സല്‍മാന്‍ റഷീദ്

നിരാകരിക്കപ്പെടുന്ന സ്ത്രീയുടെ ആത്മവ്യഥകളാണ് സജില്‍ശ്രീധറിന്റെ ശാന്ത എന്ന നോവലിന്റെ അടിസ്ഥാന പരമായ ഇതിവൃത്തം. സ്ത്രീസ്വത്വം അംഗീകരിക്കപ്പെടുന്ന മറ്റൊരാകാശം തേടിയുളള ശാന്തയുടെ യാത്രയിലാണ് നോവല്‍ അവസാനിക്കുന്നത്.
സ്ത്രീ സമൂഹത്തിന്റെ എല്ലാ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ചു എന്ന് അധികാര വര്‍ഗം വീമ്പിളക്കുന്ന കാലത്തും സ്ത്രീയുടെ അവസ്ഥ എത്ര ദൈന്യപൂര്‍ണ്ണമാണെന്ന് വര്‍ത്തമാന കാല സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നു.

നീതിക്കും തുല്യതയ്ക്കും വേണ്ടിയുളള സ്ത്രീയുടെ യാത്രയിലെ പ്രതിബന്ധങ്ങള്‍ എത്ര വലുതാണെന്ന് ഇരകളും അതിജീവിതമാരും നമ്മോട് പറയുന്നു. ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമായ ഒന്നാണ് ശാന്ത എന്ന നോവലിന്റെ വായന. പൗരാണിക കാലത്തിന്റെ പശ്ചാത്തലത്തില്‍ പറയപ്പെടുന്ന ശാന്ത വാസ്തവത്തില്‍ എല്ലാ കാലത്തിന്റെയും രചനയാണ്. ആദിമകാലത്തെയും വര്‍ത്തമാനകാലത്തെയും ഭാവികാലത്തെ പോലും ഈ നോവല്‍ പ്രതിനിധീകരിക്കുന്നു.

എന്തെന്നാല്‍ സ്ത്രീയുടെ അവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് സ്ത്രീകള്‍ക്ക് പോലും ഉറപ്പു പറയാനാവാത്ത വിധം സ്ത്രീവിരുദ്ധത കളം നിറയ്ക്കുന്ന ഭീഷണമായ ഒരു കാലം നമ്മെ തുറിച്ചു നോക്കുന്നു. പുരുഷാധിപത്യസമൂഹം സ്ത്രീയോട് കാട്ടുന്ന അനീതികളില്‍ അവള്‍ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരന്റെ ഇംഗിതങ്ങളെ പിന്‍തുണയ്ക്കുകയാണ് അധികാരവര്‍ഗവും ഒപ്പം ഒരു വിഭാഗം സ്ത്രീകള്‍ പോലും. ഈ ദുരവസ്ഥയ്ക്ക് ഒരു മാറ്റം അനിവാര്യമാണ്. ആ അനിവാര്യതയുടെ മറുവാക്കാണ് ശാന്ത.

അഭിമാനബോധത്തിന്റെ പ്രതീകം

പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥാപിത സമൂഹത്തോടും സങ്കല്‍പ്പത്തോടും നിരന്തരം കലഹിക്കുകയും ഏറ്റുമുട്ടുകയും എന്നിട്ടും തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരെ നിരാകരിച്ച് സ്ത്രീയുടെ വ്യക്തിസത്വത്തിന് വില കല്‍പ്പിക്കപ്പെടുന്ന ഒരു ലോകത്തിലേക്ക് പലായനം ചെയ്യുന്ന ശാന്ത സ്ത്രീയുടെ അഭിമാന ബോധത്തിന്റെ എക്കാലത്തെയും വലിയ മാതൃകകളില്‍ ഒന്നായി പരിണമിക്കുന്നു.

പെണ്ണായി പിറന്നു എന്ന ഏക കാരണത്താല്‍ രാജ്യാധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട ശാന്തയെ മറ്റൊരാള്‍ക്ക് കൈമാറാന്‍ ജന്മം നല്‍കിയ മാതാപിതാക്കള്‍ പോലും മടിക്കുന്നില്ല. ഏറ്റെടുത്തു വളര്‍ത്തിയവരും വിവാഹം കഴിക്കാനും കുട്ടികളെ പ്രസവിക്കാനും ഭര്‍ത്താവിനെ ശുശ്രുഷിക്കാനും മാത്രം വിധിക്കപ്പെട്ടവള്‍ എന്നതിനപ്പുറം അവളുടെ തനത് വ്യക്തിത്വത്തെയും സഹജവാസനകളെയു പരിഗണിക്കാന്‍ തയ്യാറാവുന്നില്ല. വിവാഹകാര്യത്തില്‍ പോലും അവളുടെ താത്പര്യങ്ങള്‍ അവരുടെ പരിഗണനാ വിഷയമായില്ല. ഞങ്ങള്‍ പറയുന്നത് അനുസരിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവളാണ് നീ എന്ന നിശ്ശബ്ദ സന്ദേശത്തിലുടെ അവളുടെ അഭീഷ്ടങ്ങളെ അവര്‍ കൂഴിച്ചു മൂടി.

