തിരുവനന്തപുരം: സംസ്ഥാനത്ത ലോക്ക്ഡൗൺ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജൂൺ 9വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. കൂടുതൽ ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗൺ നടപ്പാക്കുക. മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കി.

ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. കയർ, കശുവണ്ടി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവർത്തിക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിന് മുകളിലാകാൻ പാടില്ല.

വ്യവസായ സ്ഥാപങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നൽകുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അഞ്ചു മണി വരെ പ്രവർത്തിക്കാനും അനുമതി നൽകി. ബാങ്കുകൾ നിലവിലുള്ളതിന് സമാനമായി ആഴ്ചയിൽ മൂന്നു ദിവസം തന്നെ പ്രവർത്തിക്കും. അതേസമയം പ്രവർത്തി സമയം വൈകീട്ട് അഞ്ചു മണി വരെയാക്കി ദീർഘിപ്പിച്ചു.

വിഭ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹ ആവശ്യത്തിനുള്ള ടെക്സ്‌റ്റൈൽ, സ്വർണം, പാദരക്ഷ എന്നീ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് അഞ്ചു വരെ തുറക്കാം

കള്ളുഷാപ്പുകളിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കള്ള് പാർസൽ ആയി നൽകാനും ആനുമതിയുണ്ട്. പാഴ്‌വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ അവ മാറ്റുന്നതിനായി ആഴ്ചയിൽ രണ്ട് ദിവസം തുറന്നുപ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പൂർണതോതിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഇന്ന് 23,513 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,41,759 പരിശോധനകൾ നടത്തി. 198 പേർ മരണമടഞ്ഞു. ഇപ്പോൾ ആകെ ചികിത്സയിലുള്ളത് 2,33,034 പേരാണ്. ഇന്ന് 28,100 പേർ രോഗമുക്തരായി.

സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണ്.

തിരുവനന്തപുരത്ത് 20.21ഉം പാലക്കാട്ട് 23.86ഉം ആണ്. മലപ്പുറം ജില്ലയിൽ ടിപിആർ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആർ) 23ന് 31.53 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. ഇപ്പോൾ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിൽ മെയ്‌ 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കി. അവിടെ ലോക്ക്ഡൗൺ തുടരും. കർശനമായി നിയന്ത്രണങ്ങൾ ഉണ്ടാകും.

പൊതുവെ വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് നാം എത്തിയിട്ടില്ല. എല്ലാ ജില്ലകളിലും മെയ്‌ 31 മുതൽ ജൂൺ 9 വരെ ലോക്ക്ഡൗൺ തുടരാനാണ് തീരുമാനം.

ലോക്ക്ഡൗണിൽ ചില ഇളവുകൾ നൽകും. അത്യാവശ്യ പ്രവർത്തനങ്ങൾ നടത്താനാണിത്.
എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയർ, കശുവണ്ടി മുതലായവ ഉൾപ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ (50 ശതമാനത്തിൽ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കാം.

വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) നൽകുന്ന സ്ഥാപനങ്ങൾ/കടകൾ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5.00 മണിവരെ തുറന്നു പ്രവർത്തിക്കാം.

ബാങ്കുകൾ നിലവിലുള്ള ദിവസങ്ങളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തന്നെ തുടരും. സമയം വൈകുന്നേരം അഞ്ചു മണി വരെ ആക്കി ദീർഘിപ്പിക്കും.

വിദ്യാഭ്യാസാവശ്യത്തിനുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹാവശ്യത്തിനുള്ള ടെക്സ്റ്റയിൽ, സ്വർണം, പാദരക്ഷ എന്നിവയുടെ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.

കള്ളുഷാപ്പുകളിൽ കള്ള് പാഴ്‌സലായി നൽകാൻ അനുമതി നൽകും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകണം പ്രവർത്തിക്കേണ്ടത്.
പാഴ് വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആഴ്ചയിൽ രണ്ടു ദിവസം നൽകി അത് മാറ്റാൻ അനുവദിക്കും.

