- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചര്‍മ്മത്തിലെ കാന്‍സറിന് ഫലപ്രദമായ സെല്‍ തെറാപ്പി; ഒട്ടോ ഇമ്മ്യൂണ്‍ രോഗമായ ല്യൂപ്പസിന്റെ കാരണവും പ്രതിരോധവും കണ്ടെത്തിയത് പതിറ്റാണ്ടുകളുടെ പരീക്ഷണത്തിനൊടുവില്‍; ഭീമന്‍ പാണ്ടകളെ സംരക്ഷിക്കാന്‍ ഇനി മൂലകോശങ്ങളും; 2024നെ ഞെട്ടിച്ച ശാസ്ത്രലോകത്തെ നേട്ടങ്ങള്‍
ചര്‍മ്മത്തിലെ കാന്‍സറിന് ഫലപ്രദമായ സെല്‍ തെറാപ്പി
തിരുവനന്തപുരം: അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ശാസ്ത്രലോകം ഏവരെയും ഞെട്ടിക്കുകയാണ്.മനുഷ്യരാശിയുടെ നിലനില്‍പ്പിന് തന്നെ ആധാരാമായ ആരോഗ്യരംഗത്തെതുള്‍പ്പടെ ശ്രദ്ധേയങ്ങളായ നേട്ടങ്ങളും കണ്ടെത്തലുകളുമാണ് ഒരോ വര്‍ഷവും ഉണ്ടാകുന്നത്.2024 ഉം അതില്‍ നിന്ന് വിഭിന്നമല്ല.മാത്രമല്ല ശാസ്ത്ര ചരിത്രത്തില്‍ തന്നെ പൊന്‍തൂവലായേക്കാവുന്ന നിരവധി കണ്ടെത്തലുകള്‍ക്കും ഈ വര്‍ഷം സാക്ഷിയായി.
കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രത്യേകിച്ചും ചര്‍മ്മ ക്യാന്‍സറിന്റെ ചികിത്സയായി സെല്‍തെറാപ്പി,മസ്തിഷക കോശങ്ങളെ പുനര്‍നിര്‍മ്മിക്കാമെന്ന നിര്‍ണ്ണായക കണ്ടെത്തല്‍ തുടങ്ങിയവ മനുഷന്റെ ആരോഗ്യരംഗത്തെ ശ്രദ്ധേയങ്ങളായ കണ്ടുപിടിത്തങ്ങള്‍ ആയപ്പോള്‍ മറ്റു ജീവജാലങ്ങളുടെ കാര്യത്തില്‍ ശ്രദ്ധേയ നേട്ടം എന്നത് പാണ്ടകളുടെ വംശം സംരക്ഷണത്തിനായുള്ള സ്റ്റം കണ്ടുപിടിത്തമാണ്.ഇത്തരത്തില്‍ നിരവധി സംഭവനകളാണ് ഈ വര്‍ഷം ശാസ്ത്രലോകത്തിന്റെതായി ഉള്ളത്.അവയില്‍ ശ്രദ്ധേയങ്ങളായവയെ പരിശോധിക്കാം.
മെലനോമയ്ക്ക് പരിഹാരമായി സെല്‍ തെറാപ്പി
വൈദ്യശാസ്ത്രത്തിന് ഇന്നും വെല്ലുവിളി ഉയര്‍ത്തുന്ന രോഗമാണ് കാന്‍സര്‍.മുന്‍കാലത്തെ അപേക്ഷിച്ച് ഒരുപരിധിവരെ കാന്‍സറിനെ നമ്മള്‍ ചെറുത്തു തുടങ്ങിയെങ്കിലും ജീവന് ഭീഷണിയായി ഇന്നും ഈ രോഗമുണ്ട്.അതിനാല്‍ തന്നെ കാന്‍സറിനെതിരെയുള്ള പ്രതിരോധ പരീക്ഷണങ്ങളില്‍ ഉണ്ടാകുന്ന എന്തുനേട്ടവും മനുഷ്യരാശിക്ക് തന്നെ പ്രധാനപ്പെട്ടതാണ്.അത്തരത്തില്‍ മെലനോമ അഥവ ചര്‍മ്മ കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ നാഴികക്കലാകുന്ന ഒരു കണ്ടുപിടിത്തത്തിനും ഇത്തവണ അംഗീകാരം ലഭിച്ചു.