ദാമ്പത്യജീവിതത്തില്‍ തത്പരനല്ലാത്ത മുനികുമാരനെ കൈപിടിച്ചു കൊടുത്തതിലുടെ ഒരു സ്ത്രീയുടെ ജീവശാസ്ത്രപരമായ കാമനകള്‍ പോലും അവള്‍ക്ക് നിഷേധിക്കപ്പെട്ടു. ഭാര്യയെയല്ല വേതനമില്ലാത്ത ഒരു പരിചാരികയെയാണ് ഋഷ്യശൃംഗന് ആവശ്യമെന്നറിഞ്ഞിട്ടും ശാന്തയെ അവളുടെ വഴിക്ക് വിടാന്‍ ഉറ്റവര്‍ തയ്യാറായില്ല. എല്ലാം സഹിച്ചും ക്ഷമിച്ചും തന്റേതായ ഇഷ്ടാനിഷ്ടങ്ങളും വികാരങ്ങളും അടിച്ചമര്‍ത്തിയും ഭര്‍ത്തൃഹിതത്തിനായി ജന്മം ഉഴിഞ്ഞു വയ്ക്കേണ്ടവളാണ് സ്ത്രീയെന്ന് അവര്‍ അവളോട് തുറന്ന് പറയുന്നു.

പെണ്ണായി പിറന്നു എന്നതിനാല്‍ ജന്മം മുഴുവന്‍ രണ്ടാം തരം പൗരനായി സ്വകീയമായ എല്ലാം ത്യജിച്ചുകൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടതിന്റെ കടുത്ത ആത്മസംഘര്‍ഷങ്ങള്‍ ശാന്തയെ വല്ലാത്ത ഒരു തരം മാനസികാവസ്ഥയില്‍ എത്തിക്കുന്നു. മൃതതുല്യമായ ഒരു ജീവിതത്തിന്റെ വിരക്തിയും മടുപ്പും നിരാശയും ദുഖവും എല്ലാം കീഴ്പെടുത്തിയ അവളുടെ മനോതലങ്ങളിലുടെ സഞ്ചരിക്കുന്ന തികച്ചും അനുഭവ തലസ്പര്‍ശിയായ നോവലാണ് ശാന്ത.

പുര്‍ണ്ണതയെ സ്പര്‍ശിക്കുന്ന നോവല്‍

കേന്ദ്രകഥാപാത്രമായ ശാന്തയെ അസാധാരണമായ മിഴിവോടെയാണ് നോവലിസ്റ്റ് വരച്ചിട്ടിട്ടുളളത്. അവരുടെ വീക്ഷണകോണില്‍ ഊന്നി നിന്ന് വളരെ വൈകാരികമായി തന്നെ കഥാകഥനം നിര്‍വഹിച്ചിരിക്കുന്നു. കുറച്ച് പറഞ്ഞ് കൂടുതല്‍ ധ്വനിപ്പിക്കുന്ന ധ്വനിസാന്ദ്രമായ സമീപനം. ആഖ്യാനത്തിലെ മിതത്വവും ഒതുക്കവും ശ്രദ്ധേയമാണ്. ശില്‍പ്പഘടനയില്‍ നോവലിസ്റ്റ് നന്നായി മനസിരുത്തിയിട്ടുണ്ട്. അനാവശ്യമായ ഒരു വാക്കോ വരിയോ ഖണ്ഡികയോ വിവരണബാഹുല്യമോ കൂടാതെ കുറച്ച് പറഞ്ഞ് കൂടുതല്‍ ധ്വനിപ്പിക്കുന്ന രീതി നോവലിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.