ബ്ലാക്ക് ഫംഗസ്‌നുള്ള മരുന്ന് ലഭ്യമാക്കണം. ചുരുക്കം രോഗികൾ മാത്രമാണുള്ളത്. വ്യത്യസ്തമായ വിലകൾ പലരും ഇടാക്കുന്ന അവസ്ഥ വരുന്നുണ്ട്. വലിയ വിലയും ഈടാക്കുന്നു.

വൃദ്ധസദനങ്ങളിലെ മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് വാക്‌സിൻ നൽകും. ആദിവാസി കോളനികളിലും 45 വയസിന് മുകളിൽ ഉള്ളവർക്ക് വാക്‌സിനേഷൻ പരമാവധി പൂർത്തീകരിക്കണമെന്നാണ് കണ്ടിട്ടുള്ളത്.കിടപ്പുരോഗികൾക്ക് വാക്‌സിൻ നൽകാൻ പ്രത്യേകം ശ്രദ്ധ നൽകും.

നവജാത ശിശുക്കൾക്ക് കോവിഡ് ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിലും ആവശ്യമായ ജാഗ്രത പാലിക്കും.കൂടുതൽ വാക്‌സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്‌സിനേഷൻ ഊർജിതമാക്കും. ജൂൺ 15നകം പരമാവധി കൊടുക്കും.

ആർഡി കളക്ഷൻ ഏജന്റുമാർക്ക് പോസ്റ്റ് ഓഫീസിൽ കാശടക്കാൻ ആഴ്ചയിൽ രണ്ടു ദിവസം അനുമതി നൽകും.വ്യവസായശാലകൾ കൂടുതലുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി കൂടുതൽ വണ്ടികൾ ഓടിക്കും.

നിയമന ഉത്തരവ് ലഭിച്ചവർ ഓഫീസുകളിൽ ജോയിൻ ചെയ്യാൻ കാത്തു നിൽക്കുന്നുണ്ട്. ഇപ്പോൾ ഓഫീസുകൾ പ്രവർത്തിക്കുന്നവർക്ക് ജോയിൻ ചെയ്യാം. അല്ലാത്തവർക്ക് സമയം ദീർഘിപ്പിച്ച് നൽകാവുന്നതാണ്.

പ്രവാസികൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിൽ നൽകുമ്പോൾ ആധാർ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം പോകുന്നതെന്ന പ്രശ്‌നമുണ്ട്. ഭൂരിഭാഗംപേരും മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. അതുകൊണ്ട് നിലവിൽ കയ്യിലുള്ള മൊബൈൽ നമ്പറിൽ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കും

212 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 30 ശതമാനത്തിന് മുകളിലാണ് ടിപിആർ. 17 സ്ഥാപനങ്ങളിൽ 50 ശതമാനത്തിന് മുകളിലും. ഈ തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന നടത്തും.ഇടുക്കിയിലെ വട്ടവട, മറയൂർ, കാന്തല്ലൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

മലപ്പുറത്ത് 25 പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലും ഇല്ല എന്നത് ഗൗരവമാണ്. ജനങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളാണ് ഇവയൊക്കെ. അക്കാര്യത്തിൽ ഒരു അലംഭാവവും പാടില്ല. ഇവ നിലവിൽ ഇല്ലാത്ത പഞ്ചായത്ത് അധികൃതരെ വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ഇവ ഉണ്ടാക്കുന്നതിനാവശ്യമായ മുൻകൈ ബന്ധപ്പെട്ടവർ എടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നിലുള്ള പ്രധാന ഉദ്ദേശ്യങ്ങളിലൊന്നു ആക്ടീവ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിൽ താഴെ കൊണ്ടുവരിക എന്നതായിരുന്നു. ഇന്നലെയുള്ള കണക്കനുസരിച്ച് അത് ഏകദേശം 2.37 ലക്ഷമാക്കി കുറയ്ക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു. ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാവുന്ന രോഗികളുടെ എണ്ണം ഉയരാതെ സൂക്ഷിക്കാൻ ഇതുവഴി സാധിച്ചു. അതുകൊണ്ട് കോവിഡിന്റെ രണ്ടാമത്തെ തരംഗം ഇന്ത്യയിലെ മറ്റു പല പ്രദേശങ്ങളിലും സൃഷ്ടിച്ച പ്രതിസന്ധി ഇവിടെ നമുക്ക് ഉണ്ടായില്ല.
ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ എന്നിവയൊന്നും തികയാതെ പോകുന്ന സാഹചര്യം ഇവിടെ ഉടലെടുത്തില്ല. രോഗികളാകുന്നവർക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്ന സാഹചര്യം കേരളത്തിൽ നിലനിർത്താൻ ആയി.

