- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു; വയനാട് കോൺഗ്രസ് നേതൃത്വം പരാജയമെന്ന് വിമർശനം; സിപിഎമ്മിൽ ചേർന്നേക്കും; പ്രതീക്ഷിക്കുന്നത് സുൽത്താൻ ബത്തേരിയിലെ ഇടതു സ്ഥാനാർത്ഥിത്വം; തുടർച്ചയായി നേതാക്കളുടെ രാജിയിൽ ആശങ്കപ്പെട്ട് സംസ്ഥാന നേതൃത്വം
സുൽത്താൻ ബത്തേരി: കെപിസിസി. സെക്രട്ടറിയും സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിലറുമായ എം.എസ്. വിശ്വനാഥൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. കൽപ്പറ്റ പ്രസ്ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പാർട്ടിയിലെ പ്രാഥമിക അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. സിപിഐഎമ്മിൽ ചേരാണ് എംഎസ് വിശ്വനാഥന്റെ തീരുമാനം.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും തന്നെ അവഗണിച്ചെന്നും ഇന്നിയും അവഗണന സഹിച്ചു മുന്നോട്ട് പോകാൻ കഴിയില്ലെന്ന് രാജി വച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു. വയനാട്ടിൽ കോൺഗ്രസിൽ നിന്നും രാജി തുടരുകയാണ്. വയനാട്ടിലെ കോൺഗ്രസിൽ നിന്ന് വിട്ടവരെക്കുറിച്ച് ഇതു വരെ ചർച്ച ചെയ്തിട്ടില്ല. വയനാട് കോൺഗ്രസ് നേതൃത്വം പരാജയമാണ്. ഒരേ വ്യക്തി തന്നെ ഡിസിസി പ്രസിഡന്റും എംഎൽഎയുമായി തുടരുന്നു. അതാണ് ജില്ലയിലെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്നും വിശ്വനാഥൻ പറഞ്ഞു.
ഇതോടെ വിശ്വനാഥൻ സുൽത്താൻ ബത്തേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്തു വരുന്ന സൂചന. നേരത്തെ എൽഡിഎഫ് നേതൃത്വവുമായി അദ്ദേഹം അനൗദ്യോഗിക ചർച്ച നടത്തുകയും ചെയ്തിരുന്നു.
കുറുമ സമുദായത്തിന് നിർണായക സ്വാധീനമുള്ള ബത്തേരി നിയോജക മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. വിശ്വനാഥൻ കോൺഗ്രസ് സംസ്ഥാന നേതാക്കൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സിറ്റിങ് എംഎൽഎ ഐ.സി.ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
വയനാട്ടിൽ കോൺഗ്രസിൽ നിന്ന് തുടർച്ചയായി രാജിവെക്കുന്നത് നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. പാർട്ടി ജില്ലാ നേതൃത്വത്തിനെതിരേ ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം കെപിസിസി അംഗം കെ.കെ.വിശ്വനാഥൻ രാജിവെച്ചിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെയായിരുന്നു ഇത്. അന്തരിച്ച മുന്മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനാണ് തിങ്കളാഴ്ച പാർട്ടി വിട്ട കെ.കെ. വിശ്വനാഥൻ.
മറുനാടന് മലയാളി ബ്യൂറോ