തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെതുടർന്നുള്ള ജാഗ്രതക്കുറവിന്റെ പേരിൽ മാറ്റിനിർത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. നാല് മാസം കൂടിയാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് നടപടി.

സർക്കാർ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയുടെതാണ് നടപടി. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യുന്നത്. നിലവിൽ സ്വർണ്ണക്കടത്തുകേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്.അഖിലേന്ത്യാ സർവീസ് ചട്ടം അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡു ചെയ്ത് 60 ദിവസം കഴിയുമ്പോൾ പുനപരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

1969 ലെ അഖിലേന്ത്യ സിവിൽ സർവീസ് റൂൾ 3(8)സി പ്രകാരം അച്ചടക്ക നടപടിക്കെതിരെ അപ്പീലിനാണ് പുനഃ പരിശോധനാ കമ്മിറ്റി രൂപീകരിച്ചത്. സെപ്റ്റംബർ 11 നാണ് കമ്മിറ്റി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ജൂലൈ 17 നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട അടുപ്പത്തിന്റെ പേരിലാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തത്. ഐടി മേഖലയുമായി ബന്ധപ്പെട്ടു ശിവശങ്കർ നടത്തിയ നിയമനങ്ങൾ അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. സ്വർണക്കടത്തു കേസ് പോലെ ഗുരുതര വിഷയത്തിൽ കേരളത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ സസ്പെൻഷനിലാകുന്നത് ആദ്യമായിരുന്നു. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.നടപടി.

ബന്ധങ്ങളിൽ ശിവശങ്കർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തിയതും ഇഷ്ടക്കാരെ ഐടി വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിൽ നിയമിച്ചതുമെല്ലാം വീഴ്ചകളായി കണ്ടെത്തി. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി ശിവശങ്കറിന്റെ ബന്ധം കസ്റ്റംസ് കണ്ടെത്തിയിരുന്നു

സർണക്കടത്തിൽ ഭീകരബന്ധം സംശയിക്കപ്പെടുന്ന പ്രതികളുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ രാജ്യദ്രോഹക്കുറ്റം ചെയ്തതായി മൂന്നു ഘട്ടമായി ഇരുപത്തിനാലര മണിക്കൂർ ദീർഘിച്ച ചോദ്യംചെയ്യലിലും എൻ.ഐ.എയ്ക്ക് കണ്ടെത്താനായിരുന്നില്ല. ഇതോടെ ചോദ്യംചെയ്യലിനു ശേഷം അന്വേഷണസംഘം അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു.