- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലവ്: അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മലയാള സിനിമ; ഖാലിദ് റഹ്മാന്റെ മൂന്നാമത്തെ ചിത്രവും ഗംഭീരം; പ്രശ്നമായത് ക്ലൈമാക്സ് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ കഴിയാത്തത്; ഷൈൻ ടോം-രജിഷ ജോഡിയോക്കാളും തിളങ്ങിയത് ഗോകുലൻ; ഇത് ഒരു പബ്ലിസ്റ്റിയുമില്ലാതെ ഇറങ്ങിയ ഒരു ഉഗ്രൻ സിനിമ
ഇന്നലെ അപാരമായ 'അധ്വാനത്തിന്' ഒടുവിലാണ് ഖാലിദ് റഹ്മാൻ എന്ന യുവതലമുറയിലെ പ്രഗൽഭനായ സംവിധായകൻ എഴുതി സംവിധാനം ചെയ്ത 'ലവ്' എന്ന ചിത്രം കണ്ടത്. സിനിമ ഇറങ്ങി ഒരാഴ്ച തികഞ്ഞിട്ടില്ല. രാവിലത്തെ ഷോ ആളില്ലാത്തതിനാൽ കാൻസൽ. വൈകീട്ട് 4 ന് എത്തിയപ്പോൾ ആറുപേർ ഉണ്ടെങ്കിൽ മാത്രമേ പ്രദർശിപ്പിക്കൂവെന്ന് തീയേറ്ററുകാർ. നാലുപേരിൽ തട്ടി രണ്ടാം ചാൻസും പോയി. ഒടുവിൽ ആറുമണിയുടെ ഷോയ്ക്ക് ഭാഗ്യത്തിന് എട്ടുപേരെ കിട്ടി! ഈ കോവിഡ് കാലത്ത് മലയാള സിനിമ എത്തിനിലക്കുന്ന അവസ്ഥ നോക്കുക.
പക്ഷേ ചിത്രം കണ്ടതോടെ ആ ക്ഷീണമെല്ലാം മാറി. ഫിലിംവെസ്റ്റിവലിൽ ലാറ്റിനമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നുമൊക്കെയുള്ള ഒരു ചിത്രം കണ്ട ഒന്നാന്തരം അനുഭൂതി. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് ഷൈൻ ടേം ചാക്കോയും, രജീഷാ വിജയനും മുഖ്യവേഷങ്ങളിൽ എത്തിയ ലവ് എന്ന് നിസ്സംശയം പറയാം. ഇതുപോലെ ഒരു ഉഗ്രൻ പടം, യാതൊരു പബ്ലിസ്റ്റിയുമില്ലാതെ 'ലവ്്' തെലുങ്ക് ഡബ്ബിങ്ങ് പടത്തിന്റെപോലത്തെ പേരുമിട്ട് പ്രദർശനത്തിനിറക്കിയ നിർമ്മാതാവ് ആഷിക് ഉസ്മാന്റെ കരണത്തിന് നോക്കി ഒന്ന് പൊട്ടിക്കാനാണ് പടം കണ്ടപ്പോൾ ആദ്യം തോന്നിയത്.
ഇതുപോലുള്ള വ്യത്യസ്തമായ ചിത്രങ്ങൾ വിജയിക്കണമെങ്കിൽ ഒന്നാന്തരം പ്രീ പബ്ലിസിറ്റിയും പോസ്റ്റ് പബ്ലിസിറ്റിയുമൊക്കെ വേണം. അല്ലാതെ ഒരു ട്രയിലറും ടീസറും നാലും പോസ്റ്ററും ഇറക്കി തടിയെടുക്കയല്ല വേണ്ടത്. ഈ സിനിമയുടെ മാർക്കറ്റിങ്ങ് അമ്പേ പരാജയമാണ്. നിർബന്ധമായും കാണേണ്ട ഒരു വ്യത്യസ്ത ചിത്രം എന്ന രീതിയിൽ ലവിനെ ഉയർത്തിക്കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ല. ഇതിലും മോശം ചിത്രങ്ങൾക്കൊക്കെ വേണ്ടി സോഷ്യൽ മീഡിയിൽ കാണുന്ന തള്ളലുകൾ ഓർക്കണം.
