കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഇത്തവണ സമഗ്ര ആധിപത്യം. പുതിയ കണക്ക് പ്രകാരം മൂൻസിപ്പാലിറ്റികളിലും ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നത് ഇടതുമുന്നണിയാണ്. ഇതോടെ കോർപ്പറേഷനിലും, മുൻസിപ്പാലിറ്റിയിലും, ബ്ലോക്ക് പഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും, ഗ്രാമപഞ്ചായത്തിലും അടക്കം തദ്ദേശത്തിന്റെ സമസ്തമേഖലയിലും ഒരുപോലെ ഇടതുമുന്നണി മുന്നിലെത്തിയിരിക്കയാണ്.

തെരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെൻഡ് സോഫ്റ്റ് വെയറിലെ പിഴവാണ് നഗരസഭകളിൽ യുഡിഎഫ് മേൽക്കോയ്മ ഉണ്ടെന്ന് റിപ്പോർട്ട് വരാൻ ഇടയാക്കിയത്. പാസ്വേഡിലെ കഴുപ്പം മൂലം സൈറ്റ് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെന്നും തകരാർ പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തുല്യത വന്നതും മുന്നണി സ്വതന്ത്രരുടെ പിന്തുണയോടെ എൽഡിഎഫ് ഭരണം ഉറപ്പിച്ചതുമായ തദ്ദേശ സ്ഥാപനങ്ങളൊക്കെ ട്രെൻഡ് സോഫ്റ്റ് വെയറിൽ ദൃശ്യമായത് യുഡിഎഫിന് ലഭിച്ചവയുടെ പട്ടികയിലായിരുന്നു. നഗരസഭകളിൽ എൽഡിഎഫിനേക്കാൾ 10 എണ്ണം അധികം പിടിച്ചത് യുഡിഎഫ് എന്നായിരുന്നു ട്രെൻഡ് രേഖ. സ്വതന്ത്ര പിന്തുണയോടെ എൽഡിഎഫ് അധികാരം പിടിച്ച കോട്ടയവും അടൂരും പിറവവും കോതമംഗലവും തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിൽ യുഡിഎഫ് പക്ഷത്തായി. ഇവ ശരിയായ കണക്കിൽ പെടുത്തുമ്പോൾ എൽഡിഎഫിന് 39 ഉം യുഡിഎഫിന് 41 ഉം ആകും.

തുല്യത വന്ന കളമശേരി ,പരവൂർ , മാവേലിക്കര ,പത്തനംതിട്ട നഗരസഭകൾ യുഡിഎഫ് കണക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചേർത്തത്.ആർക്കും ഭൂരിപക്ഷമില്ലാത്ത ഈ നഗരസഭകളെ തൂക്കു സഭകളായി പരിഗണിച്ചാൽ എൽഡിഎഫ്- 39, യുഡിഎഫിന് 37 എന്നിങ്ങനെയായിരിക്കും മുനിസിപ്പാലിറ്റികളുടെ എണ്ണം. ഈ തൂക്കു സഭകളിൽ കൂടുതലും സ്വതന്ത്രന്മാരുടെ പിന്തുണയോടെ എൽഡിഎഫ് ഭരിക്കാനാണ് സാധ്യതയെന്നും അപ്പോൾ ചിത്രം വീണ്ടും മാറുമെന്നുമാണ് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഗ്രാമ പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് ഭൂരിപക്ഷമുള്ള തിരുവനന്തപുരത്തെ കാഞ്ഞിരംകുളം കൊല്ലത്തെ പോരുവഴി എന്നിവ യുഡിഎഫ് പക്ഷത്താണ് കമ്മീഷൻ സൈറ്റിൽ ചേർത്തിരിക്കുന്നത്. തുല്യ നിലയിലുള്ള തിരുവനന്തപുരത്തെ അതിയന്നൂർ ,പെരിങ്ങമല ,വിളവൂർക്കൽ കൊല്ലത്തെ ആര്യങ്കാവ്, മൺറോതുരുത്ത്, ഓച്ചിറ എന്നിവയെല്ലാം യുഡിഎഫ് പക്ഷത്താണ് രേഖപ്പെടുത്തിയത്.

അടിമുടി തെറ്റാണ് ഇത്തവണ ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ ഇത്തവണ ഉണ്ടായത് എന്ന് വിമർശനമുണ്ട്. കോർപ്പറേഷൻ റിസൾട്ടിന്റെ കാര്യത്തിലും 3-3 എന്നാണ് ട്രൻഡിൽ കാണിക്കുന്നത്്. എന്നാൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിൽ ഇടതുമുന്നണിയാണ് മുന്നിൽ. രണ്ടിടത്തും ഓരോ വിമതർ വീതം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇവിടെയും ഭരണം എൽഡിഎഫിനെന്ന് ഉറപ്പാവുകയാണ്.

ട്രൻഡിൽ ജില്ലാ പഞ്ചായത്തിന്റെ ഡീറ്റേയിൽഡ് റിസൾട്ടിൽഎടുത്തനോക്കിയാൽ 16 സീറ്റുള്ള വയനാട് ജില്ലാപഞ്ചാത്തിൽ എൽഡിഎഫ്-8, യുഡിഎഫ്-8 എന്ന് കാണാം. അപ്പോൾ അവിടെ സമനിലയാണ്. ഇനി അധ്യക്ഷൻ ആരാകണമെന്ന് നറുക്കടെുപ്പിലൂടെ തീരുമാനിക്കണം. എന്നാൽ ട്രൻഡിന്റെ ഹോം പേജിലെ ജില്ലാ പഞ്ചായത്തിന്റെ മൊത്തം ലിസ്റ്റിൽ ഇതും ചേർത്ത് യുഡിഎഫ് 4 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ കാസർകോട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്-7, എൽഡിഎഫ്-7, എൻഡിഎ-2, സ്വതന്ത്രൻ -1 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ ഒരു സ്വതന്ത്രൻ എൽഡിഎഫ് സ്വതന്ത്രനാണ്. ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ നിന്ന് 138 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ഷാനവാസ് പാദൂർ ഇടതുസ്വതന്ത്രനാണെന്നതിന് ഇലക്ഷൻ കമ്മീഷന് ഒഴികെ ആർക്കും സംശയമില്ല. ഇനി സ്വതന്ത്രരെ വേറെ കാറ്റഗറിയിലാണ് പെടുത്തുകയെങ്കിലും ഇവിടെ ഇരുമുന്നണികളും തുല്യനിലയിലാണ്. പിന്നെ എങ്ങനെയാണ് അതുചേർത്ത് നാല് ജില്ലാ പഞ്ചായത്തുകൾ യുഡിഎഫിന്റെ അക്കൗണ്ടിൽ പെടുത്തുക എന്നതാണ് ഇടത് കേന്ദ്രങ്ങൾ ഉന്നയിക്കുന്ന ചോദ്യം.

അതേസമയം എങ്ങനെയാണ് ഇത്രവലിയ തെറ്റ് ഇലക്ഷൻ കമ്മീഷന്റെ സൈറ്റിൽ സംഭവിച്ചത് എന്നത് സംബന്ധിച്ചും കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ അടുത്ത രാഷ്ട്രീയ വിവാദമായി ഇത് ഉയരാനും സാധ്യതയുണ്ട്. അതിനിടെ സോഫ്റ്റ് വെയറിലെ പിഴവ് പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെചുപ്പ് കമ്മീഷൻ അറിയിച്ചു.