തിരുവനന്തപുരം: സംസ്ഥാനം കൂടുതൽ വലിയ കടക്കെണിയിലേക്ക്. ഈ മാസം മാത്രം 8000 കോടി രൂപയാണ് കടമെടുക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ കടമെടുക്കൽ പരിധി കൂട്ടിയതാണ് ഇതിന് കാരണം. അല്ലെങ്കിൽ എല്ലാം അവതാളത്തിൽ ആകുമായിരുന്നു. അങ്ങനെ കടമെടുത്ത് പിണറായി സർക്കാർ മുമ്പോട്ട് പോകുമ്പോൾ ഭാവി കേരളം വമ്പൻ പ്രതിസന്ധിയിലേക്ക് മാറുകയാണ്.

പ്രതിസന്ധി കാരണം സാമ്പത്തിക വർഷം തീരാൻ 4 ദിവസം മാത്രം ശേഷിക്കെ വികസന പദ്ധതികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച തുകയിൽ കാൽ പങ്കും ചെലവിട്ടതുമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇതും. പക്ഷേ വോട്ടെടുപ്പിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷനും പരിഷ്‌കരിച്ച ശമ്പളവും സർവീസ് പെൻഷനും നൽകുകയും ചെയ്യും. അതിനായി 4,000 കോടി കൂടി സർക്കാർ കടമെടുക്കാൻ തീരുമാനിച്ചു. ഭരണ തുടർച്ചയ്ക്ക് വേണ്ടിയുള്ള കടമെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ ഇനി അധികാരത്തിൽ ഏറുന്ന സർക്കാരിന് കടം തിരിച്ചടയ്ക്കൽ മാത്രമാകും ഏക ജോലി.

ഈ മാസത്തെ ആകെ കടമെടുപ്പ് 8,000 കോടിയിലെത്തി. വോട്ടു ലക്ഷ്യമിട്ട് ഈ മാസത്തെയും അടുത്ത മാസത്തെയും ക്ഷേമ പെൻഷൻ അടുത്ത മാസം 5 നു മുൻപ് ഒരുമിച്ചു നൽകാനാണ് തീരുമാനം. പരിഷ്‌കരിച്ച ശമ്പളവും പെൻഷനും വോട്ടെടുപ്പിനു മുൻപു നൽകാനുള്ള തീരുമാനവും വോട്ട് ലക്ഷ്യമിട്ടാണ്. മാസത്തിന്റെ പകുതിയോടെയാണു ശമ്പള, പെൻഷൻ വിതരണം സാധാരണ പൂർത്തിയാകുക. ത്തവണ ഇതെല്ലാം നേരത്തെ ചെയ്യും. പെൻഷൻ കിട്ടിയില്ലെങ്കിൽ വോട്ട് കുറയുമോ എന്ന ഭയം സംസ്ഥാന സർക്കാരിനുമുണ്ട്.

പ്രളയത്തിൽ തകർന്ന കേരളത്തിൽ സുസ്ഥിര വികസന പദ്ധതികൾ നടപ്പാക്കാനുള്ള റീബിൽഡ് കേരള പദ്ധതിക്കായി സർക്കാർ മാറ്റി വച്ച 1000 കോടി രൂപയിൽ 229 കോടി മാത്രമാണ് ഇന്നലെ വരെ ചെലവിട്ടത്. കഴിഞ്ഞ വർഷവും 1000 കോടി രൂപ മാറ്റിവച്ചെങ്കിലും ഒന്നും ചെലവിട്ടിരുന്നില്ല. നവകേരള നിർമ്മിക്കാനായി ഏർപ്പെടുത്തിയ പ്രളയ സെസ് വഴി 1390 കോടി രൂപയാണു കഴിഞ്ഞ സെപ്റ്റംബർ വരെ സർക്കാർ പിരിച്ചത്. പദ്ധതികളൊന്നും സമയബന്ധിതമായി തുടങ്ങിയിട്ടു പോലുമില്ല. ഈ തുകയും വകമാറ്റി ചെലവഴിക്കുന്നുവെന്നാണ് വിലയിരുത്തൽ.

ഈ മാസം മാർച്ച് 2ന് 1000 കോടി കടമെടുത്തിരുന്നു. മാർച്ച് 16ന് 1000 കോടിയും. മാർച്ച് 23ന് വീണ്ടും 2000 കോടി കടമെടുത്തു. മാർച്ച് 30ന് 4000 കോടിയും കടമെടുക്കുന്നുണ്ട്. അങ്ങനെ മാർച്ചിൽ ആകെ 8000 കോടി കടമെടുത്തുവെന്നാണ് മനോരമയുടെ റിപ്പോർട്ട്.