- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ മദ്യവിൽപ്പന പടിപടിയായി ഓൺലൈനിലേക്ക്; ഓൺലൈൻ പേയ്മെന്റ് നടത്തി മദ്യം വാങ്ങാനുള്ള പരീക്ഷണം ഒമ്പത് ഔട്ട്ലറ്റുകളിൽ തുടങ്ങി; വെബ്സൈറ്റും പരിഷ്ക്കരിക്കുന്നു; സൈറ്റിൽ കയറി മൊബൈൽ നമ്പർ നൽകി ഔട്ലെറ്റ് തിരഞ്ഞെടുക്കാം; പേയ്മെന്റും ഓൺലൈനായി
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പ ഭാവിയിൽ ഓൺലൈനാക്കി നടത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഓൺലൈൻ പേയ്മെന്റ് നടത്തി മദ്യം വാങ്ങാനുള്ള പരീക്ഷണം തുടങ്ങി. സംസ്ഥാനത്തെ ഒമ്പത് ഔട്ടല്റ്റുകളിലാണ് ഈ പരീക്ഷണം തുടങ്ങുന്നത്. ബീവറേജസ് കോർപ്പറേഷന്റെ വെബ്സൈറ്റിൽ നിന്ന് ഇഷ്ട ബ്രാൻഡ് തിരഞ്ഞെടുത്ത്, ഓൺലൈൻ പേയ്മെന്റ് നടത്തി ഇനി മദ്യം വാങ്ങാം. പണമടച്ചതിന്റെ ഇരസീതുമായി ഔട്ലെറ്റിലെത്തിയാൽ മതി. പരീക്ഷണം തിരുവനന്തപുരം ജില്ലയിലെ 9 ബവ്കോ ഔട്ലെറ്റുകളിൽ തുടങ്ങി. വെബ്സൈറ്റ് പരിഷ്കരണവും തുടങ്ങി. ഒരു മാസത്തിനകം ഓൺലൈൻ പേയ്മെന്റ് സംവിധാനം വരും.
കോർപറേഷന്റെ വെബ്സൈറ്റിൽ ഓരോ ഔട്ലെറ്റിലെയും സ്റ്റോക്ക്, വില എന്നിവയുണ്ടാകും. സൈറ്റിൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകി സൗകര്യപ്രദമായ ഔട്ലെറ്റ് തിരഞ്ഞെടുക്കുക. അവിടെയുള്ള ബ്രാൻഡുകളും വിലയും കാണാനാകും. ആവശ്യമുള്ളതു തിരഞ്ഞെടുക്കാം. നേരെ പോകുന്നതു പേയ്മെന്റ് ഗേറ്റ്വേയിലേക്കാണ്. നെറ്റ് ബാങ്കിങ്, പേയ്മെന്റ് ആപ്പുകൾ എന്നിവയെല്ലാം വഴി പണമടയ്ക്കാം. ഫോണിൽ എസ്എംഎസ് ആയി ഇരസീത് ലഭിക്കും.
പണമടച്ച വിവരം ബന്ധപ്പെട്ട ഔട്ലെറ്റിലുമെത്തും. അന്നു തന്നെ, ഇഷ്ടമുള്ള സമയത്ത് ഔട്ലെറ്റിലെത്താം. പേയ്മെന്റ് നടത്തിയവർക്കായി പ്രത്യേക കൗണ്ടറുണ്ടാകും. രസീത് നമ്പറോ, മൊബൈൽ നമ്പറോ നൽകിയാൽ സൈറ്റിൽ ഒത്തുനോക്കും. മദ്യം വാങ്ങി മടങ്ങാം. അങ്ങനെ സമയം ലാഭിക്കാമെന്നും വരിയുടെ നീളം കുറയ്ക്കാമെന്നും ബവ്കോ കണക്കുകൂട്ടുന്നു.
ബവ്കോയുടെ ചില്ലറ മദ്യവിൽപനശാലകളിലും കൺസ്യൂമർഫെഡ് സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യമൊരുക്കാനും നീണ്ടനിര ഒഴിവാക്കാനും പൊതു ഡിജിറ്റൽ സംവിധാനം വേണമെന്നാണ് ആവശ്യം. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികൾ. ബവ്കോ ഔട്ട്ലെറ്റുകൾ എണ്ണം വർധിപ്പിക്കണമെന്ന് എക്സൈസും ബവ്കോയും സർക്കാരിന് ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്.
