- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ ഒരു അപൂർവ ഇടത്പക്ഷ ഫലിതം; സ്വന്തം സ്ഥാനാർത്ഥിയുടെ പേര് തെറ്റിച്ച് നൽകി എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് നോട്ടീസ്; തെറ്റു തിരിച്ചറിയാതെ പത്തനംതിട്ട നഗരസഭയിൽ വിതരണം ചെയ്തത് ആയിരക്കണക്കിന് നോട്ടീസ്
പത്തനംതിട്ട: സ്വന്തം മുന്നണിയിലെ സ്ഥാനാർത്ഥിയുടെ പേര് തെറ്റിച്ചു നൽകി നോട്ടീസ് അടിച്ച് വിതരണം ചെയ്ത് എൽഡിഎഫ് നഗരസഭയിൽ പുലിവാൽ പിടിച്ചു. പത്തനംതിട്ട നഗരസഭ 28-ാം വാർഡിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ്(എം) സ്ഥാനാർത്ഥി ബാബു വിളവിനാലിന്റെ പേരാണ് നോട്ടീസിൽ തെറ്റായി ചേർത്തിരിക്കുന്നത്. റോയി വർഗീസ് എന്ന പേരാണ് ചിത്രത്തിനൊപ്പം ചേർത്തിരിക്കുന്നത്.
നഗരസഭയിലെ എൽ.ഡി.എഫ് സാരഥികൾ എന്ന തലക്കെട്ടിൽ 32 വാർഡിലെയും മത്സരാർഥികളുടെ ചിത്രവും പേരും ചിഹ്നവും ഉൾക്കൊള്ളിച്ചാണ് നോട്ടീസ് തയാറാക്കിയത്. ഇതിനിടയിലാണ് ബാബു വിളവിനാലിന്റെ പേര് തെറ്റിച്ച് നൽകിയത്. പേര് മാറിയത് അറിയാതെ ഈ നോട്ടീസ് എല്ലാ വാർഡിലും വിതരണം ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന്റെ യഥാർഥ പേര് ജോൺ എന്നാണ്. വോട്ടേഴ്സ് ലിസ്റ്റിലും അങ്ങനെയാണ്. പക്ഷേ, ബാബു വിളവിനാൽ എന്നാണ് അറിയപ്പെടുന്നത്. 2010 ൽ ബിജെപി സ്ഥാനാർത്ഥിയായി 28-ാം വാർഡിൽ മത്സരിച്ച് വിജയിച്ചയാളാണ് ബാബു. 2015 ൽ ടൗൺ വാർഡിലും ബിജെപിക്ക് വേണ്ടി മത്സരിച്ചെങ്കിലും കേരളാ കോൺഗ്രസ് എമ്മിലെ പികെ ജേക്കബിനോട് തോറ്റു. ഇക്കുറി തെരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മിൽ ചേർന്ന ബാബു സീറ്റ് കിട്ടാൻ വേണ്ടി കേരളാ കോൺഗ്രസ് എമ്മിലേക്ക് മാറുകയായിരുന്നു.
കോൺഗ്രസുകാരിൽ ചിലർ ഫേസ് ബുക്കിൽ നോട്ടീസ് സഹിതം പോസ്റ്റ് ചെയ്തപ്പോഴാണ് തങ്ങൾക്ക് പറ്റിയ അമളി എൽഡിഎഫിന് മനസിലായത്. നോട്ടീസുകളിൽ ഏറെക്കുറെ വിതരണം ചെയ്തതിനാൽ തിരിച്ചു വിളിക്കാനും കഴിയാത്ത അവസ്ഥയിലാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്