- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് മുൻതൂക്കം; മുൻസിപ്പാലിറ്റികളിൽ കരുത്തുകാട്ടി യുഡിഎഫ്; കൂടുതൽ അക്കൗണ്ടുകൾ തുറന്ന് ബിജെപി; തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന് മുന്നേറ്റം; ബിജെപി രണ്ടാമത് വന്നപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കവേ ഇടതു മുന്നണിക്ക് മേൽകൈ. ത്രിതല പഞ്ചായത്തുകളിൽ എൽഡിഎഫ് നേട്ടം കൊയ്തപ്പോൾ മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് നില മെച്ചപ്പെടുത്തി. കോർപ്പറേഷനുകളിൽ ഇടതു മുന്നണി ശക്തമായ ത്സരത്തെ അതിജീവിച്ച് ലീഡു ചെയ്യുന്നുണ്ട്. ആറ് കോർപറേഷനുകളിൽ നാലിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു. കണ്ണൂർ കോർപറേഷനിൽ ഇത്തവണ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞു.
86 മുനിസിപ്പാലിറ്റികളിൽ 38 ഇടത്ത് എൽ.ഡി.എഫും 39 ഇടത്ത് യു.ഡി.എഫും 3 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ഇടത്ത് എൽ.ഡി.എഫും നാലിടത്ത് യു.ഡി.എഫും ആണ് മുന്നില. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 93 ഇടത്ത് എൽ.ഡി.എഫ് 55 ഇടത്ത് യു.ഡി.എഫ് മൂന്നിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. 941 ;്രഗാമപഞ്ചായത്തുകളിൽ 396 ഇടത്ത് എൽ.ഡി.എഫും 330 ഇടത്ത് യു.ഡി.എഫും 29 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുകയാണ്.
മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യു.ഡി.എഫിന് ലീഡ് ചെയ്യാൻ കഴിയുന്നത്.പാലക്കാട്, ചെങ്ങന്നൂർ, ഷോർണൂർ നഗരസഭയിൽ ബിജെപിക്ക് നേട്ടമുണ്ടായി. അങ്കമാലി, കളമശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളിൽ ബിജെപി അക്കൗണ്ട് തുറന്നു. കൊച്ചി കോർപറേഷനിൽ ഒരിടത്ത് വിജയിക്കുകയും നാലിടത്ത് ലീഡ് ചെയ്യുകയുമാണ്. കോഴിക്കോട് മേയറുടെ വാർഡ് ബിജെപി പിടിച്ചെടുത്തു. തൃശൂർ കോർപറേഷനിൽ ബിജെപി വക്താവും മേയർ സ്ഥാനാർത്ഥിയുമായ ബി.ഗോപാലകൃഷ്ണൻ 241 വോട്ടിന് പരാജയപ്പെട്ടു. യു.ഡി.എഫാണ് ഇവിടെ വിജയിച്ചത്.
ജോസ് കെ.മാണിയിലുടെ പാലാ നഗരസഭയിലാണ് എൽ.ഡി.എഫ് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയത്. ജോസ്-ജോസഫ് നേരിട്ട് ഏറ്റുമുട്ടിയ നാല് വാർഡുകളിലും ജോസ് പക്ഷം വിജയിച്ചു. യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി കുര്യാക്കോസ് പടവൻ തോറ്റു. 13 വാർഡുകളിലെ ഫലം അറിവായപ്പോൾ 9 ഇടത്ത് എൽ.ഡി.എഫും നാലിടത്ത് യു.ഡി.എഫും വിജയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഷോൺ ജോർജ് ലീഡ് ചെയ്യുന്നു.
കൊടുവള്ളിയിൽ സ്വതന്ത്രസ്ഥാനാർത്ഥി കാരാട്ട് ഫൈസലിന് ജയം. ഔദ്യോഗിക എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്. ആറ് കോർപറേഷനുകളിൽ മൂന്നിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നു. തലസ്ഥാനത്ത് എൽഡിഎഫ് മേയർ സ്ഥാനാർത്ഥികൾ തോറ്റു. എൽഡിഎഫ് മേയർ സ്ഥാനാർത്ഥികളായ പുഷ്പലതും ഒലീനയും പരാജയപ്പെട്ടു. നിലവിലെ മേയർ ശ്രീകുമാർ കരിക്കകം വാർഡിലും തോറ്റു.
പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് തകർന്നു. അകത്തേത്തറയിലും മലമ്പുഴയിലും ബിജെപി മുന്നേറ്റം. പട്ടാമ്പിയിൽ യുഡിഎഫ് വിമതർ നിർണ്ണായക ശക്തിയായി. പട്ടാമ്പിയിൽ ആറ് വാർഡുകളിൽ ആണ് കോൺഗ്രസ്സ് വിമതർ വിജയിച്ചത്. ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ എൽഡിഎഫിന് വിജയം. ഉള്ള്യേരി പഞ്ചായത്തിൽ കെ സുരേന്ദ്രന്റെ സഹോദരന് തോൽവി. എൻഡിഎ സ്ഥാനാർത്ഥി കെ. ഭാസ്കരനാണ് തോറ്റത്.
കിഴക്കമ്പലത്തിനു പുറമെ ഐക്കരനാടും ട്വന്റി ട്വന്റി പിടിച്ചെടുത്തു. മഴുവന്നൂരിലും കുന്നത്തുനാട്ടിലും ട്വന്റി ട്വന്റിക്ക വിജയം നേടി. പന്തളം നഗരസഭയിൽ എൻ.ഡി.എ. ഭരണം പിടിച്ചെടുത്തു. എൽ.ഡി.എഫ്. ഭരിച്ചിരുന്ന നഗരസഭയിൽ 17-ഇടത്ത് എൻ.ഡി.എ. വിജയിച്ചു. ബിജെപി.ക്ക് വൻ മുന്നേറ്റം. നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി അക്കൗണ്ട് തുറന്നു. ഒഞ്ചിയത്ത് എൽഡിഎഫ് ആർഎംപി സ്ഥാനാർത്ഥിയെ തോൽപിച്ചു. കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാർഡിൽ ബി.ജെപി സ്ഥാനാർത്ഥി ഷൈജു വിജയിച്ചു.
മറുനാടന് മലയാളി ബ്യൂറോ