ചര്‍മ്മാര്‍ബുദമായ മെലനോമയ്ക്ക് ഫലപ്രദമായ സെല്ലുലാര്‍ തെറാപ്പിക്കാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകാരം നല്‍കിയത്. അംടാഗ്വി എന്ന് പേരിട്ടിരിക്കുന്ന ഈ ചികിത്സ, 'ഒരു രോഗിയുടെ ട്യൂമറില്‍ നിന്ന് ഉരുത്തിരിഞ്ഞ ടി സെല്ലുകള്‍ വേര്‍തിരിച്ച് നടത്തുന്നതാണ്. ഈ കോശങ്ങളെ ട്യൂമര്‍-ഇന്‍ഫില്‍ട്രേറ്റിംഗ് ലിംഫോസൈറ്റുകള്‍ എന്നും വിളിക്കുന്നു. ടി സെല്ലുകള്‍ രോഗപ്രതിരോധ സംവിധാനത്തില്‍ അവിഭാജ്യമാണ്, പക്ഷേ അവ 'ട്യൂമറുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്യാം.
1986 മുതലാണ് ഈ ചികിത്സയിലെ പരീക്ഷണങ്ങള്‍ ആരംഭിച്ചത്.ശാസ്ത്രജ്ഞനായ റോസന്‍ബര്‍ഗും കൂട്ടാളികളുമാണ് പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.1994 ല്‍ 84 രോഗികളില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം സംഘം പുറത്തുവിട്ടു.36 ശതമാനം രോഗികളുടെ ഫലം പോസറ്റീവ് ആയിരുന്നു.ഇത് പരീക്ഷണത്തിലെ നാഴികക്കല്ലായി മാറുകയും കൂടുതല്‍ പരീക്ഷണങ്ങളിലേക്ക് കടക്കുകയും ചെയ്തു.തുടര്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനത്തിന് ശേഷം 2023 ഡിസംബറില്‍ ടിഐഎല്‍ തെറാപ്പി പരീക്ഷിച്ച രോഗികളില്‍ 50 ശതമാനം പേരും ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി.ഇതിന് പിന്നാലെയാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയത്.
അംഗീകാരം ലഭിച്ചതോടെ ചികിത്സ കൂടുതല്‍ പേരിലേക്കെത്തും.അതിനാല്‍ തന്നെ കാന്‍സര്‍ പോരാട്ടങ്ങളില്‍ സെല്‍ തെറാപ്പി നാഴികക്കല്ലായി മാറുന്നത്.
