'ല്ലാഹു അക്‌ബർ'...ഉച്ചത്തിലുള്ള ആ വിളികേട്ടിട്ട് ജനം വിരണ്ടോടുകയാണ്. തിരക്കേറിയ ലണ്ടൻ ബ്രിഡ്ജിനുസമീപം നീണ്ട താടിയൊക്കെയായി 'സൊ കോൾഡ് ജിഹാദി ലുക്കിലുള്ള' രണ്ടുപേർ വരികയാണ്. അവർ നിലത്ത് ഒരു പെട്ടിവെച്ചശേഷം ഉച്ചത്തിൽ വിളിക്കുന്നു. 'അല്ലാഹു അക്‌ബർ'...അതുകേട്ടതോടെ ജനം ജീവനും കൊണ്ട് ഓടുന്നു. പിന്നീടാണ് അവർ അറിയുന്നത് അത് ഫോക്സ് ടിവിയുടെ ഒരു 'പ്രാങ്ക് വീഡിയോ' ആണെന്ന്. അഞ്ചുവർഷംമുമ്പ് ഈ സംഭവം ഷൂട്ട് ചെയ്തത് തമാശക്കാണെങ്കിലും, ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ മൈക്കൽ ഷെർമറെപ്പോലുള്ളവർ പിൽക്കാലത്ത് അത് ക്വാട്ട് ചെയ്തിരുന്നു. എങ്ങനെയാണ് മത സങ്കേതങ്ങൾ സാധാരണക്കാരനിൽ ഭീതിയുടെ പര്യായമായി മാറുന്നതെന്ന്. കാരണം ഇസ്ലാമിസ്റ്റുകൾ പറയുന്നതുപോലുള്ള കാരുണ്യത്തിന്റെ പ്രവാഹമായിട്ടല്ല, പൊട്ടാനിരിക്കുന്ന ബോംബിന്റെയൊ ജിഹാദി ആക്രമണത്തിന്റെയോ മുന്നൊരുക്കമായിട്ടാണ് മറ്റുള്ളവർ ഈ വാക്കുകളെ കാണുന്നത്. അവരുടെ അനുഭവം അതാണ്. സമാനമായി രണ്ടുപേർ ഒരു വിമാനത്തിൽ തക്‌ബീർ മുഴക്കിയതിന്റെ പേരിൽ ടേക്ക് ഓഫ് വൈകിയത് ഈയിടെയും വാർത്തയായിരുന്നു. (ഇങ്ങനെയാണ് ഇസ്ലാമോഫോബിയ ഉണ്ടാകുന്നതെന്ന് ഇസ്ലാമിസ്റ്റുകൾ മനസ്സിലാക്കുന്നില്ല. അതായത് ഇസ്ലാമിനെ പേടിച്ചാണ് ഫോബിയ ഉണ്ടാകുന്നത്)

ഉദാഹരണമായി അവിടെ 'ഹാലേലൂയ പ്രയിസ് ദി ലോർഡ്' പറഞ്ഞാലോ, ബുദ്ധം ശരണം ഗച്ഛാമി ആലപിച്ചാലോ എന്തിന് ശരണംവിളികൾ ഉയർന്നാലോ ആരും ഓടില്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാമായിരുന്നു, അൽപ്പകാലം മുമ്പുവരെ. ഇപ്പോൾ അയോധ്യ സമരകാലത്ത് ജയ്ശ്രീറാം വിളിപോലെ, കേരളത്തിലെ ഏറ്റവും മതേതര ദൈവമായിരുന്ന അയ്യപ്പന്റെ കീർത്തനങ്ങൾ കേൾക്കുമ്പോൾ മതേതര മനസ്സുകളിൽ ആധികേറുന്നുണ്ട്. ഫോകസ് ടിവി ചെയ്തപോലത്തെ ചിന്താപരീക്ഷണങ്ങൾ നടത്താൻ ഇവിടെ ആളില്ലാതെപോയി. പത്തനംതിട്ട ബസ്റ്റാൻഡിലോ മറ്റോ തിരക്കേറിയ സമയത്ത് ഒന്ന് ശരണംവിളിച്ചുനോക്കൂ. ജനം ആകെ പരിഭ്രാന്തരാവും. പലരും പ്രത്യേകിച്ച് സ്ത്രീകൾ ഓടും. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ശരണംവിളികൾ സ്ത്രീവിരുദ്ധതയുടെ, അക്രമവാസനയുടെ, നിയമ നിഷേധത്തിന്റെയൊക്കെ മൂല മന്ത്രങ്ങളായി മാറാൻ തുടങ്ങിയിരിക്കുന്നു! ഭീതിയോടെ മാത്രമേ നമുക്കിത് ഉൾക്കൊള്ളാൻ കഴിയൂ.

