പത്തനംതിട്ട: സിപിഎമ്മിലെയും കോൺഗ്രസിലെയും പ്രമുഖ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് വരുമെന്ന് പറഞ്ഞ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ പ്രഖ്യാപനം കേട്ട് ഇന്നു രാവിലെ വരെ ഞെട്ടിത്തെറിച്ച് ഇരിക്കുകയായിരുന്നു മറ്റു പാർട്ടികളിലെ നേതാക്കൾ. പക്ഷേ, പിള്ള പുറത്തു വിട്ട പാർട്ടി മാറുന്ന നേതാക്കളുടെ പേര് കണ്ട് പൊട്ടിച്ചിരിക്കുകയാണ് കോൺഗ്രസ്, സിപിഎം നേതാക്കൾ. കാരണം, അവർക്ക് വേണ്ടവർ ആരും ആ ലിസ്റ്റിൽ ഇല്ല. ആരെങ്കിലും കൊണ്ടുപൊക്കോട്ടെ എന്ന് കരുതി മാറ്റി നിർത്തുകയോ മാറി നിൽക്കുകയോ ചെയ്തവരാണ് പിള്ളയുടെ പാർട്ടിയിൽ അഭയം തേടിയിരിക്കുന്നത്.

ഒരൊറ്റ സംസ്ഥാന നേതാവിനെപ്പോലും കൂടെ കൂട്ടാൻ പിള്ളയ്ക്ക് കഴിഞ്ഞില്ല. ഇന്ന് രാവിലെ മണ്ണിൽ റീജൻസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് മറ്റു പാർട്ടികളിലെ പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നതായി പിള്ള പ്രഖ്യാപിച്ചത്. അൽപം ഗ്ലാമർ കിട്ടാൻ പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സൺ രജനി പ്രദീപിനെ അവസാന നിമിഷം ചാക്കിട്ട് പിടിക്കാൻ നീക്കം നടന്നിരുന്നു. ഇതിനായി എംടി രമേഷും പിള്ളയും അവരുമായി ചർച്ച നടത്തുകയും ചെയ്തു. വിവരം മണത്തറിഞ്ഞ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ ഈ വിവരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ രജനിയും ഓടി രക്ഷപ്പെട്ടു.

സേവാദൾ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി, എസ്എഫ്ഐമുൻ ജില്ലാ പ്രസിഡന്റ്, കോൺഗ്രസിന്റെ ഒരു മുൻ മണ്ഡലം പ്രസിഡന്റ്, പിന്നെ പേര് അറിയാത്ത ഏതാനും സിഐടിയുക്കാർ എന്നിവരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. അവരുടെ പട്ടിക ഇതാ: സേവാദൾ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സുരേഷ്‌കുമാർ കേശവപുരം, എസ്എഫ്ഐ മുൻജില്ലാ പ്രസിഡന്റ് പ്രദീപ്കുമാർ, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന നിർവാഹക സമിതിയംഗം അഡ്വ. മണ്ണടി രാജു, സോഷ്യലിസ്റ്റ് ജനത ജില്ലാ സെക്രട്ടറി രാജ്കുമാർ തോമ്പിൽ.

കോൺഗ്രസ് ഓമല്ലൂർ മുൻ മണ്ഡലം പ്രസിഡന്റ് കെപി ഗോപാലകൃഷ്ണൻ നായർ, അഡ്വ കെഎസ് വിജയകുമാർ, സജികുമാർ ഓതറ, ചന്ദ്രൻപിള്ള, അശോക് കുമാർ, സിഐടിയുവിന്റെ മൂന്ന് അംഗങ്ങൾ, കണ്ണനെന്ന പ്രവർത്തകൻ ഇവരൊക്കെയാണ് പട്ടികയിൽ ഉൾപ്പെട്ടത്. അതേസമയം, താൻ ബിജെപിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ചടങ്ങ് നടക്കുന്ന ഹോട്ടലിൽ മറ്റൊരു ആവശ്യത്തിന് പോയതാണെന്നുമാണ് രജനി പ്രദീപ് പറഞ്ഞത്.