നിര്‍ജ്ജീവമായ മസ്തിഷക കോശങ്ങളെ പുനസ്ഥാപിക്കാമെന്ന കണ്ടെത്തല്‍
വര്‍ഷങ്ങളായുള്ള ഒരു ധാരണയെക്കൂടി ഇല്ലായ്മ ചെയ്യുന്നതാണ് ശാസ്ത്രലോകത്തെ പ്രത്യേകിച്ചും ആരോഗ്യ രംഗത്തെ കണ്ടെത്തല്‍.നിര്‍ജ്ജീവമായ മസ്തിഷ്‌ക കോശങ്ങളെ പുനര്‍നിര്‍മ്മിക്കാമെന്ന കണ്ടെത്തലാണ് ഇത്.അപൂര്‍വ്വങ്ങളായ ജനതിക രോഗങ്ങളാല്‍ പ്രവര്‍ത്തന രഹിതമായ മസ്തിഷക കോശങ്ങളെ പുനര്‍നിര്‍മ്മിക്കാമെന്നാണ് കണ്ടെത്തല്‍.തിമോത്തി സിന്‍ഡ്രോം എന്ന ജനിതക വൈകല്യം മൂലം മ്യൂട്ടേഷന്‍ ഉണ്ടായ ന്യൂറോണുകളെ സാധാരണ രീതിയില്‍ വികസിപ്പിക്കാന്‍ ആന്റിസെന്‍സ് ഒലിഗോ ന്യൂക്ലിയോടൈഡ് എന്ന മരുന്ന് കണ്ടെത്തിയതായി പഠനം പറയുന്നു
ഹൃദയമിടിപ്പിന്റെ വ്യതിയാനത്തിനും അത് വഴി മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന രോഗാവസ്ഥയാണ് തിമോത്തി സിന്‍ഡ്രോം.ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡേഴ്സ് എന്നിവയുള്‍പ്പെടെയുള്ള ന്യൂറോളജിക്കല്‍ , വളര്‍ച്ച വൈകല്യങ്ങള്‍ എന്നിവ ഈ അവസ്ഥയിടെ ഭാഗമാണ്.ലോകമെമ്പാടും നിരവധിപേരിലാണ് തിമോത്തി സിന്‍ഡ്രോം കണ്ടെത്തിയിട്ടുള്ളത്.ഇതുമായി ജനിക്കുന്ന കുട്ടികള്‍ക്ക് പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഓട്ടിസം, അപസ്മാരം, വികസന കാലതാമസം, ബൗദ്ധിക വൈകല്യം എന്നിവ ഉണ്ടാകാറുണ്ട്.
എന്നാല്‍ തിമോത്തി സിന്‍ഡ്രോം ഒരൊറ്റ ജീനിലെ മ്യൂട്ടേഷന്‍ മൂലമാണ് ഉണ്ടാകുന്നത് എന്നതിനാല്‍, മസ്തിഷ്‌ക വളര്‍ച്ചയെ ബാധിക്കുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് വെല്ലുവിളിയായിരുന്നു.അതിനാല്‍ തന്നെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത്തരത്തിലൊരു സാധ്യത കണ്ടെത്തിയിരിക്കുന്നത്.മുന്‍കാലങ്ങളില്‍ നിര്‍ജ്ജീവങ്ങളായ മസ്തിഷ്‌ക കോശങ്ങളെ പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് വിശ്വസിച്ചിരുന്നത്.ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.നിലവില്‍ എലികളില്‍ പരീക്ഷിച്ച് വിജയം കണ്ട പ്രവര്‍ത്തനം വരും വര്‍ഷങ്ങളില്‍ മനുഷ്യരിലേക്കും വ്യാപിപ്പിക്കും.
ആന്റിസെന്‍സ് ഒലിഗോ ന്യൂക്ലിയോടൈഡ് എന്നറിയപ്പെടുന്ന മരുന്നാണ് തിമോത്തി സിന്‍ഡ്രോമിന് പരിഹാരമായി കണ്ടെത്തിയിരിക്കുന്നത്.പുതിയ മരുന്ന് ആന്റിസെന്‍സ് ന്യൂക്ലിയോടൈഡ് വികലമായ പ്രോട്ടീന് പകരം ആരോഗ്യകരമായ ഒരു പതിപ്പ് കൊണ്ടുവരാന്‍ കഴിവുള്ള തരത്തില്‍ രൂപകല്‍പ്പന ചെയ്തതാണ്.'ചികിത്സിക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ ആദ്യം കരുതിയ ഈ രോഗങ്ങള്‍ക്കാണ് ഇപ്പോള്‍ പരിഹാരമാകുന്നത്.ഇത് ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ സംഘം വ്യക്തമാക്കുന്നത്.
സ്‌കീസോഫ്രീനിയ, അപസ്മാരം, എ ഡി എച്ച്ഡി, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്നിവയ്ക്ക് കാരണമാകുന്നവയുള്‍പ്പെടെയുള്ള മറ്റ് ജനിതക അവസ്ഥകള്‍ക്കുള്ള ചികിത്സകള്‍ വികസിപ്പിക്കാനും ഈ കണ്ടെത്തല്‍ ഗവേഷകരെ സഹായിക്കുമെന്നുമാണ് സംഘത്തിന്റെ വിശ്വാസം.