ജനം തക്‌ബീർ മുഴക്കിക്കൊണ്ട് ഒരു പാവം സ്ത്രീയുടെ ചോരയ്ക്കായി തെരുവിലിറങ്ങിയിരിക്കുന്നുണ്ട് നമ്മുടെ അയൽപക്കത്ത്, പാക്കിസ്ഥാനിൽ. മതനിന്ദാകുറ്റം ചുമത്തപ്പെട്ട ആസിയാബീവി എന്ന ക്രൈസ്തവ വിശ്വാസിയെ വെറുതെ വിട്ട കോടതി വിധിക്കെതിരെയാണ് ഇവിടുത്തെ 'നിഷ്‌ക്കളങ്കരായ ഭക്തരും വിശ്വാസികളും' കഴിഞ്ഞ ഒരു മാസക്കാലമായി തെരുവുയുദ്ധം നടത്തുന്നത്. പ്രബുദ്ധതയുടെ നാടായി നാം അഭിമാനിക്കുന്ന പുരോഗമന നവോത്ഥാന കേരളത്തെയും, പിന്തിരിപ്പന്മാരുടെയും മതഭ്രാന്തന്മാരുടെയും ഹെഡ്ഡാപ്പീസായി ലോകം വിലയിരുത്തുന്ന പാക്കിസ്ഥാനിലെ പ്രക്ഷോഭത്തെയും താരതമ്യം ചെയ്താൽ ഞെട്ടിക്കുന്ന ചില സമാനതകൾ കാണാം. ഭൗതികമായ വ്യത്യാസങ്ങൾ ഒരു പാടുണ്ടെങ്കിലും ഈ സമരത്തിന്റെ അടിസ്ഥാന മസിത്ഷക സോഫ്റ്റ്‌വെയർ മതം അല്ലെങ്കിൽ വിശ്വാസം തന്നെയാണ്.

പാക്കിസ്ഥാനിൽനിന്ന് പമ്പയാറ്റിൻ തീരത്തേക്കുള്ള ദൂരം കുറഞ്ഞുവരുന്നുവെന്നത് നമ്മെ ഞെട്ടിപ്പിക്കുന്നു. മുമ്പൊക്കെ താരതമ്യങ്ങൾക്കുപോലും വകുപ്പില്ലാത്ത രീതിയിൽ വൈചിത്ര്യങ്ങൾ ഉള്ളതായിരുന്നു ഈ രണ്ടു രാജ്യങ്ങളും, പ്രത്യേകിച്ച് കേരളമെന്നതും നമ്മെ ഞെട്ടിക്കുന്നു.

പാക്കിസ്ഥാനിലെ നിഷ്‌ക്കളങ്കരായ വിശ്വാസികൾ കാട്ടിക്കൂട്ടുന്നത്

അയൽക്കാരികളായ മുസ്ലിം സ്ത്രീകളുമായുള്ള വാക്കുതർക്കത്തിനിടെ പ്രവാചകൻ മുഹമ്മദിന് എതിരായ പരാമർശങ്ങൾ നടത്തി എന്ന ആരോപണത്തെ തുടർന്ന് 2010 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചു മക്കളുടെ മാതാവായ അസിയാ ബീബി(47) എന്ന ക്രൈസ്തവ വനിതയെ ശിക്ഷിക്കാൻ പര്യാപ്തമായ തെളിവുകളില്ലാത്തതിനാൽ പാക്കിസ്ഥാൻ സുപ്രീംകോടതി 2018 ഒക്ടോബർ 31 ന് വെറുതെ വിട്ടിരുന്നു. എന്നാൽ അസിയയെ പരസ്യമായി തൂക്കികൊല്ലണം എന്നാവശ്യപ്പെട്ട് ഇപ്പോൾ പാക്കിസ്ഥാനിലെമ്പാടും വ്യാപകമായ അക്രമസമരങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്.

