരിൽ അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ നൂലാമാലകൾ ബിലീവേഴ്സ് ചർച്ചും മെത്രോപൊലീത്ത കെപി യോഹന്നാനും ഒഴിവാക്കിയത് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചാണ്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന്റെ പേരിൽ ഉയർന്ന സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ 37 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകിയാണ് കേസും മറ്റും ഒഴിവാക്കിയത്. ഇന്ത്യയുടെ ഗ്രാമങ്ങളിലെ മിഷനറി പ്രവർത്തനത്തിന് എന്ന പേരിൽ അമേരിക്കയിൽ നിന്നും പണം സ്വരൂപിച്ചു സ്വന്തം കുടുംബാംഗങ്ങളുടെ പേരിൽ ആസ്തി വർധിപ്പിച്ചു എന്ന് കാണിച്ചു കെ.പി.യോഹന്നാനും ഗോസ്പൽ ഫോർ ഏഷ്യയ്ക്കും എതിരെയുള്ള പരാതിയാണ് ഇതോടെ തീർപ്പാകുന്നത്.
ജീവകാരുണ്യപ്രവർത്തനത്തിനും സുവിശേഷ പ്രചാരണത്തിനും എന്ന വ്യാജേന വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് പിരിച്ചിട്ട് റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ അടക്കം വകമാറ്റി ചെലവഴിക്കുക. ഇതാണ് തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പരിപാടി. ഇത് വെറും ആരോപണമല്ല. രാജ്യത്തെ ആദായ നികുതി വകുപ്പ് വാർത്താക്കുറിപ്പിൽ അർത്ഥശങ്കയില്ലാതെ വ്യക്തമാക്കിയ കാര്യം. കറൻസി ഇടപാടിൽ മാത്രം നൂറുകണക്കിന് കോടി ഇതുപോലെ വെട്ടിച്ചെന്നതിന് തെളിവുകളും കിട്ടി.
കഴിഞ്ഞ രണ്ടു ദിവസമായി കണക്കിൽപ്പെടാത്ത 14.5 കോടിയോളം രൂപ കണ്ടെത്തി എന്നാണ് സൂചന. ബിലീവേഴ്സ് ചർച്ച് ചാരിറ്റിക്കായി ലഭിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലെ അനധികൃത ഇടപാടുകൾക്കും വ്യക്തിപരമായ ഇടപാടുകൾക്കും വകമാറ്റി ചെലവഴിച്ചതായി ആദായ നികുതി വകുപ്പ് പറയുന്നു. ആറായിരം കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിലീവേഴ്സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു. ചാരിറ്റിക്കായി വിദേശത്ത് നിന്ന് കിട്ടുന്ന പണം അതിനു വേണ്ടി മാത്രം ഉപയോഗിക്കണമെന്നാണ് നിയമം. കണക്കുകൾ സർക്കാരിൽ സമർപ്പിച്ചതിലും പൊരുത്തക്കേടുണ്ട്. വിദേശ സഹായം സ്വീകരിക്കാനുള്ള ബിലീവേഴ്സ് ചർച്ചിന്റെ ലൈസൻസ് റദ്ദാക്കാൻ സാധ്യയുണ്ട്.
ബിഷപ്പ് യോഹന്നാന്റെ വിവിധ ട്രസ്റ്റുകൾക്ക് 1961 ലെ ആദായനികുതി നിയമപ്രകാരം ചാരിറ്റബിൾ-റിലീജിയസ് ട്രസ്റ്റുകൾക്കുള്ള ആദായ നികുതി ഇളവുകൾ നൽകിയിട്ടുണ്ട്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഗ്രൂപ്പിന് രാജ്യമെമ്പാടും ആരാധനാലയങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുണ്ട്. കേരളം, തമിഴ്നാട്്,പശ്ചിമ ബംഗാൾ, കർണാടക, ഛണ്ഡീഗഡ്, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 66 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശത്ത് നിന്ന് കിട്ടുന്ന പണം വകമാറ്റി വെട്ടിപ്പ് നടത്തുന്നുവെന്ന വിശ്വനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 30 ഓളം ട്രസ്റ്റുകളുണ്ട് ഗ്രൂപ്പിന്. എന്നാൽ, ഇതിൽ മിക്കതും വെറും കടലാസിൽ മാത്രമാണുള്ളത്. കണക്കിൽ പെടാത്ത ഫണ്ടുകളും ഇടപാടുകളും വെളുപ്പിക്കാനുള്ള ഉപായം മാത്രമാണ് ഈ കടലാസ് ട്രസ്റ്റുകൾ.