ല്യൂപ്പസിന്റെ മൂലകാരണവും പ്രതിരോധ മാര്‍ഗ്ഗവും
ശരീരത്തിന്റെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ല്യൂപ്പസ്.ല്യൂപ്പസ് മൂലമുണ്ടാകുന്ന വീക്കം സന്ധികള്‍,ചര്‍മ്മം,വൃക്കകള്‍,തലച്ചോറ്,ഹൃദയം,ശ്വാസകോശം എന്നിവയുള്‍പ്പെടെ വിവിധ ഭാഗങ്ങളെ ബാധിക്കാം.ചില ആളുകള്‍ക്ക് ജനിച്ച അന്ന് മുതല്‍ ല്യൂപ്പസ് രോഗം ഉണ്ടാകാനുള്ള സാധ്യതയുള്ളതായി മയോ ക്ലിനിക്ക് വ്യക്തമാക്കുന്നു.
15 നും 40 ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് പ്രധാനമായും ലൂപ്പസ് രോഗം ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ക്ഷീണവും പനിയും,സന്ധി വേദന,ചര്‍മ്മത്തില്‍ മുറിവുകള്‍,കണങ്കാല്‍ വീക്കം,ശ്വാസം മുട്ടല്‍,നെഞ്ച് വേദന,മുടികൊഴിച്ചില്‍,തലവേദന,
ഓര്‍മ്മക്കുറവ് തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്.ഒട്ടോ ഇമ്മ്യൂണ്‍ രോഗമായതിനാല്‍ തന്നെ പ്രതിരോധവും വെല്ലുവിളിയായിരുന്നു.ഈ പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമാകുന്നത്.
ലൂപ്പസ് രോഗികളുടെ രോഗപ്രതിരോധ സംവിധാനത്തിലെ തന്മാത്രാ തകരാറുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് രോഗത്തിന്റെ മൂലകാരണമായി പുതിയ പഠനങ്ങള്‍ പറയുന്നത്.'ല്യൂപ്പസ് രോഗികളില്‍ ഉണ്ടാകുന്ന ടി സെല്ലുകളുടെ തരത്തിലെ അടിസ്ഥാനപരമായ അസന്തുലിതാവസ്ഥയാണ് കണ്ടെത്തിയത്,'ഈ ടി-സെല്‍ അസന്തുലിതാവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത് ഇന്റര്‍ഫെറോണ്‍ എന്ന പ്രോട്ടീനാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വളരെയധികം ഇന്റര്‍ഫെറോണ്‍ ഹൈഡ്രോകാര്‍ബണ്‍ റിസപ്റ്റര്‍ എന്ന മറ്റൊരു പ്രോട്ടീനിനെ തടയുന്നു, ഇത് ബാക്ടീരിയകളോടും പരിസ്ഥിതി മലിനീകരണങ്ങളോടും ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ നിയന്ത്രിക്കുന്നു ഇതോടെ ശരീരത്തെ തന്നെ ആക്രമിക്കുന്ന ധാരാളം ടി-സെല്ലുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു.ഇതോടെയാണ് രോഗം കണ്ടുതുടങ്ങുന്നത്.രോഗത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തത വന്നതോടെ പ്രതിരോധ മാര്‍ഗ്ഗങ്ങളിലും കണ്ടെത്തലുകള്‍ ഉണ്ടായി.
'ഇന്റര്‍ഫെറോണിനെ തടയുന്ന മരുന്നായ ല്യൂപ്പസ് ആനിഫ്രോലുമാബ് നല്‍കുന്നത് രോഗത്തിലേക്ക് നയിക്കുന്ന ടി-സെല്‍ അസന്തുലിതാവസ്ഥയെ തടയുന്നുവെന്നും തുടര്‍ പഠനം കണ്ടെത്തിയിട്ടുണ്ട്.