കേരള സർക്കാർ നേരിടുന്ന അതേ പ്രതിസന്ധിയാണ് പാക്കിസ്ഥാനിലും സംഭവിക്കുന്നത്. രണ്ടും അടിസ്ഥാനപരമായ വിശ്വാസ പ്രശ്നമാണ്. രണ്ടും സുപ്രീംകോടതിക്കെതിരെയാണ്. രണ്ടിലും സർക്കാർ അമ്പരന്ന് നിൽക്കയാണ്, രണ്ടിലും 'ഭക്തർ' തെരുവിലിറങ്ങിയിരിക്കുകയാണ്, രണ്ടിലും റിവ്യൂ ഹർജിയും നൽകപ്പെട്ടിട്ടുണ്ട്! നാണിപ്പിക്കുന്ന സമാനതകൾ. ഒരു മതാധിഷ്ഠിത രാജ്യമായ പാക്കിസ്ഥാനിലും ഒരു ജനാധിപത്യരാജ്യമായ ഇന്ത്യയിലും കാര്യങ്ങൾ ഏറെക്കുറേ ഒരുപോലെ. വിശ്വാസികൾ, ഭക്തർ എന്ന ലേബൽ കിട്ടിയാൽ പിന്നെ ഒന്നും പേടിക്കാനില്ല. ഭരണഘടനയെയും കോടതിയെയും പൊലീസിനെയും.

ഇനിയുമുണ്ട് സാമ്യതകൾ. രണ്ടുരാജ്യങ്ങളിലും എല്ലാവരും വിശ്വാസികൾക്ക് ഒപ്പമാണ്. പാക്കിസ്ഥാനിൽ ഇമ്രാൻഖാൻ അധികാരത്തിൽ ഏറിയതുതന്നെ ഇത്തരം മതമൗലിക വാദികളുടെ പിന്തുണയോടെ ആയിരുന്നു. ഭരണകക്ഷിയും പ്രതിപക്ഷ കക്ഷികൾക്കും ആസിയാബീബിക്കെതിരാണ്. സുപ്രീം കോടതിവിധി നടപ്പാക്കാൻ ആർക്കും താൽപ്പര്യമില്ല.

ഇവിടെയും നോക്കുക മുസ്ലിംലീഗ് മുതൽ എസ്ഡിപിഐ വരെ ഭക്തർക്കൊപ്പമാണ്'.കോൺഗ്രസുമുതൽ പിള്ളവരെ പറയുകയും വേണ്ട. ആകെ നട്ടെല്ലുള്ള ഒരു ശബ്ദം കേട്ടത് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുമാത്രമാണ്. അത്രയും ആശ്വാസം

എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി.രവിചന്ദ്രന്റെ ഈയിടെ ഇങ്ങനെ എഴുതുകയുണ്ടായി. 'അസിയയെ തൂക്കികൊല്ലണം എന്നലറികൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ. അക്ഷരാഭ്യാസമില്ലാത്തവർ മുതൽ ഗവേഷണബിരുദധാരികൾ വരെ അവർക്കിടയിലുണ്ടാവും. യുദ്ധവിരുദ്ധപ്രവർത്തകർ, പ്രകൃതിസ്‌നേഹികൾ, കലാകാരന്മാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കച്ചവടക്കാർ....ഒക്കെ അവർക്കിടയിലുണ്ട്. മനുഷ്യമനസ്സിന്റെ സഹജമായ നന്മയെല്ലാം നഷ്ടപെട്ട് കൊലയാളികളെ പോലെ ഈ ജനക്കൂട്ടം ആർത്തിരമ്പാൻ കാരണം അവരുടെ മസ്തിഷ്‌ക്കത്തെ കീഴടക്കിയ മതവൈറസുകളാണ്. പലജനം, ഒരു രോഗം! ആസിയ പിടഞ്ഞു ചാകുന്നത് അവർക്ക് കൺകുളിർക്കെ കാണണം, ആ വാർത്ത കാതുകുളിർക്കെ കേൾക്കണം. അങ്ങനെ ചോര കാണുമ്പോൾ പ്രീതിപ്പെടുന്ന ഗോത്രദൈവത്തിന്റെ പ്രീതി സമ്പാദിക്കണം. വിശ്വാസികളാണവർ. എല്ലാവരും പൊന്നേ പോറ്റി എന്നൊക്കെ വിളിച്ച് താലോലിക്കുന്ന വിശ്വാസികൾ... 'പാവം ഭക്തർ'... നിഷ്‌കളങ്കരായ' വിശ്വാസികൾ.'

