- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11ലേക്ക് മാറ്റിവെച്ചു; 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ; ഇപ്പോൾ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് വാദിച്ചു പ്രതിഭാഗവും; നിക്ഷേപ തട്ടിപ്പു കേസിൽ മുസ്ലിംലീഗ് എംഎൽഎക്ക് ആശ്വാസമില്ല; ആകെ കേസുകളുടെ എണ്ണം 112 ആയി
കാസർകോട്: ജൂവലറിയുടെ നിക്ഷേപ തട്ടിപ്പു കേസിൽ മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ദീന് ആശ്വാസമില്ല. രണ്ട് ദിവസം കൂടി കമറുദ്ദീനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹോസ്ദുർഗ്ഗ് കോടതിയുടെയാണ് നടപടി. ഇന്ന് ജാമ്യാപേക്ഷ എംഎൽഎ സമർപ്പിച്ചിരുന്നു. 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. ഇതോടെയാണ് രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം 11ന് ജാമ്യാപേക്ഷ പരിഗണിക്കാൻ കോടതി തീരുമാനം കൈക്കൊണ്ടത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നൽകുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.
അതേസമയം തട്ടിപ്പ് കേസിൽ റിമാൻഡിലായ എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. ഒളിവിൽ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങൾ പുതിയ കേസിലും പ്രതിയാണ്. മാവിലകടപ്പുറം സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്. ഒളിവിൽ പോയ പൂക്കോയ തങ്ങൾക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. പൂക്കോയ തങ്ങൾ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും സജീവമാണ്.
കാസർകോട് എസ്‌പി ഓഫിസിൽ വച്ചാണ് എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവൻ പറഞ്ഞു. ഏഴുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചന്ദേര പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
തൃക്കരിപ്പൂർ ചന്തേര പൊലീസ് സ്റ്റേഷൻ, പയ്യന്നൂർ െപാലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായാണ് എംഎൽഎയ്‌ക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എംഎൽഎയ്‌ക്കെതിരെ പരാതി ഉയർന്ന് ഒരു വർഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്. ഫാഷൻ ഗോൾഡിന്റെ ചെയർമാനാണ് മുസ്ലിം ലീഗ് നേതാവായ കമറുദ്ദീൻ. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
അതേസമയം കമറുദ്ദീനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് മുസ്ലിംലീഗ്. വിഷയത്തിൽ കമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്നലെ ചേർന്ന ലീഗ് യോഗം തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