ലോക്ഡൗൺ കാലത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചിത്രീകരണം ആരംഭിച്ച ആദ്യ മലയാള ചിത്രമായ ലൗ ഒരു ഗാർഹിക ത്രില്ലർ ആണെന്ന് പറയാം. രണ്ടു മണിക്കൂറിൽ താഴെമാത്രം ദൈർഘ്യമുള്ള ചിത്രത്തിൽനിന്ന് നിങ്ങൾക്ക് ഒരിക്കൽപോലും കണ്ണെടുക്കാനാവില്ല.
ഇത് ഒരു ഫിലിം ഫെസ്റ്റിവൽ മൂവി
അന്താരാഷ്ട്ര ചലച്ചിത്രോൽസവ ചിത്രങ്ങളോട് കിടപിടിക്കാവുന്ന രീതിയിൽ ഒരു മലയാള ചിത്രം ഒരുക്കാൻ കഴിയുക. എന്തൊരു പ്രതിഭ വേണം അതിന്. അനുരാഗ കരിക്കൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ തന്റെ മൂന്നാം സംവിധാന സംരംഭവുമായി വിസ്മയപ്പിക്കയാണ്. നോക്കണം ആകെ അഞ്ച് താരങ്ങളാണ് ചിത്രത്തിലുള്ളത്.
അവസാനത്തെ ഷോട്ട് ഒഴിച്ച് ബാക്കി മുഴുവൻ രംഗങ്ങളും നടക്കുന്നത് ഒരു ഫ്ളാറ്റിൽ. എന്നിട്ടും കട്ടക്ക് കട്ട നിൽക്കുന്ന കഥാപാത്രങ്ങളുമായി, ഓരോ സീനിലും ഉദ്യേഗം തുടർന്നുകൊണ്ട് മുന്നോട്ടുപോകുയാണ് ചിത്രം. അടുത്തകാലത്തായി മലയാളത്തിൽ നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്ന കഥയുടെ കൃത്യമായ ആവിഷ്‌ക്കാരങ്ങൾ പുറത്തുവരുന്നുണ്ട്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണും, വാങ്ക് എന്നിവയൊക്കെ ആ ജനുസ്സിലായിരുന്നു. അതിന്റെ ഒരു അർബൻ എക്സ്റ്റൻഷൻ ആണ് സത്യത്തിൽ ലവ് എന്ന ചിത്രവും.
ഒരു ഫ്്്ളാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ ജീവിതത്തിലേക്കാണ് ചിത്രം നമ്മെ കൊണ്ടുപോകന്നത്. അനൂപ് ( ചിത്രത്തിൽ ഷൈൻ ടോം ചാക്കോ), ദീപ്തി ( രജിഷ വിജയൻ) ദമ്പതികളുടെ ജീവിതത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങാണ് ചിത്രം പറയുന്നത്. ഇവരുടെ കുടുംബത്തിനകത്ത് ലവ് പതുക്കെ ഇല്ലാതാവുകയാണ്. മറ്റൊരു സ്ത്രീക്ക് മുന്നിൽ തരളിതനാവുന്ന അനൂപിനോട് 'നിങ്ങൾ ഒരിക്കലെങ്കിലും എന്നോട് സാറ്റിസ്ഫൈഡ് ആണോ എന്ന് ചോദിച്ചിട്ടുണ്ടോ എന്ന ദീപ്തിയുടെ ചോദ്യത്തിലുണ്ട് എല്ലാം. അവൾ പൂർണതൃപ്തയാണെന്ന് അവൻ വിശ്വസിക്കുന്നു. അതു കൊണ്ടാണ് സാറ്റിസ്ഫൈ ആയോ എന്ന് എപ്പോഴെങ്കിലും നീ എന്നോട് ചോദിച്ചിട്ടുണ്ടോ എന്ന് ദീപ്തി കയർക്കുമ്പോൾ അനൂപ് പതറുന്നത്.
