തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍, ലോകമെങ്ങും മറയില്ലാതെ വളര്‍ന്ന് വരുന്ന ഭീകര വാദവും, അതിന്റ കാരണങ്ങളെയും കുറിച്ച് അന്വേഷിക്കുന്ന കേരളത്തിലെ മുതിര്‍ന്ന ആര്‍.എസ്. എസ് നേതാവിന്റ 'മദം പൊട്ടിയ മതവാദം' എന്ന ബുക്ക് വീണ്ടും ചര്‍ച്ചയാക്കാന്‍ പരിവാര്‍ പ്രസ്ഥാനങ്ങള്‍. മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ തര്‍ജിമ ചെയ്ത 'ഫണ്ടമെന്റെലിസ്റ്റ്' എന്ന ഇംഗ്ലീഷ് ബുക്കിന്റെ മലയാളം പരിഭാഷ കേരളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കുരുക്ഷേത്ര പ്രകാശനാണ്. ഇസ്രയേലും അയല്‍ രാജ്യങ്ങളുമായുള്ള നിരന്തര പോരാട്ടങ്ങള്‍ മതവിത്യാസത്തിന്റ പേരില്‍ നടക്കുന്നവയാണെന്ന് കാര്യകാരണ സഹിതം പുസ്തകം വിവരിക്കുന്നു. റഷ്യയിലെ ചെചെന്യയിലെ ഇസ്ലാമിക വിഘടന വാദവും, ചൈനയിലെ സിന്‍സിയാങ്ങ് പ്രശ്‌നവും മതഭിന്നതയുടെ പേരിലാണെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. മതവെറി ഇല്ലായിരുന്നുവെങ്കില്‍ അമേരിക്കയില്‍ 9/11 -ന് ലോക വ്യാപാര കേന്ദ്രത്തിന് നേരെയുള്ള അക്രമം നടക്കുമായിരുന്നില്ലെന്നും പറയുന്നു. എല്ലാ ആക്രമണങ്ങള്‍ക്കും പിന്നില്‍ മതഭീകരതെന്ന ചര്‍ച്ച സജീവമാക്കാനാണ് ഈ പുസ്തകം ചര്‍ച്ചയാക്കുന്നതിലൂടെ പരിവാറുകാര്‍ ലക്ഷ്യമിടുന്നത്.

ഭാരതത്തിലാണെങ്കില്‍ ഭാരത വിഭജനം , കാശ്മീര്‍ പ്രശ്‌നം, പാക്കിസ്ഥാനുമായുള്ള നിരന്തര പോരാട്ടം, അയോദ്ധ്യാ പ്രശ്‌നം, ദേ ശവ്യാപകമായ ഭീകരാക്രമണങ്ങള്‍ , 26/11 ന് മുംബയില്‍ നടന്ന ഭീകരാക്രമണം, തുടര്‍ച്ചയായി നടക്കുന്ന വര്‍ഗീയ കലാപങ്ങള്‍ ഇവയെല്ലാം തന്നെ മതഭ്രാന്തിന്റ സൃഷ്ടികളാണ്. ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം പൂര്‍ണമാകണമെങ്കില്‍ അന്യ മതങ്ങളോട് ഒത്തു തീര്‍പ്പില്ലാത്ത ശത്രുത വളര്‍ത്തുന്ന സെമിറ്റിക് മതങ്ങളുടെ സിദ്ധാന്തങ്ങളെ തുറന്ന് എതിര്‍ക്കപ്പെടേണ്ടതുണ്ടെന്ന് പുസ്തകം സമര്‍ത്ഥിക്കുന്നു. തങ്ങളുടേത് ഒഴിച്ച് മറ്റെല്ലാ മതങ്ങളും തെറ്റാണെന്നും തങ്ങളുടെ മതത്തില്‍ കൂടി മാത്രമേ സ്വര്‍ഗപ്രാപ്തി സാധ്യമാകൂ എന്നും സെമിറ്റിക് മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ പറയുന്നു. വര്‍ഗീയതയുടെ പേരില്‍ എല്ലാവരെയും ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് സത്യസന്ധതയില്ലായ്മയാണ്. സമാധാന ചിത്തരായ ഹിന്ദുക്കളെയും വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നത് മതവിദ്വേഷം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മതസിദ്ധാന്തങ്ങളുടെ ന്യൂനത മറച്ചു പിടിക്കാന്‍ മാത്രമുള്ളതാണ്. ഹൈദ്രാബാദ് സ്വദേശി സുബ്രഹമണ്യം ഇംഗ്ലീഷില്‍ രചിച്ച പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 'മദം പൊട്ടിയ മതവാദം' എന്ന പേരില്‍ കേരളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മറ്റു മതക്കാരെയെല്ലൊം തങ്ങളുടെ മതങ്ങളിലേക്ക് മാറ്റിയെടുക്കുകയോ അല്ലെങ്കില്‍ അവയെ നശിപ്പിക്കുകയോ ചെയ്യേണ്ടത് തങ്ങളുടെ മതപരമായ ദൗത്യമാണെന്നും സെമിറ്റിക് മതങ്ങള്‍ അടിയുറച്ച് വിശ്വസിക്കുന്നു. മതരഹിതമായ സമൂഹമല്ല, മറിച്ച് മത ശത്രുത കൈവെടിഞ്ഞ സമൂഹത്തെയാണ് ലോകത്തിനാവശ്യമെന്ന് പുസ്തകം അടിവരയിട്ട് പ്രസ്താവിക്കുന്നു. മതപരമായ അഭിപ്രായ വിത്യാസങ്ങള്‍ പരസ്പര ചര്‍ച്ചകളിലൂടെയും യുക്തിപൂര്‍ണമായ നിഗമനങ്ങളിലൂടെയുമാണ് പരിഹരിക്കപ്പെടേണ്ടത് എന്ന ഹൈന്ദവ കാഴ്ചപ്പാടിന് എതിരാണ് സെമിറ്റിക് മതങ്ങളുടെ നിലപാട്. തങ്ങളുടെ മതസിദ്ധാന്തം പ്രചരിപ്പിക്കാന്‍ സാധാരണക്കാരുടെ മനസില്‍ ഭയം ജനിപ്പിക്കുകയും, മത പരിവര്‍ത്തനവും നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതാണ് മതഭീകരവാദത്തിന്റെ ഉത്ഭവത്തിന് കാരണം. മതഭീകരവാദം ലോക സമാധാനത്തിന് ഉണ്ടാക്കുന്ന ഭീഷണികളെ സൂഷ്മമായി കേരള സമൂഹത്തിനെ ബോധ്യപ്പെടുത്താന്‍ ഈ ഗ്രന്ഥം സഹായിക്കും. മതഭീകരവാദത്തിന്റെയും വര്‍ഗീയ ഭ്രാന്തിന്റെയും തിക്താനുഭവങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കേരളീയര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കും. സെമിറ്റിക് മതങ്ങളുടെ ആവിര്‍ഭാവത്തിന് മുന്‍പ് ലോകമെങ്ങും ജന സമൂഹം അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് സമാധാനപൂര്‍വ്വം ജീവിച്ചിരുന്ന കാലത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1941-ല്‍ പാലക്കാട് ജനിച്ച സേതുമാധവന്‍, കുട്ടിക്കാലത്ത് തന്നെ ആര്‍.എസ്.എസില്‍ അംഗമായി. 1958-മുതല്‍ തൊടുപുഴ, കോട്ടയം, ചെങ്ങന്നൂര്‍, എന്നിവിടങ്ങളില്‍ താലൂക്ക് പ്രചാരകായി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴ, എര്‍ണാകുളം എന്നിവിടങ്ങളില്‍ ജില്ലാ പ്രചാരകായി പ്രവര്‍ത്തിച്ചിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് ഒളിവില്‍ കഴിഞ്ഞ് സത്യാഗ്രഹ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിന്നീട് എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വിഭാഗ് പ്രചാരകായി പ്രവര്‍ത്തിച്ചിരുന്നു. 1981-ല്‍ പ്രാന്ത ശാരീരിക് പ്രമുഖ്, പിന്നീട് ഒരു വര്‍ഷം പ്രാന്ത സേവാ പ്രമുഖ്, ഇക്കാലത്ത് ശബരിമലയിലെ സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1986-ല്‍ സഹപ്രാന്ത പ്രചാരക്, 1994-ല്‍ പ്രാന്ത പ്രചാരക്, 2004-ല്‍ കേരളമുള്‍പ്പെടുന്ന സംസ്ഥാനങ്ങളുടെ സഹ ക്ഷേത്രീയ പ്രചാരക്, 2006-ല്‍ ക്ഷേത്രീയ പ്രചാരക്, 2012 -ല്‍ ധര്‍മ്മ ജാഗരണ്‍ വിഭാഗിന്റെ ചുമതലയുള്ള അഖില ഭാരതീയ കാര്യകാരി അംഗം, 2014 മുതല്‍ അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് തുടങ്ങിയ പദവികളും വഹിച്ചു. ശ്രീലങ്കയിലും, ഗള്‍ഫ് രാജ്യങ്ങളിലും, മറ്റ് വിദേശ രാജ്യങ്ങളിലും സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അദ്ദേഹം ധാരാളം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.