പത്തനംതിട്ട: ലിഫട് കൊടുത്തയാൾ പിൻസീറ്റിൽ പണവും ലോട്ടറി ടിക്കറ്റുകളും രേഖകളുമടങ്ങിയ ബാഗ് മറന്നു വച്ചത് അറിയായെ ബൈക്ക് യാത്രികന്റെ യാത്ര. കുറേദൂരം സഞ്ചരിച്ചിട്ടും ബൈക്കിന് പിന്നിൽ നിന്ന് തെറിച്ചു പോകാതിരുന്ന ബാഗ് യാത്രികൻ കണ്ടത് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ. മണിക്കൂറുകൾ നീണ്ട നിന്ന തെരച്ചിലിന് ഒടുവിൽ ഉടമയെ കണ്ടെത്തി ബാഗ് തിരികെ നൽകി. ബാഗ് ഉടമ ലോട്ടറി വിൽപ്പനക്കാരനായിരുന്നു. തിരികെ കിട്ടിയ ബാഗിൽ നിന്നും അദ്ദേഹം വിറ്റ ടിക്കറ്റുകളിലൊന്നിന് 25,000 രൂപ സമ്മാനവും അടിച്ചു.

ബൈക്ക് യാത്രികനായ ചെല്ലക്കാട് പാലയ്ക്കൽ വീട്ടിൽ രാജനോട്(64) നന്ദി പറയുകയാണ് റാന്നി ടൗണിലെ ലോട്ടറി വിൽപ്പനക്കാരനായ മോഹനൻ. കഴിഞ്ഞ ദിവസം രാവിലെ രാജൻ ചെല്ലക്കാട് വീട്ടിൽ നിന്നും അങ്ങാടി ശാലീശ്വരം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. യാത്രക്കിടെ ചെത്തോങ്കരയിൽ വച്ച് അപരിചതനായ മോഹനൻ സ്‌കൂട്ടറിനു കൈ കാണിച്ചു. ഇയാളെ രാജൻ സ്‌കൂട്ടറിൽ കയറ്റി ഇട്ടിയപ്പാറ വരെ എത്തിച്ചു.

ക്ഷേത്രത്തിൽ എത്തി പ്രാർത്ഥനയ്ക്ക് ശേഷമാണ് സ്‌കൂട്ടറിന്റെ പിൻസീറ്റിന്റ വശത്തായി ഒരു ബാഗ് കണ്ടെത്തിയത്. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും ബാഗ് പരിശോധിച്ചപ്പോഴാണ് പണവും ലോട്ടറി ടിക്കറ്റും രേഖകളും കണ്ടെത്തിയത്. താൻ ലിഫ്റ്റ് നൽകിയ അപരിചതനായ ആളിന്റേതാവുമെന്ന് കരുതി. ഒരു പരിചയവും ഇല്ലാത്ത ആളിനെ എങ്ങനെ കണ്ടത്തുമെന്നതായിരുന്നു പ്രശ്നം.

തന്റ വാർഡിലെ മുൻ മെമ്പർ അനു ടി. ശാമുവേലിനെ വിളിച്ചു വിവരമറിയിച്ചു. അനു ഇടപെട്ട് ഉടൻ തന്നെ ലോട്ടറി വിൽപ്പനക്കാരനെ കണ്ടെത്തി 10 മിനിട്ടി നകം ബാഗ് കൈമാറുകയായിരുന്നു.

ഇട്ടിയപ്പാറ ടൗൺ മുതൽ അങ്ങാടി പേട്ട ജങ്ഷൻ വരെ യാത്ര ചെയ്തിട്ടു സ്‌കൂട്ടറിന്റ പുറകിൽ നിന്നും ബാഗ് തെറിച്ചു പോകാതിരുന്നത് ലോട്ടറി വിൽപനക്കാരന്റ ഭാഗ്യമായി. തിരികെ കിട്ടിയ ലോട്ടറി ടിക്കറ്റ് വിൽപന നടത്തിയതിൽ അന്നേ ദിവസം 25000 രൂപാ അടിച്ചതും മോഹനന്റ ഇരട്ടി ഭാഗ്യമായി.