അടൂർ: ഹോളിവുഡ് സിനിമകളിലെ യുദ്ധരംഗങ്ങളും കാർ ചേസിങ്ങും ഒരു പാട് കണ്ടിട്ടുണ്ട് ലിയ ആൻ വർഗീസ്. പക്ഷേ, അത്തരമൊരു രംഗം യഥാർഥ ജീവിതത്തിൽ കണ്ടുവെന്ന് മാത്രമല്ല, അതിൽ ഭാഗഭാക്കാകുകയും ചെയ്തു ഈ പെൺകുട്ടി. യുദ്ധം ഗ്രസിച്ചിരിക്കുന്ന കാർക്കീവിൽ നിന്നുള്ള ലിയയുടെ രക്ഷപ്പെടലിന് ഒരു ഹോളിവുഡ് സിനിമയുടെ ത്രില്ലുണ്ട്. വീട്ടിലിരുന്ന് ആ കഥ പറയുമ്പോഴും ഭയം വിട്ടൊഴിഞ്ഞിരുന്നില്ല ലിയയ്ക്ക്. അടൂർ മണക്കാല തുവയൂർ നോർത്ത് ചേനക്കാലായിൽ വർഗീസിന്റെയും സിനിയുടെയും മകളാണ് ലിയ ആൻ വർഗീസ്.

ചീറിപ്പായുന്ന ഷെല്ലുകൾക്കിടയിലൂടെ യുക്രൈൻ അതിർത്തി കടന്നാണ് കാർക്കീവ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ ലിയ വെള്ളിയാഴ്‌ച്ച രാത്രിയിൽ വീട്ടിൽ എത്തിയത്. 28 ന് പുലർച്ചെ കാർക്കീവിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ടാക്സി ബുക്ക് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു. എട്ടു മണിയോടെയാണ് ടാക്സി ലഭിച്ചത്. അത് വരാൻ വേണ്ടി പുറത്ത് കാത്ത് നിൽക്കുമ്പോൾ ഫ്ളാറ്റിന് മുന്നിൽ ഉള്ള ഒരു കെട്ടിടത്തിന് മുകളിൽ മിസൈൽ വീണു. അവിടം ഒരു അഗ്നി ഗോളമായി. ഞെട്ടൽ വിട്ടു മാറുന്നതിന് മുൻപ് സമീപത്തായി ബോംബ് വീണ് പൊട്ടിത്തെറിച്ചു. ഇതേ സമയത്താണ് ലിയ ബുക്ക് ചെയ്ത ടാക്സിയും മുന്നിൽ വന്ന് നിന്നത്. അപ്പോഴതാ റോഡിലേക്കും ഒരു മിസൈൽ വീണു.

വേഗം കാറിൽ കയറൂ... ടാക്സി ്രൈഡവർ അലറി. ലിയ കയറിയതും കാർ റോക്കറ്റ് പോലെ കുതിച്ചു. പിന്നിലേക്ക് തിരിഞ്ഞു നോക്കിയ ലിയ കണ്ടത് ഒരു തീഗോളമാണ്. മനസിൽ ഒരു നീറ്റലായിരുന്നു. വീടണയാൻ കഴിയുമോ എന്ന ചിന്ത മനസിനെ ഗ്രസിച്ചിരുന്നു. പത്ത് മിനിറ്റിനകം ബൊക്സാൻ റെയിൽവേ സ്റ്റേഷനിൽ എത്തി. ടാക്സി ഇവിടെ എത്തിയതിന് പിന്നാലെ അപായ സൂചനയായി സൈറൺ മുഴങ്ങി.

