- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിനീഷ് കോടിയേരി ചെയ്തത് ചെറിയ പണിയൊന്നുമല്ല; അവന്റെ ഇടപാടുകൾക്ക് ഏതെങ്കിലും തരത്തിൽ കോടിയേരിയുടെ പിന്തുണ ഉണ്ടെങ്കിൽ ശക്തമായ നടപടി വേണം; പാർട്ടി സെക്രട്ടറിയുടെ മകൻ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നു': എം.എം.ലോറൻസ് മറുനാടനോട് സംസാരിക്കുന്നു
കൊച്ചി: ബിനീഷ് കോടിയേരി ചെയ്തത് ചെറിയ പണിയൊന്നുമല്ലെന്ന് മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.എം ലോറൻസ്. എന്നാൽ അതിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ട ആവിശയമില്ലെന്നും അദ്ദേഹം മറുനാടനോട് പ്രതികരിച്ചു. ബിനീഷ് കോടിയേരി കൊച്ചു കുട്ടിയല്ല. കുട്ടികളുടെ അച്ഛനും കൂടിയാണ്. കൊച്ചു കുട്ടിയായിരുന്നെങ്കിൽ കോടിയേരിയുടെ കുഴപ്പം കൊണ്ടാണെന്ന് നിസംശയം പറയാൻ കഴിയും. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. എന്റെ മകൻ ബിജെപിയിലേക്ക് പോയത് എന്റെ കുഴപ്പം കൊണ്ടാണോ? അതു പോലെ തന്നെ കോടിയേരിയുടെ കുഴപ്പം കൊണ്ടല്ല ബിനീഷ് ഇത്തരം കേസുകളിൽ ചെന്നു പെട്ടത്. എന്നും ലോറൻസ് പറയുന്നു.
അതേ സമയം അണികൾക്കിടയിൽ ഇത്തരം സംഭവങ്ങൾ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും പക്ഷേ അത്തരം ആശങ്കൾ മാറ്റാൻ നേതൃത്വം ശ്രമിക്കണമെന്നും ലോറൻസ് പറഞ്ഞു. ബിനീഷിന്റെ ഇടപാടുകൾക്ക് ഏതെങ്കിലും തരത്തിൽ കോടിയേരിയുടെ പിൻതുണയുണ്ടെങ്കിൽ വലിയ തെറ്റാണ്. അങ്ങനെ കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കണം. പാർട്ടി സെക്രട്ടറിയുടെ മകൻ എന്ന നിലയ്ക്ക് ബിനീഷ് കുറച്ചു കൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നു. എന്നാൽ അതുണ്ടായില്ല. അതിന്റെ പരിണിത ഫലമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടർന്ന് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എം.എം ലോറൻസ് പ്രതികരിച്ചിരിക്കുന്നത്.
അതേ സമയം ബിനീഷ് കോടിയേരിയെ ബെംഗളൂരു കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥരും ബിനീഷിന്റെ അഭിഭാഷകരും നേരത്തെ തന്നെ കോടതിയിൽ എത്തിയിരുന്നു. വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കാൻ അനുവാദം ചോദിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്സ്മെന്റ് അധികൃതർ കോടതിയെ അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസം ബിനീഷിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ചോദ്യം ചെയ്യൽ നടന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പത്തു തവണ ഛർദിച്ചെന്നു ബിനീഷ് കോടതിയിൽ പറഞ്ഞു. കടുത്ത ശാരീരിക അവശതയുണ്ടെന്നും ബിനീഷ് അറിയിച്ചു. അതിനിടെ ബിനീഷ് കോടിയേരിയെ കാണാൻ ഇഡി ഉദ്യോഗസ്ഥർ അനുവാദം നൽകാത്തതിനെതിരെ അഭിഭാഷകർ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കില്ല. നവംബർ അഞ്ചിന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.
കാണാൻ പോലും സമ്മതിക്കാതെ ഇഡി ഉദ്യോഗസ്ഥർ ബിനീഷിനു സ്വാഭാവിക നീതി നിഷേധിക്കുകയാണെന്നു അഭിഭാഷകർ കോടതിയിലും ആവർത്തിക്കും. 50 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെടുന്ന കേസിൽ ജാമ്യം അനുവദിക്കാൻ നിയമമുണ്ടെന്നും, പണത്തിന്റെ സ്രോതസ്സിനെ കുറിച്ചുള്ള വിവരങ്ങൾ ഇതിനോടകം സമർപ്പിച്ചിട്ടുണ്ടെന്നും ബീനിഷ് നൽകിയ ജാമ്യാപേക്ഷയിൽ പറയുന്നു. ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഇഡി കോടതിയിൽ സമർപ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടായിരിക്കും ഏറെ നിർണ്ണായകം. ബിനീഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമോ എന്നതും അറിയേണ്ടതുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കിൽ ബെംഗളൂരു ലഹരിമരുന്ന് കേസിലെ മറ്റു പ്രതികൾ റിമാൻഡിൽ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്കായിരിക്കും ഇന്ന് ബിനീഷിനെ മാറ്റുക.
ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നടന്ന സംഭവത്തിൽ നിന്ന് അകലം പാലിച്ച് നിൽക്കുകയാണ് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ബിനീഷ് തന്നെ നേരിടട്ടെയെന്നും ഇതിന്റെ പേരിൽ പിതാവ് കൂടിയായ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തു. കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ അതിന് സിപിഎം മറുടപടി പറയേണ്ടതുള്ളൂ. വിഷയം കോടിയേരി ബാലകൃഷ്ണനെതിരേ തിരിച്ച് വിടുന്നതിൽ പ്രതിരോധം തീർക്കും. അദ്ദേഹത്തിനെതിരേയുള്ള പ്രചാരവേലയെ ചെറുക്കാനും രണ്ട് ദിവസമായി ചേർന്ന കേന്ദ്രകമ്മറ്റി തീരുമാനിച്ചു. കേസിന്റെ പേരിൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ അത് എതിരാളികളെ സഹായിക്കുമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.