ഇസ്രയേലിൽ എങ്ങും അറബ് വിരുദ്ധ കലാപം പൊട്ടി പുറപ്പെട്ടു; കാറിൽ നിന്നും വലിച്ചിറക്കി അറബ് വംശജരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറൽ; ലണ്ടൻ അടക്കമുള്ള വിദേശ നഗരങ്ങളിൽ ഫലസ്തീൻ അനുകൂലികളും ഇസ്രയേൽ അനുകൂലികളും ഏറ്റുമുട്ടുന്നു; ആദ്യം മടിച്ചെങ്കിലും ഇസ്രയേലിനു കട്ടപിന്തുണ അറിയിച്ച് ജോ ബൈഡനും രംഗത്ത്
- Share
- Tweet
- Telegram
- LinkedIniiiii
ടെൽ അവീവ്: അതിർത്തിയിൽ കത്തിപ്പടരുന്ന സംഘർഷം രാജ്യത്തെ തെരുവുകളിലേക്ക് കൂടി വ്യാപിക്കുന്ന ഭയാനകമായ ദൃശ്യമാണ് ഇസ്രയേലിൽ കാണുന്നത്. ഒരേ രാജ്യത്തെ പൗരന്മാരായ രണ്ടു വംശക്കാർ തെരുവുകളിൽ ഏറ്റുമുട്ടാൻ ആരംഭിച്ചതോടെ ഇനിയൊഴുകുന്ന രക്തപ്പുഴയുടെ ആഴം കണക്കാക്കാനാകില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. ടെൽ അവീവിനടുത്ത് വച്ച് തീവ്ര വലതുപക്ഷക്കാരായ ഒരു കൂട്ടം യഹൂദർ ഒരു അരബ് പൗരനെ കാറിൽനിന്നും വലിച്ചിറക്കി ആക്രമിക്കുന്ന വീഡിയോ ഇപ്പോൾസമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
അരബ് വംശജനായ ഒരു വ്യക്തിയെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി അയാളുടെ ബോധം പോകുന്നതുവരെ മർദ്ദിക്കുന്ന ദൃശ്യമാണ് ഇന്നലെ പുറത്തായത്. ഇസ്രയേലിന്റെ സാമ്പത്തിക തലസ്ഥാനമായ ടെൽ അവീവിൽ നിന്നും തെക്ക് മാറിയുള്ള തീരദേശ നഗരമായ ബാറ്റ് യാമിലായിരുന്നു സംഭവം നടന്നത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്താൻ ഏകദേശം 15 മിനിറ്റോളം എടുത്തു. അതിനിടയിൽ ബോധം നഷ്ടപ്പെട്ട വ്യക്തിയെ തെരുവിൽ ഉപേക്ഷിച്ച് അക്രമികൾ സ്ഥലം വിടുകയുംചെയ്തിരുന്നു.
എന്നാൽ, ഏറ്റവും ഭീതിജനകമായ ദൃശ്യം, അവിടെ കൂടിയിരുന്നവർ അക്രമത്തെ ന്യായീകരിക്കുന്നതായിരുന്നു. അയാൾ ഒരു അറബ് വംശജനായിരുന്നു എന്നും ദേശീയ വാദികളെ അക്രമിക്കുവാനൊരുങ്ങുകയായിരുന്നു എന്നുമാണ് അവർ വിളിച്ചുകൂവിയത്. പക്ഷെ, സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ ഇയാൾ ആൾക്കൂട്ടത്തെ ഒഴിവാക്കി പോകാൻ ശ്രമിക്കുന്ന കാഴ്‌ച്ചയാണുള്ളത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുന്നു എന്നാണ് ആശിപത്രി അധികൃതർ അറിയിച്ചത്.
അഭ്യന്തര യുദ്ധമെന്ന് മേയർ
ഇരു വംശജരും തിങ്ങിപ്പാർക്കുന്ന ലോഡ് നഗരത്തിലെ മേയർ ഈ കലാപത്തെ വിശേഷിപ്പിക്കുന്നത് ഒരു അഭ്യന്തര യുദ്ധമെന്നാണ്. ഫലസ്തീൻകാർ ഉയർത്തെഴുന്നേൽക്കുന്നു എന്നാണ് മേയർ പറഞ്ഞത്. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിച്ച ലഹളക്കാർ ഒരു റെസ്റ്റോറന്റിനും ഒരു യഹൂദ ദേവാലയത്തിനും തീയിട്ടു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇസ്രയേൽ സാക്ഷ്യം വഹിച്ചതിൽ ഏറ്റവും ഭീകരമായ ഒരു ലഹളയ്ക്കാണ് ഇപ്പോൾ നഗരം സാക്ഷ്യം വഹിക്കുന്നത്. ഇതുവരെ ഇവിടെ 400 പേരോളം അറസ്റ്റിലായിട്ടുണ്ട് എന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്.