ഈ വിശ്വാസികളെ തന്നെയല്ലേ നാം പമ്പയാറ്റിൻകരയിലും സന്നിധാനത്തുമൊക്കെ കാണുന്നത്.

ആരൊക്കെ ആസിയാബീവിയെ കൊല്ലരുത് എന്ന് പറയുന്നോ, ആരൊക്കെ മതനിന്ദാ കുറ്റം കാലോചിതമായി പരിഷിക്കരിക്കണം എന്ന് പറയുന്നോ അവരൊക്കെ കൊല്ലപ്പെടുന്നു! 2011 ജനുവരിയിൽ അസിയയ്ക്ക് പ്രസിഡന്റ് മാപ്പ് നൽകണമെന്നും മതനിന്ദാനിയമം (Blasphemy Law) കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ട പഞ്ചാബ് ഗവർണ്ണർ തൻസീർ മുഹമ്മദിനെ സ്വന്തം അംഗരംക്ഷകൻ മുംതസ് ഖാദ്രി വെടിവെച്ചുകൊന്നു. 2016 മാർച്ചിൽ തൂക്കിലേറ്റപ്പെട്ട ഖാദ്രിയുടെ ശവസംസ്‌ക്കാര ഘോഷയാത്രയിൽ കണ്ണീരുംകയ്യുമായി പതിനായിരങ്ങളാണ് പങ്കെടുത്തത്. തൊട്ടടുത്ത മാസം മതനിന്ദാ നിയമം പരിഷ്‌ക്കരിക്കണം എന്ന ആവശ്യം ഉന്നയിച്ച പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യമന്ത്രിയും ക്രിസ്തുമതവിശ്വാസിയുമായ ഷബാസ് ബാട്ടി ഇസ്ലാമാബാദിൽ വെച്ച് കൊല്ലപ്പെട്ടു. മതനിന്ദകർക്ക് മരണം എന്ന മുദ്രാവാക്യവുമായി തെരുവു നിറയ്ക്കുന്ന വിശ്വാസികളെ എങ്ങനെ നേരിടണം എന്നറിയാതെ കഴിഞ്ഞ ജൂലൈയിൽ മതനിന്ദാകുറ്റത്തെ ശക്തമായി ന്യായീകരിച്ച് അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ അന്ധാളിച്ചു നിൽക്കുന്നു. മതവെറിയർക്ക് ഗണ്യമായ സ്വാധീനമുള്ള പൊലീസും പാക്കിസ്ഥാൻ ആർമിയും വ്യക്തമായ തീരുമാനമെടുക്കാതെ തുള്ളിക്കളിക്കുന്നു.