ഭീമന്‍ പാണ്ടകളെ സംരക്ഷിക്കാന്‍ ഇനി സ്റ്റം സെല്‍സ്
2015 ഓടുകൂടിയാണ് പതിറ്റാണ്ടുകള്‍ നീണ്ട പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്ക്് ഫലം കണ്ടുതുടങ്ങിയത്.ഭീമന്‍പാണ്ടയെ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയത് ആ വര്‍ഷമാണ്.നിവലില്‍ ഭീമാകാരമായ പാണ്ടകളെ വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കുന്നില്ലെങ്കിലും,ദുര്‍ബലമായ ഒരു ജീവിയാണ് ഇപ്പോഴും പാണ്ടകള്‍.ഭീഷണി താരതമ്യേന കുറവുള്ള മൃഗങ്ങള്‍ ഉള്‍പ്പെട്ട പട്ടികയിലാണ് പാണ്ടകളുടെ സ്ഥാനം.വംശനാശത്തിന്റെ വക്കിലെത്തി നിന്ന പാണ്ടകളെ ചിട്ടയായ സംരക്ഷണ മാര്‍ഗ്ഗങ്ങളിലൂടെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ തിരികെ കൊണ്ടുവന്നത്.
1980 കളില്‍ ആരംഭിക്കുമ്പോള്‍ 300 ല്‍ താഴെയായിരുന്നു ഇവയുടെ അംഗബലം. പിന്നീട് ഘട്ടംഘട്ടമായി ബോധവത്കരണത്തിലൂടെയും ജൈവവ്യവസ്ഥയുടെ പുനസ്ഥാപനത്തിലൂടെയുമാണ് പാണ്ടകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പാണ്ടയുടെ നിലനില്‍പ്പിനെ പിന്തുണയ്ക്കാന്‍ ശാസ്ത്രജ്ഞന്മാരും രംഗത്തുവന്നിരിക്കുന്നത്.ഭീമാകാരമായ പാണ്ട ചര്‍മ്മകോശങ്ങള്‍ എടുത്ത് അവയെ സ്റ്റെം സെല്ലുകളാക്കി മാറ്റിക്കൊണ്ട് അവയെ നിലനിര്‍ത്താനുള്ള ഉപാധിയാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇത്തരരത്തില്‍ ശേഖരിച്ചുവയ്ക്കുന്ന മൂലകോശങ്ങളെ പിന്നീട് 'ശരീരത്തിലെ ഏതെങ്കിലും തരത്തിലുള്ള കോശമായി മാറ്റാന്‍ സാധിക്കും.ഇതുവഴി 'കൂടുതല്‍ ഭീമാകാരമായ പാണ്ടകളെ വളര്‍ത്തുന്നതിനും അവയുടെ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ വികസിപ്പിക്കുന്നതിനും ഗവേഷകരെ സഹായിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളില്‍ നിന്ന് സ്വയം പുതുക്കുന്ന, ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളുടെ ഉറവിടമാണ് മൂലകോശങ്ങള്‍ അഥവ സ്റ്റെം സെല്ലുകള്‍.ആവശ്യാനുസരണം വിവിധ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും.ഇത് വഴി മൂലകോശങ്ങള്‍ക്ക് 'ജീവിവര്‍ഗങ്ങളുടെ വംശനാശം തടയുന്നതിനുള്ള ഒരു നിര്‍ണായക ഉപാധിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പഠനം പറയുന്നു.
ലാബില്‍ വളര്‍ന്ന ഭീമാകാരമായ പാണ്ടയെ കാണാന്‍ ഇനിയും സമയമെടുക്കുമെങ്കിലും,പാണ്ട ഭ്രൂണങ്ങള്‍ സൃഷ്ടിക്കാന്‍ കോശങ്ങള്‍ ഉപയോഗിച്ച് സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.