- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ലോക് ഡൗൺ പിൻവലിച്ചു; കണ്ടെയിന്മെന്റ് സോണുകളിൽ ലോക് ഡൗൺ തുടരും; ജില്ലയിലെ എല്ലാ കടകൾക്കും രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ തുറന്ന് പ്രവർത്തിക്കാം; മാളുകളും ഹൈപ്പർ മാർക്കറ്റുകളും ബ്യൂട്ടി പാർലറുകളും ജിമ്മുകളും ബാർബർ ഷോപ്പുകളും തുറക്കും; റസ്റ്റോറന്റുകളും കഫേകളും രാത്രി 9 വരെ; ബാറുകളിലും ബീയർ പാർലറുകളിലും പാഴ്‌സൽ: ഇളവുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നെങ്കിലും, തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. എന്നാൽ കണ്ടെയിന്മെന്റ് സോണുകളിൽ ലോക്ക്ഡൗൺ തുടരും. ലോക്ക്ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ കടകൾക്കും രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.
ജില്ലയിലെ മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾക്കും തുറന്ന് പ്രവർത്തിക്കാവുന്നതാണ്. എന്നാൽ ജില്ലാ കളക്ടർ നൽകുന്ന കർശന മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇവയ്ക്ക് പ്രവർത്തിക്കാനാകൂ. റസ്റ്റോറന്റുകൾ കഫേകൾ എന്നിവയ്ക്കും ജില്ലയിൽ രാത്രി ഒൻപത് മണി വരെ തുറന്നു പ്രവർത്തിക്കാം.എന്നാൽ ഭക്ഷണപ്പൊതികളും മറ്റും നൽകാൻ മാത്രമേ ഇവയ്ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ഹോം ഡെലിവറിയും രാത്രി ഒൻപത് മണി വരെ മാത്രമേ അനുവദിക്കുകയുള്ളൂ.
കോൺഫറൻസ് ഹാളുകൾ, സ്വീകരണ ഹാളുകൾ എന്നിവ അടച്ചിട്ടുകൊണ്ട് ഹോട്ടലുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗെയിംസ്, കായിക പ്രവർത്തികൾ എന്നിവ നടത്താവുന്നതാണ്. ജിമ്മുകളും തുറക്കാം. ബാറുകളിലും ബീയർ പാർലറുകളിലും പാഴ്‌സൽ നൽകും. മത്സ്യ മാർക്കറ്റുകളും നിയന്ത്രണത്തോടെ തുറക്കും.
എന്നാൽ ആൾക്കൂട്ടം പാടില്ല. കല്യാണ ചടങ്ങുകൾക്ക് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർക്കും പങ്കെടുക്കാം. ട്യൂഷൻ/കോച്ചിങ് സെന്ററുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതിയില്ല. ഓഡിറ്റോറിയം, അസംബ്ലി ഹാൾ, സിനിമ ഹാൾ, വിനോദ പാർക്കുകൾ, തീയറ്ററുകൾ, സ്വീമ്മിങ് പൂൾ എന്നിവ പ്രവർത്തിപ്പിക്കരുത്. സാമൂഹ്യ-മത-രാഷ്ട്രീയ-വിനോദ-വിദ്യാഭ്യാസ-കായിക കൂടിച്ചേരലുകൾക്കും അനുമതിയില്ല. 10 വയസിനു താഴെയുള്ള കുട്ടികൾ, 60 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ എന്നിവർ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ കഴിയുന്നതും വീടിനു പുറത്തിറങ്ങരുത്. കണ്ടെയിന്മെന്റ് സോണുകളിൽ ഇളവുകൾ ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
്അതേസമയം, തിരുവനന്തപുരത്ത് കോവിഡ് സാഹചര്യം അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് ജില്ലയിൽ 310 പേർക്കാണ് കോവിഡ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. ഇതിൽ 300 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്. അതേസമയം ജില്ലയിൽ 199 പേർക്ക് രോഗം ഭേദമായതായും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലുണ്ടായ ആറ് മരണങ്ങളും കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂർ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിർമ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേർളി (62), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രൻ (60), ഓഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാൻസിലാസ് (80) എന്നിവരിലാണ് രോഗബാധ കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെ കോവിഡ് ഡാഷ്‌ബോർഡ് നൽകുന്ന വിവരപ്രകാരം ജില്ലയിൽ രോഗം മൂലം ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 3600 കടന്നിരിക്കുകയാണ്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9000ത്തിലേക്കും അടുക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