ഇവിടെ കൊല്ലാൻ കഴിയുന്നില്ല എന്ന് മാത്രം. അത് ഇന്ത്യയുടെ വലിയ വിജയമാണ്. പക്ഷേ രണ്ടുപേരും ഉയർത്തുന്ന വികാരം ഒന്നുതന്നെ. ഇനി നാമജപക്കാരുടെ ശരീരഭാഷയും പാക്കിസ്ഥാൻ മതഭ്രാന്തന്മാരുടെ ശൈലിയും ഒന്നുനോക്കുക. രണ്ടും എതാണ്ട് ഒരുപോലെയാണ്. യുക്തിയില്ലാത്ത അന്ധമായ ആൾക്കൂട്ടമാണ് രണ്ടും. ആചാരം ലംഘിച്ചുവെന്ന് സംശയിക്കുന്നവർക്ക് അമ്മയുടെ പ്രായമുണ്ടായാലും സന്നിധാനത്തുവെച്ച് നാം തേങ്ങയറിഞ്ഞ് കൊല്ലാൻ ശ്രമിക്കുംം. സദാചാരപൊലീസായി തിരിച്ചറിയൽ കാർഡ് നോക്കും. ഒന്നാന്തരം ആർത്തവ ലഹളതന്നെ. ശബരിമലയ്ക്ക് പോവാൻ ശ്രമിച്ച യുവതികളുടെ സ്ഥിതിനോക്കുക. ബിന്ദു തങ്കം കല്യാണിയൊക്കെ ഇപ്പോഴും 'നിഷ്‌ക്കളങ്കരായ ഭക്തരിൽനിന്ന്' ജീവന് വരെ ഭീഷണിയേറ്റ് കഴിയുകയാണ്. മാലയിട്ടതിന് ജോലിപോയവർ, മലകയറാൻ നോക്കിയതിന് വീട് തകർത്തവർ. ഇത് സാക്ഷര കേരളമാണോ അതോ വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയമോ? മറ്റുരാജ്യങ്ങളിലൊക്കെ സ്ത്രീകൾ ചൊവ്വയിൽ കുടിയേറിപ്പാർക്കുന്നതിനെ പറ്റിയൊക്കെ ചിന്തിക്കുമ്പോഴാണ് നാം ആർത്തവ പ്രശ്നത്തിൽ അഭിരമിക്കുന്നത്.

 നോക്കുക വിധി നടപ്പാക്കാനല്ല എങ്ങനെ നടപ്പാക്കാതിരിക്കാം എന്ന് നോക്കാനാണ് രണ്ടു രാജ്യങ്ങളിലും എല്ലാ പാർട്ടികളും യത്നിക്കുന്നത്. ആസിയാബീബിയുടെ വിധിയെഴുതിയിട്ടും മതവെറിയരെ ഭയന്ന് അത് മൂന്നാഴ്ച വൈകിപ്പിച്ചു. മൂന്ന് സുപ്രീംകോടതി ന്യായാധിപരുടെ ജീവനും അപകടത്തിലാണ്. റിവ്യൂ ഹർജിയും പോയിരുന്നു. ഇവിടെയും നോക്കുക കാലതാമസ ഹർജിയും റിവ്യൂ ഹർജിയുമായി എല്ലാവർക്കും ഇതൊന്ന് നീട്ടിക്കിട്ടണം. ദീപക് മിശ്രയെ കള്ളന്നെന്നാണ് രാഹുൽ ഈശ്വർ വിളിച്ചിരുന്നത്. കെ.സുധാകരൻ മുതൽ ശശികല വരെ കോടതിക്കെതിരെ ഉയർത്തിയ കൊലവിളികൾ ഓർത്തുനോക്കണം. ഇനി കൽബുർഗിയെയും, പൻസാരയെയും, ഗൗരിലങ്കേഷിനെയും കാത്തിരിക്കുന്ന വിധി തന്നെയാണൊ ദീപക് മിശ്രക്ക് എന്നതും അറിയില്ല. നോക്കണം എവിടെക്കാണ് നാം പതിക്കുന്നത്.

നാമജപത്തെ മാതൃകയാക്കി ഓരോരുത്തരും അവരുടെ മതാചാരപ്രകാരം സമരം തുടങ്ങിയാൽ എന്തുചെയ്യും. നടുറോഡിലെ കൂട്ട നമസ്‌ക്കാരമായിരിക്കും ഇനി മുത്തലാഖിനും, എക സിവിൽകോഡിനെതിരായുള്ള സമരത്തിൽ കാണുക.( ഏക സിവിൽ കോഡിലേക്കുള്ള തുടക്കമാണ് ശബരിമല വിധിയും) ഗെയിൽ സമരത്തിലൊക്കെ നാം ഇതുകണ്ടുകഴിഞ്ഞു. കുരിശുമുത്തിയുള്ള സമരങ്ങളും പിന്തുണ പ്രഖ്യാപനങ്ങളും ഫ്രാങ്കോമുളയ്ക്കനെ രക്ഷിക്കാനുള്ള പ്രതിസമരങ്ങളിലും നാം കണ്ടു.