വലതുപക്ഷ പാർട്ടിയായ റിലിജിയസ് സിയോണിസം പാർട്ടിയുടെ നേതാവും പാർലമെന്റംഗവുമായ ബെറ്റ്സലേൽ സ്മോർട്ടിച്ച് പക്ഷെ അക്രമത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. യഹൂദ വംശജരോട് അക്രമത്തിൽ ഏർപ്പെടുന്നത് നിർത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. നിഷ്‌കളങ്കരും നിരപരാധികളുമാണ് അക്രമത്തിന് ഇരയാകുന്നത് എന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇത് യഹൂദ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും പറഞ്ഞു.
ലോഡിനു പുറമേ ചെറുതും വലുതുമായ നിരവധി മറ്റ് പട്ടണങ്ങളിലും നഗരങ്ങളിലും ഇന്നലെ തീവ്ര വലതുപക്ഷക്കാരുടെ അഴിഞ്ഞാട്ടമായിരുന്നു. ആക്രെ, ഹാഫിയ തുടങ്ങിയ നഗരങ്ങളിൽ നിരവധി ആക്രമകാരികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രെ നഗരത്തിൽ ഒരു യഹൂദവംശജന് അറബ് വംശജരുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റത് സംഘർഷം കൂടുതൽ മൂർച്ഛിപ്പിച്ചു.
അക്രമങ്ങൾ ലണ്ടൻ തെരുവുകളിലേക്കും പടരുന്നു
ഇസ്രയേൽ-അറബ് സംഘർഷം കൊടുമ്പിരി കൊള്ളുമ്പോൾ ഇരു വിഭാഗങ്ങളേയും പിന്തുണച്ചുകൊണ്ട് റാലികൾ ലണ്ടനിലും അരങ്ങേറിൽ ഇസ്രയേൽ അനുകൂലികൾ സമാധാനപരമായി നടത്തിയ റാലിയെ ആക്രമിച്ചതായി പരാതി ഉയർന്നു. പൊലീസ് സമയത്ത് എത്തിയിരുന്നില്ലെങ്കിൽ തങ്ങൾ കൊല്ലപ്പെടുമായിരുന്നു എന്നാണ് റാലിയിൽ പങ്കെടുത്ത 68 കാരനായ ജോനാഥൻ ഹോഫ്മാൻ പറഞ്ഞത്. അതേസമയം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയ 3000 ത്തോളം വരുന്നവർ പൊലീസുമായി ഏറ്റുമുട്ടി.
''അറബ് വംശജർ ഇന്ന് ആയുധം താഴെ വച്ചാൽ യുദ്ധം അവസാനിക്കും. യഹൂദർ ഇന്ന് ആയുധം താഴെവച്ചാൽ ഇസ്രയേൽ അവസാനിക്കും'' എന്നെഴുതിയ ബാനറുമായാണ് ഇസ്രയേൽ അനുകൂലികൾ പ്രതിഷേധത്തിന് എത്തിയത്. സമാധാനപരമായി റാലി നടത്തുന്ന ഇവരുടെ ഇടയിലേക്ക് ഫലസ്തീൻ വാദികൾ കടന്നുകയറി ആക്രമിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക
ഇസ്രയേലിന്റെ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് നേരത്തേ രംഗത്തെത്തിയിരുന്നെങ്കിലും, ഇന്നലത്തെ ഹമാസ് ആക്രമണത്തിനു ശേഷം അമേരിക്കയുടെ മനസ്സ് മാറി. അക്രമങ്ങൾക്കും അശാന്തിക്കും എത്രയും പെട്ടെന്ന് അവസാനമുണ്ടാകും എന്ന് പ്രത്യാശിക്കുന്നതോടൊപ്പം അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേലിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ആയിരത്തിലധികം റോക്കറ്റുകൾ ആക്രമിക്കാൻ എത്തുമ്പോൾ പ്രതിരോധിക്കുവാനുള്ള അവകാശം ഇസ്രയേലിനുണ്ട് എന്നായിരുന്നു ജോ ബൈഡൻ പറഞ്ഞത്.
ഹമാസിന്റെയും മറ്റ് തീവ്രവാദി ഗ്രൂപ്പുകളുടെയും അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു എന്നു പറഞ്ഞ ജോ ബൈഡൻ, ജറുസലേമിനും ടെൽ അവീവിനും നേരെ നടന്ന അക്രമങ്ങളേയും ശക്തമായി അപലപിച്ചു. സ്വന്തം പൗരന്മാരെ സംരക്ഷിക്കുവാൻ ഇസ്രയേൽ ഭരണകൂടത്തിന് കടമയുണ്ടെന്നും അത് അവർ നിർവ്വഹിക്കുകയാണ് ഉണ്ടായതെന്നും ബൈഡൻ പറഞ്ഞു.
മറുനാടന് ഡെസ്ക്