സിനിമാ ഫ്രെയിമുകള്‍ പോലെ സീക്വന്‍സുകളെ വിഷ്വലൈസ് ചെയ്ത് അവതരിപ്പിക്കാനും എഴുത്തുകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
കാലഘട്ടത്തിന് യോജിച്ച പൗരാണികവും സൗന്ദര്യാത്മകവുമായ ഭാഷ സന്നിവേശിപ്പിക്കുമ്പോള്‍ തന്നെ നോവല്‍ മികച്ച പാരായണക്ഷമത നിലനിര്‍ത്തുന്നു. ഇതിവൃത്തത്തിന്റെ ആന്തരഗൗരവത്തിന് കോട്ടം തട്ടാതെ തന്നെ ആസ്വാദനക്ഷമമായി ആഖ്യാനം നിര്‍വഹിക്കുന്നു എന്ന ഇരട്ട ദൗത്യവും ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശാന്തയുടെ മാനസികാപഗ്രഥനം അസാധാരണമായ ചാരുതയോടെയാണ് നിര്‍വഹിച്ചിട്ടുളളത്. ഇടക്കാലത്ത് മലയാളത്തിന് നഷ്ടമായ കാവ്യാത്മകമായ ആഖ്യാനസമീപനവും ശാന്തയുടെ പ്രത്യേകതകളിലൊന്നാണ്.

ആരും പറയാത്ത ജീവിതം

ആരും പറയാത്ത ഒരു ജീവിതപരിസരം അസാധാരണമായ കയ്യടക്കത്തോടെ പറയാന്‍ കഴിയുന്നു എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. മലയാളത്തില്‍ ഇതാദ്യമായാണ് ശാന്തയുടെ ജീവിതം നോവലിന് ഇതിവൃത്തമാകുന്നത്. ദുര്‍മേദസുകള്‍ കുത്തിനിറച്ച് വലിച്ചുവാരി കഥ പറയുന്ന രീതി സമീപകാല സാഹിത്യത്തിലെ പോരായ്മകളില്‍ ഒന്നായി നിരൂപകര്‍ എടുത്തു കാട്ടാറുണ്ട്. എന്നാല്‍ വെല്‍ എഡിറ്റഡ് റൈറ്റിംഗ് പാറ്റേണിലുടെ ഇത്തരം കളകള്‍ പറിച്ച് നോവലിനെ സ്ഫടിക ശുദ്ധമാക്കാന്‍ സജില്‍ശ്രീധര്‍ ശ്രമിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളിലുളള അനുഭവ പരിചയം ഒരുപക്ഷെ അദ്ദേഹത്തെ പിന്‍തുണച്ചിരിക്കാം.

നോവലിന്റെ ആകത്തുകയിലെ മികവ് തന്നെയാണ് ഏറ്റവും പ്രധാനമായി തോന്നിയത്. പ്രമേയം, ആഖ്യാനം, ഭാഷ, അന്തരീക്ഷസൃഷ്ടി, പാത്രാവിഷ്‌കാരം, ദര്‍ശനം, ശില്‍പ്പസംവിധാനം, ബിംബകല്‍പ്പനകള്‍….എന്നിങ്ങനെ സമസ്ത തലങ്ങളിലും നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന വൈഭവം ശ്രദ്ധേയമാണ്. ഒരു നോവലിനെ മികവുറ്റതാക്കുന്ന വിവിധ ഘടകങ്ങളെ കൃത്യമായി സമന്വയിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ശാന്തയുടെ വിജയം.

മറ്റൊരു മേന്മ നോവലിന്റെ ഭാവസാന്ദ്രതയാണ്. എഴുത്ത് ഒരു അനുഭവമാകണം എന്ന് വിശ്വസിക്കുന്ന വായനക്കാരെയും എഴുത്തുകാരെയും തീര്‍ച്ചയായും പ്രചോദിപ്പിക്കും വിധമാണ് ശാന്ത എന്ന കൃതിയുടെ ആവിഷ്‌കാരം. കെട്ടഴിച്ചു വിടപ്പെട്ട വൈകാരികതയല്ല നിയന്ത്രിതമായ വൈകാരികതയിലുടെ നോവലിന്റെ ഭാവാത്മകതഅനുവാചക മനസിനെ പിന്‍തുടരുന്നു. ഇക്കാര്യത്തില്‍ രണ്ടാമൂഴം അടക്കമുളള വലിയ കൃതികളെ ഓര്‍മ്മിപ്പിക്കുന്ന രചനയാണിത്.

