- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ജലീലിനെ കുരുക്കിയത് സ്വന്തം കത്ത്! ബന്ധുവിനെ നിയമിക്കാൻ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചു പൊതുഭരണ സെക്രട്ടറിക്ക് കത്തയച്ചത് 2016 ജൂലൈ 28നു; ലോകായുക്ത സ്വജനപക്ഷപാതം കണ്ടത് ഈ കത്തിൽ; കള്ളത്തരം കൈയോടെ പിടിച്ചിട്ടും ജലീലിനെ പിന്തുണച്ച് പാർട്ടി
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് വിനയായത് താൻ നൽകിയ കത്തു തന്നെയായിരുന്നു. മന്ത്രിയായി തുടരാൻ കെ.ടി. ജലീലിന് അർഹതയില്ലെന്ന ലോകായുക്ത വിധിയിലേക്ക് പ്രധാനമായും നയിച്ചതു ഹർജിക്കാരൻ ഹാജരാക്കിയ കത്തായിരുന്നു. അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തണമെന്നു നിർദേശിച്ചു പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) സെക്രട്ടറിക്കു 2016 ജൂലൈ 28നു ജലീൽ അയച്ച കത്താണ് പുറത്തുവന്നത്. ഈ കത്തിൽ യോഗ്യതാ മാനദണ്ഡം അദീബിന് അനുസൃതമാക്കാനാണ് ജലീൽ നിർദേശിച്ചത്.
ന്യൂനപക്ഷ കോർപറേഷനിലെ ജീവനക്കാരുടെ യോഗ്യതകൾ നിശ്ചയിച്ചു 2013 ജൂൺ 29ന് ഇറക്കിയ സർക്കാർ ഉത്തരവിലെ യോഗ്യതാ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നാണു ജലീൽ ആവശ്യപ്പെട്ടത്. ജനറൽ മാനേജരുടെ യോഗ്യത മാർക്കറ്റിങ്, ഫിനാൻസ് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്ത എംബിഎ ബിരുദധാരി, അല്ലെങ്കിൽ 3 വർഷം പ്രവർത്തന പരിചയത്തോടെ സിഎസ്, സിഎ, ഐസിഡബ്ല്യുഎഐ എന്നായിരുന്നു. എംബിഎയുടെ സ്പെഷലൈസേഷനിൽ എച്ച്ആർ കൂടി ചേർക്കുക, 3 വർഷം പ്രവർത്തന പരിചയത്തോടെ ബിടെക്കും പിജിഡിബിഎയും എന്നതുകൂടി യോഗ്യതയായി ഉൾപ്പെടുത്തുക ഇവയായിരുന്നു ജലീലിന്റെ നിർദേശങ്ങൾ. ബിടെക്കും പിജിഡിബിഎയുമാണ് അദീബിന്റെ യോഗ്യത.
അതേസമയം ലോകായുക്ത ഉത്തരവ് പ്രത്യേക ദൂതൻ വഴി നാളെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയേക്കും എന്നാണ് അറിവ്. ഉത്തരവ് ലഭിച്ചാൽ മുഖ്യമന്ത്രി നടപടിയെടുക്കാതിരിക്കുകയോ ജലീൽ മന്ത്രി സ്ഥാനമൊഴിയാതിരിക്കുകയോ ചെയ്താൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്ന് പരാതിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. മധ്യവേനലവധി ആയതിനാൽ ഹൈക്കോടതിയിൽ ചൊവ്വാഴ്ചയും തിങ്കളാഴ്ചയും മാത്രമേ സിറ്റിങ് ഉള്ളൂ. അതുകൊണ്ട് ചൊവ്വാഴ്ചയേ മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാനാവൂ. ഇതേസമയം, ജലീൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ആശുപത്രി വിട്ടേക്കും.