കാറിൽ നിന്നും ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് ഒറ്റയോട്ടമായിരുന്നു ലിയ. അപ്പോൾ ലെവീവിലേക്ക് ട്രെയിനുണ്ടായിരുന്നു. ഒരു വിധത്തിൽ അതിനുള്ളിൽ തള്ളിക്കയറി. കയറിക്കഴിഞ്ഞുള്ള പത്ത് മിനിറ്റ് സമയം അന്തരീക്ഷത്തിലായിരുന്നു. കാരണം, കാൽകുത്താൻ ഇടമില്ല. തുടർന്ന് പെൺകുട്ടികൾക്ക് ക്യാബിനിൽ ഇരിക്കാൻ സൗകര്യം ക്രമീകരിച്ചു നൽകി. 22 മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം ലെവീവിൽ എത്തി. മാർച്ച് ഒന്നിന് രാവിലെ ഏഴിന് ലവീവിൽ വന്ന് ബസിനായി കാത്ത് നിൽക്കുമ്പോൾ അടുത്ത സൈറൺ മുഴങ്ങി. ലവീവിൽ മരം കോച്ചുന്ന തണുപ്പായിരുന്നു.

മഞ്ഞ് പൊഴിയുന്നുണ്ടായിരുന്നു. ബസിൽ ഇരുന്നപ്പോൾ വീണ്ടും സൈറൺ മുഴങ്ങി. ഇതോടെ ബസ് വളരെ വേഗത്തിൽ ഓടിച്ചു പോയി. ബസിൽ 29 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അവിടെ നിന്ന് ചോപ്പിലെത്തി. നാലഞ്ച് മണിക്കൂർ കാത്ത് നിന്ന ശേഷം ചോപ്പ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹംഗറി അതിർത്തിയിൽ എത്തി. എമിഗ്രേഷൻ നടപടി പൂർത്തിയാക്കി അടുത്ത ട്രെയിനിനായി കാത്ത് നിന്നു. അവിടെ നിന്ന് മാർച്ച് രണ്ടിന് പുലർച്ചെ 1.30 ന് ട്രെയിൻ ലഭിച്ചു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ പുലർച്ചെ ആറിന് എത്തി. ഇവിടെ വാഹനം വരാൻ അഞ്ച് മണിക്കൂറിലധികം കാത്ത് നില്ക്കേണ്ടതായി വന്നു. ഹംഗറിയിൽ നിന്ന് ഇന്ത്യൻ എംബസിയിലേക്ക് കൊണ്ടു പോയി.

അവിടെ നിന്നും ബുഡാപെസ്റ്റ് എയർപോർട്ടിൽ കൊണ്ടു വിട്ടു. ഹംഗേറിയൻ സമയം 2.15 ന് എയർപോർട്ടിൽ രേഖ പരിശോധന ആരംഭിച്ചു. മൂന്നിന് പുലർച്ചെ അഞ്ചിന് ഡൽഹിയിൽ എത്തി. തുടർന്ന് പകൽ 11.50 ന് ഡൽഹിയിൽ നിന്ന് യാത്ര തിരിച്ച് വൈകിട്ട് മൂന്നിന് കൊച്ചിയിൽ എത്തി. അമ്മ സിനി അനുജത്തി ലനീറ്റായും ലിയാ ആൻ വർഗീസിനെ കൂട്ടികൊണ്ട് വരാൻ എയർ പോർട്ടിലുണ്ടായിരുന്നു.

യുദ്ധം തുടങ്ങിയ സമയത്ത് കർഫ്യൂ ഇളവിൽ സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിലെത്തിയെങ്കിലും നാല് കിലോമീറ്റർ നീണ്ട ക്യൂവായിരുന്നു. ഇതോടെ സാധനങ്ങൾ വാങ്ങാതെ ഫ്ളാറ്റിലേക്ക് മടങ്ങി. അന്ന് ഏതു നേരവും ഷെല്ലുകൾ പൊട്ടുന്നതിന്റെ കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. കെട്ടിടങ്ങളുടെ മുകളിലൊക്കെ ഷെല്ലുകൾ പതിക്കുന്ന നേർക്കാഴ്ച ഇപ്പോഴും പേടിപ്പെടുത്തുകയാണെന്ന് ലിയാ ആൻ വർഗീസ് പറഞ്ഞു.