ഇല്ല.. ഇന്ത്യക്ക് ഒരിക്കലും ഒരു ഫാസിസ്റ്റ് രാജ്യമാകാൻ ആവില്ല

ഇന്ത്യയും പാക്കിസ്ഥാനും പിറക്കുമ്പോൾ രണ്ടുരാജ്യങ്ങളും തമ്മിലുള്ള അകലം പ്രകാശവർഷങ്ങളായിരുന്നു. ഒന്ന് ഒരു ഇസ്ലാമിക രാജ്യവും മറ്റേത് ഒരു മതേതര രാജ്യവും. ആ മാറ്റത്തിന്റെ അടിസ്ഥാനം എന്താണ്? നമ്മുടെ ഭരണഘടനതന്നെ. ഈ നാട്ടിലെ ജനങ്ങൾ ഒരിക്കലും അർഹിക്കാത്ത ഒരു ഭരണഘടന നെഹ്‌റുവും അംബേദ്ക്കറും ചേർന്ന് എഴുതിവെച്ചതിന്റെ ഗുണം നാം ഇപ്പോഴും അനുഭവിക്കുന്നു. ആ ഭരണഘടനകൂടി ഇല്ലായിരുന്നെങ്കിൽ നമ്മുടെ സ്ഥിതിയെന്താവുമായിരുന്നു.

പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് കൊല്ലുക എന്നത് എളുപ്പമാണ്. അനിഷ്ടം തോന്നുന്ന ആരുടെയും ജീവനെടുക്കാം. മുഹമ്മദിനെയോ ഖുർ-ആൻ എന്ന പുസ്തകത്തെയോ അവഹേളിച്ചു എന്നൊരു കഥയുണ്ടാക്കുക. ഒന്നു രണ്ട് സാക്ഷ്യങ്ങൾ...ശേഷം കാര്യം ആൾക്കൂട്ടം നോക്കിക്കൊള്ളും. കുറ്റാരോപിതരുടെ ഭാഗം വാദിക്കാൻ വക്കീലുണ്ടാവില്ല, അഥവാ ഉണ്ടായാൽ അവരുടെ വിധിയും ഭിന്നമാകില്ല. വിധി പറയേണ്ട ന്യായാധിപന്മാർ ജീവനുംകൊണ്ട് പലായനം ചെയ്യും.

ഒരിക്കലും അത് ഇവിടെ നടക്കില്ല. അതിന്റെ പ്രധാനകാരണം ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്നു നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയുടെ കോർ അഥവാ കാമ്പ് മൂന്നിൽ രണ്ട് ഭൂരിപക്ഷമല്ല നാലിൽ മൂന്ന് ഭൂരിപക്ഷം കിട്ടിയിലാലും ഭേദഗതിചെയ്യാനാവില്ല. അത് ഭേദഗതിപെയ്യാൻ പറ്റാത്തതാണ് ( un amendable) അതായത് മോദിയല്ല ആരുവിചാരിച്ചാലും ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനോ ഫാസിസ്റ്റ് രാജ്യമാക്കാനോ കഴിയില്ല. (ഇന്ത്യയിൽ ഫാസിസം എന്നത് കമ്യൂണിസ്റ്റുകാരുടെ തള്ള് മാത്രാമണ്. പക്ഷേ കാൽ ഫാസിസംപോലും നമ്മെ പേടിപ്പെടുത്തുന്നു.) അതിനുപുറമെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ രണ്ട് വാക്കുകൾ ഇന്ദിരാഗാന്ധി ഭരണഘടനയിൽ എഴുതിച്ചേർത്തതും ഫാസിസ്റ്റുകൾക്ക് കനത്ത് തിരിച്ചടിയാണ്.