സ്ത്രീകളെ ഉപദ്രവിക്കുന്നത് നിയമപരമായി കുറ്റമാണെന്നാണ് ആദ്യം എഴുതിക്കാണിക്കുന്നത്. തൊട്ടുപിന്നാലെ പുരുഷന്മാരെ ദേഹോപദ്രവം ഏൽപിക്കുന്നതും കറ്റകരമാണെന്ന് കണ്ടപ്പോൾ ഒരു പുതുമ തോന്നി. പക്ഷേ ക്ലൈമാക്സിലേ അത് പൂർണ്ണമായും ബോധ്യപ്പെടൂ. പ്രണയമില്ലാതെ പരസ്പരം ഒരു കൂരയിൽ ജീവിക്കുന്ന അവർക്ക് പരസ്പരം കൊല്ലാൻ തോനുന്നുണ്ട്. ഒരിക്കലെങ്കിലും സ്വന്തം ഭാര്യയെ കൊല്ലാൻ തോന്നാത്തവർ ആരുണ്ട് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
'
ക്ലൈമാക്സ് പ്രേക്ഷകർക്ക് ദഹിക്കാതെ പോയോ?
ഈ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരിൽനിന്ന് കിട്ടിയ ഫീഡ് ബാക്ക്വെച്ച് പറയുകയാണെങ്കിൽ, ക്ലൈമാക്സിൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക് വ്യക്തമായി മനസ്സിയായിട്ടില്ല. ഇവിടെയാണ് ഖാലിദ് റഹ്മാന് അൽപ്പം പിഴച്ചത്. കാരണം ഫിലിം ഫെസ്റ്റിവലിലെപ്പോലെ സീരിയസായി മാത്രം വെള്ളിത്തിരയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു ജനവിഭാഗമല്ല, പൊതു പ്രേക്ഷകർ. അവർക്ക് തങ്ങളെ വട്ടാക്കിയതുപോലെയാണ് ചിത്രം അവസാനിക്കുമ്പോൾ തോനുന്നുക. സങ്കീർണ്ണമായ മാനസിക വ്യാപാരങ്ങൾ ചർച്ചയാവുന്ന ചിത്രത്തിൽ ക്ലൈമാക്സിൽ സംഭവിച്ചതിന്റെ ചെറിയ വിശദീകരണങ്ങൾ കൂടി ചിത്രത്തിൽ ഉൾപ്പെടുത്താമായിരുന്നു.
സഹികെട്ട് ഭാര്യയെ കൊന്നു പോയ ഒരു പുരുഷന്റെയും ഭാര്യയെ കൊല്ലാൻ ആഗ്രഹിക്കുന്ന മറ്റ് രണ്ട് പുരുഷന്മാരുടെയും കഥയെന്ന് തോന്നിപ്പിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കുടുംബസ്ഥൻ, ജാരൻ, ഭീരു എന്ന നിലയിൽ ഒരു മനുഷ്യനിൽ തന്നെയുള്ള മൂന്ന് ഭാവങ്ങളെ ഒറ്റ ശരീരത്തിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുന്നതിൽ ഖാലിദ് റഹ്മാൻ വിജയിച്ചിട്ടുണ്ട്. പക്ഷേ അത് സാധാരണ പ്രേക്ഷകനിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യുന്നതിയാണ് പ്രശ്നം. അതിനുള്ള ചില സൂത്രപ്പണികൾ കൂടി ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടത് ഉണ്ടായിരുന്നു. അല്ലെങ്കിൽ ആ രീതിയിൽ പ്രേക്ഷകന് സൂചന കിട്ടുന്ന വിധത്തിലുള്ള പബ്ലിസ്റ്റി ബൂസ്റ്റിങ്് എങ്കിലും ഉണ്ടാകേണ്ടതായിരുന്നു.