താടിയെല്ലിനു താഴെ പ്ലാസ്റ്റിക് സർജറിക്കായി ബുധനാഴ്ച ഇവിടെ പ്രവേശിപ്പിച്ചതാണ്. മാധ്യമ പ്രവർത്തകർ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും അദ്ദേഹം മൊബൈൽ ഓഫ് ചെയ്തിരുന്നു. അതേസമയം വിധക്കെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നതിനെ സിപിഎം പിന്തുണയ്ക്കും. നിയമനടപടിക്ക് ജലീൽ ഒരുങ്ങുന്നത് പാർട്ടി അനുമതിയോടെയാണ്. ഏതു രാഷ്ട്രീയ തീരുമാനവും അതിനുശേഷം മതിയെന്നാണ് ധാരണ.
ലോകായുക്തയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാനാവില്ലെന്നും വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകാമെന്നുമാണ് ജലീലിനു ലഭിച്ച നിയമോപദേശം. നിയമപരമായ ആ അവകാശം കൂടി വിനിയോഗിച്ചശേഷം രാജി ഉൾപ്പെടെ ആലോചിക്കാമെന്നാണ് സിപിഎം തീരുമാനം. ജലീലിന്റെ രാജി ആവശ്യം സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ തള്ളി. ഉത്തരവു പരിശോധിച്ചു നിയമം അനുശാസിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നാൽ ഉടൻ രാജിവയ്ക്കേണ്ട കാര്യമില്ലെന്നു നിയമമന്ത്രി എ.കെ.ബാലനും അഭിപ്രായപ്പെട്ടു.
ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി ജലീൽ ഹൈക്കോടതിയെ സമീപിച്ചാൽ കക്ഷി ചേരുമെന്നു പരാതിക്കാരനും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ വി.കെ.മുഹമ്മദ് ഷാഫി. സാധാരണഗതിയിൽ മന്ത്രിമാരടക്കമുള്ളവർക്കെതിരെ കോടതിയിൽ പരാതി നൽകണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. എന്നാൽ, മന്ത്രി സ്വന്തം നിലയിൽ ഹൈക്കോടതിയെ സമീപിച്ചാൽ എതിർവാദം അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്നു ഷാഫി പറഞ്ഞു. തുടർ നടപടികളെടുക്കുന്നതിനെക്കുറിച്ചു വിദഗ്ധരുമായി ആലോചന നടക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസും പ്രതികരിച്ചു.
അതേസമയയം ബന്ധുനിയമന വിവാദത്തിൽ കെ.ടി. ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നു നിയമമന്ത്രി എ.കെ. ബാലൻ പ്രതികരിച്ചു. ഡപ്യൂട്ടേഷനിൽ ബന്ധു പറ്റില്ലെന്നു നിയമത്തിൽ എവിടെയും പറയുന്നില്ല. യോഗ്യതയുണ്ടോയെന്നു മാത്രം നോക്കിയാൽ മതി. കീഴ്ക്കോടതി വിധി വന്നാൽ രാജിവയ്ക്കുന്ന കീഴ്വഴക്കം കേരളത്തിൽ ഇല്ലല്ലോ. പലരും ഡപ്യൂട്ടേഷനിൽ ആളെ എടുത്തിട്ടുണ്ട്. മഞ്ഞളാംകുഴി അലി ഇത്തരത്തിൽ ആളെ എടുത്തിട്ടുണ്ട്. ബന്ധുവാണോ എന്നറിയില്ല. അന്തരിച്ച കെ.എം. മാണിയും അദ്ദേഹത്തിന്റെ ബന്ധുവിനെ പ്രൈവറ്റ് സെക്രട്ടറിയായി വച്ചിട്ടുണ്ട്. മന്ത്രി ജലീൽ ഹൈക്കോടതിയെയും ഗവർണറെയും യോഗ്യത ബോധ്യപ്പെടുത്തിയതാണ്. രണ്ടിടത്തുനിന്നും ജലീലിനെതിരെ പരാമർശമുണ്ടായില്ലെന്നും ബാലൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