കൊച്ചി: മൂവാറ്റുപുഴയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. നിരപ്പ് സ്വദേശി തച്ചനോടിയിൽ വീട്ടിൽ മനൂപ് ടി.എ(34) ആണ് മരിച്ചത്. മിന്നലേറ്റ് ആറ് പേർക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. തടിപ്പണിക്കാരായ യുവാക്കൾ ജോലി കഴിഞ്ഞ് മടങ്ങവെ കനത്ത മഴയും ഇടിമിന്നലുമുണ്ടായി. മഴയത്ത് വഴിയരുകിലെ ഷെഡ്ഡിൽ കയറി നിന്നപ്പോഴാണ് അപകടം. മിന്നലേറ്റ ഉടൻ തന്നെ ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മനൂപ് മരണപ്പെടുകയായിരുന്നു.