ഈ ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടിട്ട് തിരിച്ച് ചിന്തിക്കണം. അപ്പോഴാണ് നേരത്തെ കണ്ട പല രംഗങ്ങളുടെയും ഗുട്ടൻസ് പിഠികിട്ടുള്ളൂ. എന്തായാലും ഏറെ കാലത്തെ ഇടവേളക്കുശേഷമാണ് ഒരു മലയാള സിനിമ ചിന്തിപ്പിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. മനോജ് നൈറ്റ് ശ്യാമളൻ കഥയെഴുതിയ സിക്ത് സെൻസ് എന്ന ഹോൽുഡ് സിനിമയാണ് ക്ലൈമാക്സിനുശേഷം സിനിമ റീവൈൻഡ് ചെയ്ത് കാണേണ്ടതാണ്. ആ രീതിയിൽ ചിന്തിപ്പിക്കാൻ കഴിയുന്ന പ്രതിഭകൾ ഉണ്ട് എന്നതുതന്നെ മലയാളത്തിന്റെ ഭാഗ്യം.
നടനത്തിൽ ഞെട്ടിച്ച് ഗോകുലൻ
ആധുനിക മലയാള സിനിമ സംഭാവന ചെയ്ത ഏറ്റവും മികച്ചവരാണ് ഈ ചിത്രത്തിലെ നായികാ നായകന്മാർ. ഇതിഹാസ തൊട്ട് ഇഷ്‌ക്ക്വരെ കണ്ടിട്ടുള്ളവർക്കറിയാം ഷൈൻ ടോം ചാക്കോയുടെ റേഞ്ച്. ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് നേടിയ രജിഷക്കെറിച്ചും പറയേണ്ടതില്ല. പക്ഷേ ഇവിടെ ഞെട്ടിച്ചത് 'പുണ്യാളൻ അഗർബത്തീസിൽ' അടക്കം ചെറിയ വേഷങ്ങൾ ചെയ്ത ഗോകുലൻ എന്ന നടനാണ്. കരിയറിലെ ബെസ്റ്റ് പ്രകടനമായി ലൗവിലെ ഗോകുലന്റെ പ്രകടനത്തെ വിലയിരുത്താം. ഭീരു, സന്ദേഹി, ദുർബലൻ, പ്രതികാരദാഹി തുടങ്ങിയ വിവധി ഭാവങ്ങൾ ആ മുഖത്ത് മിന്നിമറയുന്നത് കാണണം. ബോഡി ലാംഗ്വേജും സൗണ്ട് മോഡുലേഷനും ഒക്കെ വെച്ചുനോക്കുമ്പോൾ ഇദ്ദേഹം ഭാവിയിലെ ശങ്കരാടിയാണെന്ന് ചിലപ്പോൾ തോന്നിപ്പോകും.
ഒരു സീനിൽ പോലും വന്നു പോകുന്ന കഥാപാത്രങ്ങളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. അടുത്തിടെയായി എപ്പോഴും കോമഡി റോളുകളിൽ കാണാറുള്ള സംവിധായകൻ ജോണി ആന്റണി പക്വതയുള്ള ഒരു പിതാവിന്റെ റോളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. സുധി കോപ്പയും വീണ നന്ദകുമാറും തങ്ങൾക്ക് കിട്ടിയ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്.
ഈ ചിത്രത്തിന്റെ എഡിറ്ററും ഈവർഷത്തെ സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെടണം. കാരണം ഒറ്റ ഫ്ളാറ്റിൽ നടക്കുന്ന ഈ കഥയെ വെട്ടിയൊതുക്കി ആദ്യമധ്യാന്തം ഒരേ മൂഡിൽ നിലനിർത്താൻ എഡിറ്റിറ്റർക്ക് കഴിയുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചനാ പങ്കാളിയായ നൗഫലാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജിംസി ഖാലിന്റെ ക്യാമറയും, നേഹ നായർ, യസ്‌കാൻ ഗാരി പെരേരിയ എന്നിവരാണ് പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റകൂട്ടുന്നു. വെറുതെ ഒരു പ്രണയ ഗാനമിട്ട് ആളുകളെ ബോറടിപ്പിക്കാത്തതിലും സംവിധായകനോട് നന്ദിയുണ്ട്.
