- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഭരണഘടനാ വിരുദ്ധം; ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികൾക്ക് തന്നെയെന്ന് നിയമവിദഗ്ദ്ധർ; അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തിൽ ഹൈക്കോടതിയുടെ അധികാരത്തിൽ വെള്ളംചേർത്ത് 3 അംഗ ഇന്റർവ്യൂ ബോർഡിൽ 2 സംസ്ഥാന സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തിയത് വിവാദത്തിൽ
കൊച്ചി: ഹൈക്കോടതിയിലെ 'ഹൈ ലെവൽ ഐടി ടീമിന്റെ' നിയമനത്തിൽ സംസ്ഥാന സർക്കാരിനു മുൻതൂക്കമുള്ള ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചിട്ടുണ്ടെങ്കിൽ അതു ഭരണഘടനയുടെ 229ാം അനുഛേദത്തിന്റെ ലംഘനമാണെന്നു നിയമവിദഗ്ദ്ധർ. ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികൾക്കു നൽകുന്നതാണ് ഈ വകുപ്പ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഹൈക്കോടതി തന്നെയാണ് തീരുമാനം എടുക്കേണ്ടത്. മറ്റൊരു ഭരണഘടനാ സ്ഥാപനമായ പിഎസ്സി നടത്തിയിരുന്ന മുൻസിഫ് മജിസ്ട്രേട്ട് നിയമനം പോലും ഹൈക്കോടതി ഏറ്റെടുത്തത് ഇതിന്റെ ഭാഗമാണെന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തിൽ ഹൈക്കോടതിയുടെ അധികാരത്തിൽ വെള്ളംചേർത്ത് 3 അംഗ ഇന്റർവ്യൂ ബോർഡിൽ 2 സംസ്ഥാന സർക്കാർ പ്രതിനിധികളെയാണ് ഉൾപ്പെടുത്തിയ നടപടിയാണ് ഇതോടെ വിവാദത്തിലാകുന്നത്. എം.ശിവശങ്കർ സംസ്ഥാന ഐടി സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ ഐടി പാർക്ക് സിഇഒയെയും ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ഡയറക്ടറെയുമാണ് ബോർഡിൽ ഉൾപ്പെടുത്തിയത്. രാജ്യത്തെ മുഴുവൻ ഹൈക്കോടതികളുടെയും കംപ്യൂട്ടർവൽക്കരണത്തിനു നേതൃത്വം നൽകുന്ന നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ പ്രതിനിധികളെ ബോർഡിൽ ഉൾപ്പെടുത്തിയില്ല.
ഹൈക്കോടതിയിലെ ഹൈലെവൽ ഐടി ടീമിനെ നിയമിച്ചതിലും എം ശിവശങ്കറിന്റെ പങ്കുണ്ടെന്ന കണ്ടെത്തലും കോടതി മുമ്പാകെ വന്നിട്ടുണ്ട്. എം ശിവശങ്കർ കൂടി പങ്കെടുത്ത യോഗമാണ് അഞ്ചംഗ ടീമിനെ നിയമിച്ചത്. അറുപതിനായിരം മുതൽ ഒരു ലക്ഷം വരെയായിരുന്നു ഇവരുടെ ശമ്പളം. എൻഐസിക്ക് പകരം അഭിമുഖം മാത്രം നടത്തി കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവരുടെ നിയമനത്തിലെ ദുരൂഹതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന് ജോലി ലഭിക്കുന്നതിന് സ്പേസ് പാർക്കിൽ നടത്തിയ അതേ രീതിയിലാണ് ശിവശങ്കരൻ ഈ വിഷയത്തിലും ഇടപെട്ടത് എന്നാണ് റിപ്പോർട്ട്. ജുഡീഷ്യൽ ഓഫീസർ, സർക്കാർ ഐടി പാർക്കുകളുടെ സിഇഒ, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ (ഐസിഎഫ്ഒഎസ്എസ്) ഡയറക്ടർ എന്നിവരടങ്ങുന്ന മൂന്ന് അംഗ അഭിമുഖ ബോർഡ്.
ടീമിലേക്കുള്ള നിയമനത്തിന് മുന്നോടിയായി 2018 ഫെബ്രുവരി 22 നും മെയ് 11 നും നടന്ന യോഗങ്ങളിൽ ശിവശങ്കർ ഐടി സെക്രട്ടറിയായി പങ്കെടുത്തു. 2019 ജനുവരി 14 നാണ് അഞ്ച് പേരെ നിയമിച്ചത്. എൻഐസിയെ മറികടന്ന് നടത്തിയ നിയമനങ്ങളും ഇന്റലിജൻസ് ബ്യൂറോ (ഐബി) അതേ മാസം തന്നെ അവരുടെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. ഐടി വിഭാഗത്തിലെ നിർണായക സ്ഥലങ്ങളിൽ സീറ്റുകൾ ക്രമീകരിക്കുന്നതിനായി മാർച്ച് 19 ന് ശിവശങ്കർ വീണ്ടും ഹൈക്കോടതി സന്ദർശിച്ചതായി പറയപ്പെടുന്നു.
അതേസമയം ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനം സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ചോദ്യത്തിനു വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പി.ടി.തോമസ് എംഎൽഎ വ്യക്തമാക്കി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന ഡിജിറ്റൽ ജോലി ചെയ്യുന്ന 5 പേരുടെ നിയമനം സംബന്ധിച്ചു രാജ്യത്തെ ഒരു സൈബർ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയിട്ടില്ലെന്നു വ്യക്തമാകുന്ന മറുപടിയാണു ലഭിച്ചത്. ശിവശങ്കർ മലപ്പുറം കലക്ടറായിരിക്കെ അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബത്തിലെ അംഗം തന്നെ ഐടി ടീം തലവനായി നിയോഗിക്കപ്പെട്ടതു പരിശോധിക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