- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പൂർണ ലോക്ഡൗണും സാമൂഹിക അകലവും സഖാക്കൾക്ക് ബാധകമല്ല; അമ്പതോളം പേരെ പങ്കെടുപ്പിച്ച യോഗം നടത്തിയത് പത്തനംതിട്ട ജില്ലാ സെക്രട്ടറി; ആൾക്കൂട്ടം സൃഷ്ടിച്ചത് ബിജെപിയും കോൺഗ്രസും വിട്ട് സിപിഎമ്മിലേക്ക് വന്നവരെ സ്വീകരിക്കാൻ: ചിത്രം വൈറലായിട്ടും നടപടി എടുക്കാൻ പൊലീസിനും ഭയം
പത്തനംതിട്ട: സമ്പൂർണ ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊതുയോഗം. അമ്പതോളം പേർ പങ്കെടുത്ത യോഗത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടും നടപടി എടുക്കാതെ പൊലീസ്. അത്യാവശ്യ മരുന്നു വാങ്ങാൻ പോയവരെ പോലും സമ്പൂർണ ലോക്ഡൗണിന്റെ പേരിൽ തടഞ്ഞ പൊലീസാണ് ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിയുടെയും കൂട്ടാളികളുടെയും നിയമലംഘനത്തിന് കുടപിടിക്കുന്നത്.
കോന്നി കിഴക്കുപുറം വായനശാല ജംഗ്ഷനിലാണ് നിയമം ലംഘിച്ച് ആളുകൾ കൂട്ടം ചേർന്നത്. ബിജെപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇരുപത്തഞ്ചോളം കുടുംബങ്ങൾ സിപിഎമ്മിൽ ചേരുന്ന യോഗമാണ് സമ്പൂർണ ലോക്ഡൗണിന്റെ ആദ്യ ദിനമായ ശനിയാഴ്ച നടന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ജില്ലാ പഞ്ചായത്തംഗം ജിജോ മോദി, ഏരിയാ സെക്രട്ടറി ശ്യാംലാൽ, ഏരിയാ കമ്മറ്റി അംഗം എംഎസ് ഗോപിനാഥൻ, ലോക്കൽ സെക്രട്ടറി കെകെ വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
കോൺഗ്രസിലും ബിജെപിയിലും സജീവമായി പ്രവർത്തിച്ചിരുന്ന നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് കൂട്ടത്തോടെ രാജി വച്ച് സിപിഎമ്മിൽ ചേർന്നത്. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തങ്ങൾക്ക് തുരങ്കം വയ്ക്കുന്ന കോൺഗ്രസ്, ബിജെപി നയങ്ങൾക്കെതിരെയും ഗ്രൂപ്പ് രാഷ്ട്രീയം, ഇന്ധന വിലവർധനവ്, കേന്ദ്ര വാക്സിൻ നയം, കുഴൽപ്പണ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ചുമാണ് പ്രവർത്തകർ രാജി വച്ചത്. ഇരു പാർട്ടികളിലും നിലവിലുള്ള പ്രാദേശിക വിഷയങ്ങളും രാജിക്ക് കാരണമായി പ്രവർത്തകർ ഉയർത്തിക്കാട്ടുന്നുണ്ട്.
ഐഎൻടിയുസി കൺവീനർ ബാബു കണ്ണന്മല, ആദ്യകാല കോൺഗ്രസ് പ്രവർത്തകനും മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളുമായ വർക്കി സാമുവേൽ, ആദ്യകാല ബിജെപി പ്രവർത്തകൻ ഗോപിനാഥൻ നായർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷ് വാഴപ്ലാവിൽ, ഹരി കിഴക്കുപുറം, കെ. അനിയൻ, ബിജെപി പ്രവർത്തകരായ എംഎസ് റെജി, കമലാസനൻ, മന്മഥൻ നായർ, സച്ചിൻ, അപ്പു എന്നിവരുടെ നേതൃത്വത്തിലാണ് 25 ഓളം കുടുംബങ്ങൾ സി. പി. എമ്മിൽ ചേർന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നേതാക്കളെയും പ്രവർത്തകരെയും മാലയിട്ട് സ്വീകരിച്ചു.
പരിപാടിയിൽ മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങൾക്ക് ഏരിയാ സെക്രട്ടറി ശ്യാംലാൽ ധന സഹായം കൈമാറി. ചെങ്ങറ സമര ഭൂമിയിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് പഠന ആവശ്യത്തിനായുള്ള മൊബൈൽ ഫോൺ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോദി നൽകി.
ബ്രാഞ്ച് സെക്രട്ടറി വിശാഖ് മുരളീധരൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം എംഎസ് ഗോപിനാഥൻ, ലോക്കൽ സെക്രട്ടറി കെ.കെ വിജയൻ, ബിൻസൺ ജോസഫ്,മിഥുൻ മോഹൻ, ആന്റണി മണ്ണിൽ, ബിനു കണ്ണന്മല, സിജു കളീയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്