അവസാനമായി ഒരിക്കൽ കൂടി പറയട്ടെ. വ്യത്യസ്തമായ ചിത്രങ്ങളെ സനേഹിക്കുന്ന പ്രേക്ഷകർ നിർബന്ധമായും കാണേണ്ട ചിത്രമാണിത്.
വാൽക്കഷ്ണം: കാൽ നൂറ്റാണ്ട് മുമ്പ് സർഗം എന്ന ഹരിഹരന്റെ ചിത്രം ഇറങ്ങിയ കാലം. പടം നന്നെങ്കിലും തീയേറ്ററിൽ ആള് കയറുന്നില്ല. അന്ന് താര ചിത്രങ്ങൾക്ക് മാത്രം ഇനീഷ്യൽ കളക്ഷൻ വരുന്ന കാലമാണ്. പക്ഷേ വിതരണക്കാരായ മനോരാജ്യം ഫിലിംസ് വ്യത്യസ്തമായ ഒരു പരസ്യ സ്ട്രാറ്റജി എടുത്തു. പ്രേക്ഷകരിൽനിന്നും പ്രമുഖരിൽനിന്നും പ്രതികരണം എടുത്ത് അവർ പോസ്റ്റർ ആക്കി. പത്രങ്ങളിലടക്കം പരസ്യം ചെയ്ത് നിർബന്ധമായും കാണേണ്ട ചിത്രം എന്ന ഫീൽ ഉണ്ടാക്കി. കുട്ടൻ തമ്പുരാൻ എന്ന മനോജ് കെ ജയന്റെ കഥാപാത്രത്തെ മാത്രം എടുത്ത് പോസ്റ്റർ അടിച്ചു. ദിവസങ്ങൾക്കകം ചിത്രം ഹൗസ് ഫുൾ. ഒരാഴ്ച കൊണ്ട് ഹോൾഡ് ഓവർ ആവും എന്ന് തീയേറ്ററുകാർ മുന്നറിയിപ്പ് കൊടുത്ത ചിത്രം നൂറുദിവസത്തിലധികം കേരളം മുഴവൻ തകർത്തോടി.
ഇന്ന് സോഷ്യൽ മീഡിയയുടെ കാലത്ത് ഒരു നല്ല ചിത്രത്തെ മാർക്കറ്റ് ചെയ്യാൻ എന്തൊല്ലാം അവസരമുണ്ട്. ലവ് പോലുള്ള നല്ല ചിത്രങ്ങൾ യാതൊരു പബ്ലിസിറ്റിയുമില്ലാതെ ഇറക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അതും ഈ കോവിഡ് കാലത്ത് തീയേറ്ററുകളിൽ. ഒ. ടി. ടി റിലീസ് ആയിരുന്നെങ്കിൽ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെ വലിയ ചർച്ചയാവുമായിരുന്ന ചിത്രമായിരുന്നു ഇതും. കള്ളപ്പണം വെളുപ്പിക്കാനാണ് ചിത്രമെടുക്കുന്നത് എന്ന് കുബുദ്ധികൾ പ്രചരിപ്പിക്കുന്നത് ജനം വിശ്വസിച്ചുപോവുക ഈ സമയത്തൊക്കെയാണ്. സിനിമ നന്നായി എടുത്താൽ പോര അത് മാർക്കറ്റ് ചെയ്യാനും പഠിക്കണമെന്ന് ഖാലിദ് റഹ്മാനും, ആഷിക് ഉസ്മാനും ഇനിയെങ്കിലും തിരിച്ചറിയട്ടെ.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