അമ്പലപ്പുഴ: അമ്പലപ്പുഴയിൽ സൈക്കിൾ യാത്രക്കാരന്റെ ജീവനെടുത്ത അപകടത്തിലേക്ക് വഴിവെച്ചത് ലോറിയുടെ ടയർ പഞ്ചറായത്.അങ്കമാലിയിൽനിന്നു സിമന്റുമായി കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്ന ലോറി മുന്നിലെ ടയർ പഞ്ചറായതിനെത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ശേഷം സമീപത്തെ വീടിന്റെ മതിൽ തകർത്ത് തെങ്ങിലിടിച്ചു നിൽക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കുടിയപ്പോഴേക്കും സൈക്കിൾ യാത്രികനായ സൈഫുദീൻ കാലുകളറ്റ് ചോരവാർന്നു മരിച്ചിരുന്നു. ക്രെയിനുകളെത്തി ലോറി മാറ്റിയ ശേഷമാണ് ലോറിക്കടിയിൽ കുടുങ്ങിയ സെയ്ഫുദീന്റെ കാലുകൾ വീണ്ടെടുക്കാനായത്.സെയ്ഫുദീന്റെ മൃതദ്ദേഹം അഗ്‌നിരക്ഷാസേന, അമ്പലപ്പുഴ പൊലീസിന്റെ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.രക്ഷാപ്രവർത്തനത്തിനിടെ വീടിന്റെ മതിലിടിഞ്ഞു വീണ് തകഴി സ്റ്റേഷനിലെ ഫയർമാൻ യു.സുരേഷിന്റെ കാലിനു പരുക്കേറ്റു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

ദേശീയപാതയിൽ പുറക്കാട് പുന്തല പുത്തൻനടയ്ക്കു സമീപം ഇന്നലെ 2.30നായിരുന്നു അപകടം. പുറക്കാട് മുസ്ലിം ജമാഅത്ത് പള്ളിയിലെ ജീവനക്കാരനായിരുന്നു മരിച്ച സെയ്ഫുദീൻ. സെയ്ഫുദീന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കബറടക്കം ഇന്നു പുറക്കാട് പഴയങ്ങാടി ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഷെരീഫ. മക്കൾ: ബാദുഷ, ബദറുദീൻ.