- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുവല്ലറി നിക്ഷേപ തട്ടിപ്പിലെ ബാധ്യതകൾ എംസി കമറുദ്ദീൻ വ്യക്തിപരമായി തീർക്കണം; കൈയൊഴിഞ്ഞു മുസ്ലിം ലീഗ് പ്രവർത്തക സമിതി; എംഎൽഎ സ്ഥാനം രാജിവെച്ച് പാർട്ടിയുടെ മാനം രക്ഷിക്കണമെന്നും അഭിപ്രായം; കുടുതൽ തീരുമാനം ഇന്നു നടക്കുന്ന യുഡിഎഫ് കാസർകോഡ് ജില്ല നേതൃയോഗത്തിന് ശേഷം
കാസർകോഡ്: മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി ഖമറുദ്ദീന്റെ രാജി ആവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. ഇന്ന് കാസർകോഡ് നടക്കുന്ന ജില്ല യുഡിഎഫ് നേതൃയോഗത്തിന് ശേഷം രാജി ആവശ്യപ്പെടുമെന്നാണ് വിവരം. ജുവല്ലറി നിക്ഷേപ തട്ടിപ്പിലെ ബാധ്യതകൾ ഖമറുദ്ദീനും പൂക്കോയ തങ്ങളും വ്യക്തിപരമായി തീർക്കണമെന്നും കഴിഞ്ഞദിവസം നടന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാനങ്ങൾ ഇന്ന് നടക്കുന്ന യുഡിഎഫ് ജില്ല നേതൃയോഗത്തിൽ അവതരിപ്പിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കൺവീനർ എംഎം ഹസനും കാസർകോട് ജില്ല കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നടക്കുന്ന യോഗത്തിൽ പെങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ വെച്ച് ഖമറുദ്ദീന്റെ രാജി ആവശ്യപ്പെടാനാണ് സാധ്യത. ജില്ലയിലെ യുഡിഎഫിലെ ഒരു വിഭാഗവും നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ജുവല്ലറി നേക്ഷേപ തട്ടിപ്പിന് ഇരകളായവരിൽ ഭൂരിഭാഗവും മുസ്ലിം ലീഗ് പ്രവർത്തകരായതിനാൽ തന്നെ പാർട്ടി തട്ടിപ്പിന് ഇരയായവർക്കൊപ്പമാണ് എന്ന നിലപാടാണ് തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ളത്. ഖമറുദ്ദീനെ സംരക്ഷിക്കുന്ന ഒരു നിലപാടും പാർട്ടിയിൽ നിന്നു ഉണ്ടാകില്ലെന്ന് പാണക്കാട് ഹൈദരലി തങ്ങൾ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ജില്ല യുഡിഎഫ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കിയത്.
ഇപ്പോൾ കേസ് കൂടുതൽ സങ്കീർണ്ണമാകുകയും പാർട്ടി ഇടപെട്ട് നടത്തിയ ഒത്തുതീർപ്പ് നടക്കിലെന്നുമുള്ള ഘട്ടമെത്തിയപ്പോഴാണ് എംഎൽഎ സ്ഥാനത്തു നിന്ന് രാജിവെക്കാൻ മുസ്ലിം ലീഗ് ഖമറുദ്ദീനോട് ആവശ്യപ്പെടുന്നത്. അണികൾക്കിടയിൽ ഈ വിഷയത്തിലുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ രാജിയിൽ കുറഞ്ഞ പോംവഴിയിലെന്നാണ് കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതിയിലെ തീരുമാനം. നേരത്തെ ബാധ്യതകൾ വിറ്റ് കടങ്ങൾ ആറ് മാസത്തിനകം തീർക്കാമെന്ന് എംസി ഖമറുദ്ദീൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും നാൾ പാർട്ടി കാത്തിരുന്നത്. 120 കോടിയുടെ ആസ്തികൾ ഇപ്പോഴുമുണ്ടെന്നായിരുന്നു ഖമറുദ്ദീൻ പറഞ്ഞത്.
എന്നാൽ ഇക്കാര്യം അന്വേഷിക്കാനായി മുസ്ലിം ലീഗ് ചുമതലപ്പെടുത്തിയ മുസ്ലിം ലീഗ് കാസർകോട് ജില്ല ട്രഷറർ കല്ലട മാഹിൻഹാജി നടത്തിയ അന്വേഷണത്തിൽ ഇപ്പോഴുള്ള ആസ്തികൾക്ക് പരമാവധി 10 കോടിയുടെ മൂല്യം മാത്രമെയൊള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന് ശേഷം തന്റെ ഒരു സുഹൃത്ത് 200 ഏക്കർ ഭൂമി തന്ന് സഹായിക്കാമെന്ന് ഏറ്റുട്ടുണ്ട് എന്ന് ഖമറുദ്ദീൻ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാൻ ഇതുവരെയും ഖമറുദ്ദീന് സാധിക്കാതെ വന്നതോടെയാണ് ജൂവല്ലറി നിക്ഷേപ തട്ടിപ്പിൽ ഖമറുദ്ദീനെ പൂർണ്ണമായും കൈവിടാൻ പാർട്ടി തീരുമാനമെടുത്തിരിക്കുന്നത്.
പാർട്ടിയെ അറിയിക്കാതെ ആസ്തികൾ വിൽപന നടത്തിയതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനിയും അണികൾക്കിടയിലുള്ള പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന മുസ്ലം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് ഖമറുദ്ദീന്റെ രാജി ആവശ്യപ്പെടാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന യുഡിഎഫ് ജില്ല കമ്മറ്റി യോഗത്തിൽ ഇക്കാര്യം അവതരിപ്പിച്ച ശേഷം പാണക്കാണ് ഹൈദരലി തങ്ങളായിരിക്കും രാജി ഔദ്യോഗികമായി ആവശ്യപ്പെടുക.
മറുനാടന് മലയാളി ബ്യൂറോ