ബാറുകളുടെ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ ഉപകരണം വികസിപ്പിച്ചെടുക്കാൻ സംസ്ഥാന ബവ്റിജസ് കോർപറേഷൻ നേരത്തെ നീക്കം തുടങ്ങിയിരുന്നു. മദ്യവിൽപനശാലകളിൽ സൗകര്യമൊരുക്കാത്തതിൽ ഹൈക്കോടതി ശക്തമായി ഇടപെടുകയും കോടതിയലക്ഷ്യം പരിഗണിക്കുകയും ചെയ്തതോടെയാണ് അതു വേഗത്തിലാക്കാൻ തീരുമാനമായത്. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ എക്സൈസ് കമ്മിഷണർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ബവ്കോ എംഡി എന്നിവർ പങ്കെടുത്ത യോഗം വിഷയം വിശദമായി ചർച്ച ചെയ്തതായാണു വിവരം. 16ന് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോൾ, നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കാനാണു സർക്കാർ നീക്കം.
നടപടി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അറിയിച്ചേക്കും. ഉപഭോക്താക്കളുടെ ആരോഗ്യവും അന്തസിനും വിലയില്ലാത്തവിധമാണ് മദ്യവിൽപനശാലകളിലെ സാഹചര്യമെന്നാണു ഹൈക്കോടതി നിരീക്ഷണം. ഇതേ വിഷയത്തിൽ 2017ലുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയാണു ഇപ്പോൾ പരിഗണിക്കുന്നുണ്ട്. മദ്യശാലക്കു മുൻപിൽ അകലം പാലിക്കുന്നില്ലെന്നതിൽ സ്വമേധയാ എടുത്ത കേസ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിൽ നടക്കുകയാണ്.
മറ്റ് ഏതു ഉൽപന്നങ്ങളും വാങ്ങാൻ കഴിയുന്നതുപോലെ മദ്യവും വാങ്ങാൻ കഴിയണമെന്നാണ് കോടതി നിലപാട്. അതിനാൽ നിർദിഷ്ട ഡിജിറ്റൽ സംവിധാനത്തിൽ ബവ്കോ ഔട്ട്ലെറ്റിനെയും കൺസ്യൂമർഫെഡ്ഷോപ്പിലെയും മദ്യത്തിന്റെ ഇനംതിരിച്ച് സ്റ്റോക്ക്, വില എന്നിവയുൾപ്പെടെ വിശദമായ കാര്യങ്ങൾ ഉൾപ്പെടുത്താനാണ് ഉദ്ദേശ്യം. ഔട്ട്ലെറ്റുകളിലെ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം കൗണ്ടറുകളിൽ പുതിയ മെഷീനുകളും സ്ഥാപിക്കും.
ഒാൺലൈൻ ബുക്കിങ് ഏത്രത്തോളം വേണമെന്നും സമയക്രമവും ചർച്ചചെയ്ത് സംവിധാനത്തിന് അടുത്തദിവസം അന്തിമരൂപരേഖ തയാറാക്കും. പ്രതിവർഷം 15,000 കോടിരൂപ സംസ്ഥാനത്തിനു വരുമാനം ലഭിക്കുന്ന മദ്യമേഖലയിൽ, ആനുപാതികമായി ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കണമെന്നാണു ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്. ഉപഭോക്താക്കളെ മാന്യമായി പരിഗണിക്കണമെന്നും നിർദേശമുയർന്നു. ഔട്ട്ലെറ്റുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുക, ഇടുങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നവ കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്കു മാറ്റുക എന്നീ നിർദേശങ്ങൾ വകുപ്പുകൾ നിർദേശിച്ചുണ്ടെങ്കിലും പുതിയ ഔട്ട്ലെറ്റുകൾക്കെതിരെ വിവിധതലങ്ങളിൽനിന്ന് എതിർപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണു സർക്കാരിന്റെ ആശങ്ക.
പുതിയ കെട്ടിടങ്ങൾ കണ്ടെത്തുകതന്നെ മെനക്കേടാണ്. കൂടുതൽ ഔട്ട്ലെറ്റുകൾ ഉണ്ടായില്ലെങ്കിൽ നിലവിലുള്ള തിരക്ക് എത്രത്തോളം കുറക്കാനാകുമെന്നതിൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കു സംശയമുണ്ട്. വിഷയത്തിൽ നയപരമായ തീരുമാനം ആവശ്യമാണ്. കോവിഡ് ടിപിആർ ഗണ്യമായി താഴാതെ നിൽക്കുന്നതിനാൽ നിലവിലുള്ള രീതിയിൽ മദ്യവിൽപന തുടരുന്നത് രോഗവ്യാപനത്തിന് ആക്കം കൂട്ടിയേക്കുമെന്നു തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ നിലവിലുള്ള മദ്യവിൽപന സംവിധാനവും രോവ്യാപനതോതും അടിസ്ഥാനമാക്കി വാദം ഉയർന്നിട്ടുണ്ട്. ദേശീയ ലോക്ഡൗണിന്റെ ഭാഗമായി കഴിഞ്ഞവർഷം സംസ്ഥാനത്തെ ഔട്ട്ലെറ്റുകളിൽ ഒാൺലൈൻ ആപ് നടപ്പാക്കിയെങ്കിലും തുടക്കത്തിൽതന്നെ സാങ്കേതിക പ്രശ്നങ്ങളുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