പരാജയപ്പെട്ടത് മോദിയെ പാട്ടിലാക്കാൻ നോക്കിയപ്പോൾ
എന്തായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ മോഡസ് ഓപ്പറാൻഡി എന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മറ്റു ചില ഇടപാടുകാരുടെ സഹായത്തോടെ ഗ്രൂപ്പിന്റെ ചെലവുകൾ ചിട്ടയോടെ പെരുപ്പിച്ച് കാട്ടുക. ഈ പെരുപ്പിച്ച് കാട്ടുന്ന തുക ആഭ്യന്തര ഹവാല ചാനലുകൾ വഴി ഗ്രൂപ്പിലെ ആളുകളിലേക്ക് പണമായി എത്തിക്കും. ഇത്തരത്തിൽ ഹവാല ഇടപാടുകൾക്ക് സഹായിച്ചവരുടെ വസതികളും സ്ഥാപനങ്ങളും റെയ്ഡ് ചെയ്തിരുന്നു. ഉപഭോഗ വസ്തുക്കളുടെ വാങ്ങൽ, നിർമ്മാണ ചെലവ്, റിയൽ എസ്റ്റേറ്റ് വികസന ചെലവുകൾ, ജീവനക്കാരുടെ ശമ്പളം എന്നിവയിലെല്ലാമാണ് ആസൂത്രിതമായി ചെലവുകൾ പെരുപ്പിച്ച് കാട്ടിയത്.കണക്കിൽ പെടാത്ത പണം ഉപയോഗിച്ചുള്ള നിരവധി റിയൽ എസ്റ്റേറ്റ് ഇടപാടുകളും റെയ്ഡിനിടെ കണ്ടെത്തി. ഇടപാടുകളുമായി ബന്ധപ്പെട്ട വിൽപ്പന കരാറുകൾ പിടിച്ചെടുത്തു. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തുകയും ഗ്രൂപ്പ് പെരുപ്പിച്ച് കാട്ടി. വിദേശത്ത് നിന്ന് സംഭാവനയായി കിട്ടിയ തുക ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചുവെന്ന് വരുത്തി തീർക്കാൻ ആയിരുന്നു ഈ പെരുപ്പിക്കലെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. ഇതുവരെ കണ്ടെത്തിയ തെളിവുകൾ പ്രകാരം പണമായി മാത്രം നൂറുകണക്കിന് കോടി വകമാറ്റി ചെലവഴിച്ചുവെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
വ്യാഴാഴ്ച അഞ്ച് കോടിയോളം രൂപയും വെള്ളിയാഴ്ച ഏഴര കോടിയോളം രൂപയുമാണ് കണ്ടെത്തിയത്.ബിലീവേഴ്സ് ചർച്ചിന്റെ തിരുവല്ലയിലെ മെഡിക്കൽ കോളജ് കോംപൗണ്ടിൽ പാർക്ക് ചെയ്ത കാറിൽ നിന്നാണ് പണം പിടികൂടിയത്. മെഡിക്കൽ കോളജ് അക്കൗണ്ടന്റിന്റേതാണ് കാർ. സിനഡ് സെക്രട്ടറിയേറ്റിലെ രഹസ്യ അറയിൽ ഒളിപ്പിച്ച രീതിയിൽ 3 കോടി രൂപയും കണ്ടെത്തി. സഭയുടെ ഡൽഹി ആസ്ഥാനത്തിന്നും 95 ലക്ഷം രൂപയും പിടികൂടി. രണ്ട് ദിവസം നടന്ന റെയ്ഡിൽ ആകെ 14.5 കോടിയോളം രൂപയാണ് കണ്ടെത്തിയത്. ഹാരിസൺ മലയാളത്തിന്റെ പക്കൽ നിന്ന് സഭ വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റ്, വിവിധയിടങ്ങളിലായി വാങ്ങിയിട്ടുള്ള കെട്ടിടങ്ങൾ, ഭൂസ്വത്തുക്കൾ എന്നിവയുടെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചു വരികയാണ്.
ഒടുവിൽ ഒരു ചോദ്യം ബാക്കിയാവുകയാണ്. ഇത്രയധികം തട്ടിപ്പുകൾ നടത്തിയിട്ടും യോഹന്നാൻ പനപോലെ വളർന്നത് എങ്ങനെയാണ്. നമ്മുടെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടുതന്നെ. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാട്ടിലാക്കാൻ യോഹന്നാൻ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഗംഗാശുചീകരണത്തിന് നൽകിയ ഒരു കോടിക്ക് പിന്നാലെ ജന്മഭൂമിക്കും ജനം ടിവിക്കും സ്പോൺസർഷിപ്പും മറ്റും ബിലീവേഴ്സ് ചർച്ച് നൽകിയിരുന്നു. കോടികളുടെ വിദേശ ഫണ്ട് എത്തിച്ചതിന്റെ പേരിലുള്ള അന്വേഷണം തടയാൻ കെപി യോഹന്നാൻ ഏതറ്റം വരേയും പോകുമെന്നും വിലയിരുത്തൽ എത്തി.
ആർഎസ്എസ് മുഖപത്രവും ഹിന്ദുസ്ഥാൻ ടൈംസും എഴുതിയിട്ടും അന്നൊന്നും കേന്ദ്ര സർക്കാർ നടപടി എടുത്തില്ല. മോദിയെ നേരിട്ട് കാണുകയും ചെയ്തു. പ്രധാനമന്ത്രി കസേരയിൽ മോദി എത്തിയതോടെയായായിരുന്നു യോഹന്നാന്റെ ഈ ഇടപെടലുകൾ. സംഘപരിവാറുമായി അടുക്കാനും ശ്രമിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. പിജെ കുര്യനൊപ്പമായിരുന്നു ഈ സന്ദർശനം. ഇതൊന്നും ഫലം കണ്ടില്ലെന്ന് തെളിയിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ നടപടികളും.
യോഹന്നാനെതിരെ ശക്തമായ നിലപാട് എടുക്കേണ്ടത് യഥാർഥ വിശ്വാസികളുടെയും ആവശ്യമാണ്. കാരണം എത്തുപൈസ അടിച്ചുമാറ്റാതെ കൃത്യമായി പ്രവർത്തിക്കുന്ന നിരവധി ക്രിസ്ത്യൻ സംഘടനകൾ ഈ നാട്ടിലുണ്ട്. ഇവർക്കൊക്കെ അപമാനമാണ് യോഹന്നാൻ. ഭരണകൂടവും ജനതയും ജാഗ്രത എടുത്തില്ലെങ്കിൽ ഇത്തരം ആത്മീയ അധോലോകം വീണ്ടും അവതരിക്കുമെന്ന് ഉറപ്പാണ്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