മെയ് 26 മുതൽ 28 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.07 ശതമാനമാണ് ആണ്. മെയ് 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ അത് 21.35 ശതമാനം ആയിരുന്നു. കോഴിക്കോട്, ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിനും മുകളിലാണ്.

ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പാലക്കാട് ജില്ലയിലാണ്. അത് 23.9 ശതമാനമാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക്. 11.6 ശതമാനമാണ് അവിടത്തെ ടിപിആർ. മെയ് 23 മുതൽ 25 വരേയും, 26 മുതൽ 28 വരേയുമുള്ള ശരാശരി ടിപിആർ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പാലക്കാട് ജില്ലയിൽ 1.22 ശതമാനത്തിന്റേയ്യും കൊല്ലം ജില്ലയിൽ 0.38 ശതമാനത്തിന്റേയും വർദ്ധനവുണ്ടായതായി കാണാം.

ലോക്ഡൗൺ പിൻവലിക്കാവുന്ന ഘട്ടത്തിലേക്ക് നമ്മളിപ്പോഴും എത്തിയിട്ടില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്. അൺലോക്കിന്റെ ആദ്യഘട്ടത്തിലെത്തുന്ന സാഹര്യമുണ്ടാകണമെങ്കിൽ ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇനിയും കുറവുണ്ടാകണം. ഐസിയു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിലും താഴെയാകണം. തുടർച്ചയായ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും താഴെയാകണം.

എന്നാൽ, നിലവിൽ സർക്കാർ ആശുപത്രികളിലെ ഐസിയു ബെഡുകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാകട്ടെ 18 ശതമാനമാണ്. അതോടൊപ്പം നിലവിൽ രോഗബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തിലും പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിലും തുടർച്ചയായി ഏഴു ദിവസം കുറവുണ്ടാകണം. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ ലോക്ഡൗൺ ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യഘട്ട നിയന്ത്രണങ്ങളിലേയ്ക്ക് നമുക്ക് കടക്കാൻ സാധിക്കുകയുള്ളൂ.

അങ്ങനെയല്ലാതെ ലോക്ഡൗൺ ഒഴിവാക്കിയാൽ രോഗവ്യാപനം കൂടുതൽ ശക്തമാവുകയും നിയന്ത്രണാതീതമാവുകയും ചെയ്യും. ആരോഗ്യസംവിധാനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വർദ്ധിച്ചാൽ മരണ സംഖ്യ ഒരുപാടു കൂടും. അത്തരത്തിൽ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നത് തടയുന്നതിനായാണ് ലോക്ഡൗൺ തുടരുന്നത്. ഈ യാഥാർഥ്യം മനസ്സിലാക്കി പൊതുസമൂഹത്തിന്റെ പരിപൂർണ്ണ പിന്തുണ ലോക്ഡൗൺ വിജയകരമായി നടപ്പാക്കുന്നതിന് ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

മഴക്കാലം ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികൾ തീരുമാനിച്ചു. ജൂൺ 4, 5, 6 തീയതികളിലാണ് ഇത് നടത്തുക. 4ന് തൊഴിലിടങ്ങളിലും 5ന് പൊതു ഇടങ്ങളിലും 6ന് വീടും പരിസരവുമാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ വകുപ്പുകളും ഇക്കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കും.

കാലവർഷം തുടങ്ങുമ്പോൾ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവരും. അത്തരം ക്യാമ്പുകളിൽ വൈറസ് ബാധയുള്ളവർ എത്തിയാൽ കൂടെയുള്ളവർക്കാകെ പകരുന്ന സ്ഥിതി വരും. അത് ഒഴിവാക്കാൻ റിലീഫ് ക്യാമ്പുകളിൽ ടെസ്റ്റിങ് ടീമിനെ നിയോഗിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കും.