ഇന്ത്യൻ ജനതയുടെ എറ്റവും വലിയ കരുത്ത് ഇന്ത്യൻ ഭരണഘടന തന്നെയാണ്. അതുള്ള കാലത്തോളം ഈ രാജ്യം പാക്കിസ്ഥാനാവില്ല. നിങ്ങൾക്ക് പാക്കിസ്ഥാനിലേക്കുള്ള ദൂരം കുറയ്ക്കാനോ കഴിയൂ. രാമായണമോ, ഭാരതമോ, ഖുർആനോ ബൈബിളോ പ്രരിപ്പിക്കാനല്ല ഇന്ത്യൻ ഭരണഘടന നിങ്ങളോട് പറയുന്നത്. ആർട്ടിക്കിൾ 51 a(h) പ്രകാരം ശാസ്ത്രബോധവും, മനുഷ്യത്വവും, അന്വേഷണത്വരയും വളർത്തുക നമ്മുടെ മൗലികമായ കർത്തവ്യമാണ്. ലോകത്ത് എറ്റാവും കൂടുതൽ വിശ്വാസികളും എന്തിന് മതാന്ധരുമുള്ള ഒരു രാജ്യത്തിന്റെ ഭരണഘടനയാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. ഒറ്റ വികസിത രാജ്യങ്ങൾപോലും ശാസ്ത്രപ്രചാരണം പൗരന്റെ കർത്തവ്യമായി കൊടുത്തിട്ടില്ല. മറന്നുപോകരുത്, ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശര്യം.

അതേ ഭരണഘടനയാണ് ശബരിമലയിൽ സ്ത്രീപ്രവേശം ഉറപ്പുവരുത്തുന്നത്.ആ ഭരണഘടനയും ഒരു അന്ധവിശ്വാസവും തമ്മിലുള്ള യുദ്ധം നടക്കുമ്പോൾ മാനവികതാ വാദികൾ ഭരണഘടനക്ക് ഒപ്പം ചേർന്നേ മതിയാവും. കാരണം അതില്ലായിരുന്നെങ്കിൽ നാം പാക്കിസ്ഥാൻ ആയെനെ. പാക്കിസ്ഥാനിൽനിന്ന് പമ്പയിലേക്കുള്ള ദൂരം കൂട്ടണമെങ്കിൽ നിങ്ങൾ കുട്ടികളെ മതത്തിന്റെ മൊറാലിറ്റിയല്ല, ഭരണഘടനയുടെ മൊറാലിറ്റിയാണ് പഠിപ്പിക്കേണ്ടത്.

വാൽക്കഷ്ണം: പണ്ടൊക്കെ ട്രോൾ ആയി ഉപയോഗിച്ചിരുന്ന വാക്കാണ് 'നീ പോയി നാം ജപിച്ചോ' എന്നത്. അതിനർഥം ഒന്നിനും കഴിയില്ല എന്നാണ്. എന്നാൽ ഇപ്പോഴോ. വിശ്വാസത്തിന് വിശ്വാസികൾ തന്നെ വിലകൽപ്പിക്കുന്നില്ല എന്നതിന്റെ നാടൻ ഉദാഹരണങ്ങൾ എത്രയോ ഉണ്ട്. അത് 'പള്ളിയിൽപ്പോയി പറഞ്ഞാൽ മതി', സംഭവം 'വഴിപാടായി' എന്നീവാക്കുകൾ നോക്കുക. 'ദേവന്ദ്രന്റെ അച്ഛൻ മുത്തുപട്ടർ വിചാരിച്ചാലും നടക്കില്ല' എന്ന പ്രയോഗം ഉണ്ട് പ്രാസംഗികർ സ്ഥിരമായി പറഞ്ഞിരുന്നു. ഇന്ന് അത് മതനിന്ദയാവും. അതായത് വഴിപാടായ വാക്കുകളെപോലും നാം ഭയക്കും. മതം സമൂഹത്തിൽ കയറിവരുന്നു.

നാമം ജപിച്ച് നിങ്ങൾക്ക് സമൂഹ പുരോഗതിയെ ചങ്ങലക്കിടാം. റോഡ് ഉപരോധിക്കാം, ഹർത്താൽ നടത്താം. പക്ഷേ ചരിത്രം നോക്കുക. അയിത്തത്തിനെതിരായ, മാറുമറയ്ക്കലിന് എതിരായ, അനാചാരങ്ങൾക്ക് എതിരായ ഒരു പ്രതിസമരവും ഇവിടെ വിജയിച്ചിട്ടില്ല. കാലം അവയെ ചവറ്റുകുട്ടയിൽ എറിയുകയാണ് ചെയ്തത്. ആർത്തവ ലഹളക്കാരെയും ചരിത്രം കുറ്റക്കാരാണെന്ന് വിധിക്കുന്ന ഒരു കാലം വരും.