മലപ്പുറം: മുസ്ലിംലീഗ് അഖിലേന്ത്യാസെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയുടെ തട്ടകത്തിൽ മുസ്ലിംലീഗിന്റെ വിമത സ്ഥാനാർത്ഥി മത്സരിച്ചെങ്കിലും ഫലംകണ്ടില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി 336വോട്ടിന് വിജയിച്ചു. സ്ഥാനാർത്ഥിയുടെ വിജയം അറിഞ്ഞതോടെ പ്രവർത്തകർ കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോടുള്ള വീട്ടിലെത്തി ആഘോഷിച്ചു.

15വർഷമായി ലീഗ് ജയിക്കുന്ന വാർഡിൽ ഒരു കുടുംബത്തിലെ അംഗങ്ങളെ മാത്രമാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നതെന്നാരോപിച്ച് വിമത സ്ഥാനാർത്ഥിയായ മലപ്പുറം നഗരസഭ 38ാം വാർഡ് ഭൂതാനം കേളനിയിൽ മൈമൂന ഒളകര മത്സര രംഗത്തിറങ്ങിയിരുന്നത്. ഇതോടെ അവസരം മുതലെടുത്ത് എൽ.ഡി.എഫും മറ്റു പാർട്ടികളും കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ യു.ഡി.എഫിനെ പരാജയപ്പെടുത്താൻവിമത സഥാനാർഥി രഹസ്യപിന്തുണ നൽകിയിരുന്നതായും യു.ഡി.എഫ് ആരോപിച്ചു. എന്നാൽ ഇതിനെ മറികടന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം.

മുൻ കെഎംസിസി അംഗവും പ്രവാസിയുമായ നാസറിന്റെ ഭാര്യ മൈമൂനയാണ് ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വെല്ലുവിളിയുയർത്തി മത്സരിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടിയും നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും നിരവധി തവണ പിന്മാറാൻ മൈമൂനയുമായും ബന്ധുക്കളുമായും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

അതേ സമയം മന്ത്രി കെ.ടി ജലീലിന്റെ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. വളാഞ്ചേരി നഗരസഭ ഡിവിഷനിൽ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി മൊയ്തീൻ കുട്ടിയാണ് പരാജയപ്പെട്ടത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥി അഷ്‌റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. 138 വോട്ടുകൾക്കാണ് വിജയം.