ലാളിത്യമാര്‍ന്ന ഭാഷയും ആവിഷ്‌കാരസമീപനവും പുലര്‍ത്തുമ്പോള്‍ തന്നെ നിശ്ചിത നിലവാരം നിലനിര്‍ത്തുവാനും ഗൗരവപുര്‍ണ്ണമായ ഒരു നോവല്‍ ശില്‍പ്പം വാര്‍ത്തെടുക്കാനും കഴിയുക എന്നത് ചെറിയ കാര്യമല്ല. വലിയ സാധന ആവശ്യമുളള ഈ ദൗത്യം വളരെ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു നോവലിസ്റ്റ്.

വാസവദത്ത, അവര്‍ണ്ണന്‍, സര്‍വജ്ഞപീഠം…എന്നിങ്ങനെ സജില്‍ ശ്രീധറിന്റെ ഇതര കൃതികള്‍ വായിച്ചിട്ടുളള ഒരാളെന്ന നിലയില്‍ നിസംശയം പറയാം. അവയേക്കാളൊക്കെ ഒരു പടി മുന്നില്‍ നില്‍ക്കുന്ന രചനയാണ് ശാന്ത. വായിച്ച് കഴിഞ്ഞാലും സുഖമുളള നോവായി, വല്ലാത്ത വിങ്ങലായി ശാന്ത അനുവാചക മനസില്‍ തങ്ങി നില്‍ക്കും.

പുതുകാലത്തെ മനുഷ്യകഥ

കാലം ആവശ്യപ്പെടുന്ന നീതിബോധത്തോടെ ഇതിഹാസത്തെ തൊടുന്ന സ്ത്രീപക്ഷ നോവല്‍ എന്നാണ് ബ്ലര്‍ബില്‍ പ്രമുഖ എഴുത്തുകാരി കെ.രേഖ വിശേഷിപ്പിച്ചിട്ടുളളത്. രാജാധികാരത്തിന്റെയും ആണധികാരശ്രേണിയുടെയും നിബന്ധനകളാല്‍ പുറന്തളളപ്പെട്ട ശാന്തയുടെ കഥ ആര്‍ദ്രമായും ശക്തമായും ആവിഷ്‌കരിക്കപ്പെടുന്നു. ഏറ്റവും പുതിയ കാലത്തെ മനുഷ്യകഥയായും വായിച്ചു പോകാവുന്ന നോവലെന്നും രേഖ പറയുന്നു. എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ വസിക്കുന്നു എന്ന ദര്‍ശനം ശാന്തയുടെ ജീവിതം കൊണ്ട് തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും അവര്‍ തുടര്‍ന്ന് എഴുതുന്നു.

രാമായണത്തിലെ അപുര്‍ണ ബിന്ദുക്കളില്‍ നിന്ന് ശാന്തയുടെ ജീവിതത്തെ സൂക്ഷ്മമായി കണ്ടെടുത്ത് പൂരിപ്പിക്കുന്ന കൃതിയാണിതെന്ന്
പുതുകാലത്തിന്റെ കഥാകാരനായ ജി.ആര്‍.ഇന്ദുഗോപന്‍ പറയുന്നു. എസ്.ഹരീഷ് മറ്റൊരു തലത്തിലാണ് ഈ കൃതിയെ നോക്കി കാണുന്നത്.
രാമകഥയിലെ ആരും ശ്രദ്ധിക്കാത്ത വേദനാജനകമായ ഒരു ശകലത്തെ പുതിയ കാലത്തിന്റെ നേരില്‍ സജില്‍ശ്രീധര്‍ ഈ നോവലില്‍ എഴുതുന്നു. ധാര്‍മ്മികത പറയുന്ന വലിയ നായകന്‍മാരുടെ കീഴെ അരഞ്ഞു പോയ ജീവിതമാണ് ദശരഥ പുത്രിയായ ശാന്തയുടേത്. അതിനെ സ്ത്രീപക്ഷത്തു നിന്ന് വിചാരണ ചെയ്യുന്നു കഥാകാരന്‍. പ്രമേയം കൂടാതെ മികച്ച ഭാഷയും കഥ പറച്ചിലും നോവലിനെ വ്യത്യസ്തമാക്കുന്നു.
മനോരമ ഓണ്‍ലൈനില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട സന്ദര്‍ഭത്തില്‍ വായനക്കാരില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ച ശാന്ത പുസ്തകരൂപത്തിലെത്തിക്കുന്നത് മാതൃഭൂമി ബുക്സാണ്.

ശാന്ത
(നോവല്‍)
സജില്‍ ശ്രീധര്‍
മാതൃഭൂമി ബുക്സ്
വില 190