കിടപ്പുരോഗികൾക്കെല്ലാം വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതാണ്.മറ്റൊരു പ്രധാനപ്പെട്ട കാര്യം വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നാണ് കാണുന്നത്. കേരള കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ആൻഡ് എൻവയർമെന്റിന്റെ അഭിമുഖ്യത്തിൽ ഔഷധ ഉൽപാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ഇന്നലെ ഒരു വെബിനാർ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ വാക്‌സിൻ ഉൽപാദിപ്പിക്കാനുള്ള സാധ്യത ആരായാനായിരുന്നു വെബിനാർ. നമ്മുടെ വൈറോളജി ഇൻസ്റ്റിറ്റുട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്‌സിൻ നിർമ്മാണ കമ്പനികളുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ വാക്‌സിൻ കമ്പനികൾക്ക് താൽപര്യമുണ്ട്. അക്കാര്യം പരിഗണിക്കും.

18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള ആളുകൾക്ക് വാക്‌സിനേഷൻ നൽകാൻ ആരംഭിച്ചപ്പോൾ മെയ് 19ന് ഇറങ്ങിയ ഉത്തരവ് പ്രകാരം 32 വിഭാഗം ആളുകൾക്ക് മുൻഗണന നൽകിയിരുന്നു. മെയ് 24ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 11 പുതിയ വിഭാഗങ്ങൾ കൂടെ അതോടൊപ്പം ചേർത്തിരിക്കുന്നു. അതിൽ വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴിലിനും പഠനത്തിനുമായി പോകേണ്ടവരെ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പഠനവും മറ്റുള്ളവരുടെ ജീവനോപാധികളും നഷ്ടപ്പെടാതിരിക്കാനാണ് അവർക്കു കൂടെ ആദ്യഘട്ടത്തിൽ തന്നെ വാക്‌സിൻ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

എന്നാൽ, കേന്ദ്ര സർക്കാരിന്റെ മുൻപുണ്ടായ മാർഗ നിർദ്ദേശമനുസരിച്ച് 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് വാക്‌സിൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആണ് വിദേശത്തു പോകേണ്ട പലരും യാത്രകൾക്കായി തയ്യാറെടുത്തത്. അതിനാൽ രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ള സമയം 12 മുതൽ 16 ആഴ്ച വരെ ദീർഘിപ്പിച്ച പുതിയ കേന്ദ്ര സർക്കാർ മാനദണ്ഡം അവരെ ബുദ്ധിമുട്ടിലാക്കി. പല രാജ്യങ്ങളും വാക്‌സിനേഷനു ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ കൂടെ ഉൾപ്പെടുത്തണമെന്ന് നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും അതിനുള്ള സംവിധാനം കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടലിൽ സജ്ജമല്ല.

കോവാക്‌സിനു ഇതുവരെ ഡബ്ലുഎച്ച്ഒ അംഗീകാരം നേടിയെടുത്തിട്ടില്ലാത്തതിനാൽ പല രാജ്യങ്ങളും കോവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകുന്നുമില്ല. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ ആവശ്യമായ നടപടികൾ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വേഗം തന്നെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തിൽ വിദേശത്തു പോകേണ്ടവരുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംസ്ഥാന സർക്കാർ തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് സംസ്ഥാന സർക്കാർ വാങ്ങിച്ച വാക്‌സിനുകൾ നൽകുമ്പോൾ അവരെക്കൂടെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തി.അതോടൊപ്പം പാസ്‌പോർട്ട് നമ്പർ ഉൾപ്പെടെ അവർക്കാവശ്യമായ വിധത്തിലുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ചുമതല ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകുകയും ചെയ്തു. ആ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ വിസ, ജോലിയുടേയും പഠനാവശ്യങ്ങളുടേയും വിശദാംശങ്ങൾ എന്നിവയുമായി വേണം ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടത്.