മലപ്പുറം: സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ അനുനയ പാതയിൽ നീങ്ങുന്നു. ഡി.പി.ആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകാൻ തയ്യാറാണെന്ന് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി വിമർശനങ്ങളെ സർക്കാർ ഗൗരവപൂർവമാണ് പരിഗണിക്കുന്നതെന്നും എന്തൊക്കെ മാറ്റങ്ങൾ വരുത്തണോ അതെല്ലാം വരുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും പദ്ധതി സംബന്ധിച്ച വിശദീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ, ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പാരിസ്ഥിതിക സൗഹൃദത്തെ അടിസ്ഥാനപ്പെടുത്തി, ജനങ്ങൾക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കാൻ, വമ്പിച്ച രീതിയിൽ മുന്നോട്ട് കുതിക്കാനുള്ള പ്രാപ്തി നേടാൻ ഈ പരിപാടി നമുക്ക് അത്യാവശ്യമുള്ള ഒന്നാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വിമർശനങ്ങളെ ഒരു രീതിയിലും സർക്കാർ തടയില്ല. വിമർശനങ്ങളെ ഗൗരവപൂർവമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമർശനം ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി, ഡി.പി.ആറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപടി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ-റെയിൽ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. എന്തൊക്കെ മാറ്റങ്ങൾ വരുത്തണോ അതെല്ലാം വരുത്തിക്കൊണ്ട്, ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാത്രമേ കെ- റെയിൽ കൈകാര്യം ചെയ്യുകയുള്ളൂ. ഡി.പി.ആറിനെ മുറുകേ പിടിച്ച് മുന്നോട്ട് പോകാനല്ല ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള മാറ്റങ്ങൾക്ക് വിധേയപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാത്തതിനെതിരേ കോൺഗ്രസ് എംഎ‍ൽഎ. അൻവർ സാദത്ത് അവകാശലംഘന നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ വെബ്‌സൈറ്റിൽ ഡി.പി.ആർ. പ്രസിദ്ധീകരിച്ചത്.

അതേസമയം സിൽവർലൈൻ പാതയുടെ ഇരുവശത്തും 30 മീറ്റർ പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ മരവിപ്പിക്കണമെന്ന് വിശദ പദ്ധതി രേഖ ശുപാർശ ചെയ്യുന്നത് പദ്ധതി പ്രദേശത്തെ എതിർപ്പ് ശ്ക്തമാക്കും. അതായത് ഭൂമി വിട്ടു നൽകേണ്ടി വരാത്തവരേയും ഭാവിയിൽ ഈ പദ്ധതി ദോഷകരമായി ബാധിക്കും. സിൽവർ ലൈനിന്റെ രണ്ടു വശത്തുമുള്ള വസ്തുക്കളുടെ വില കുറയാനും ഇത് കാരണമാകും.

30 മീറ്റർ പരിധിക്കുള്ളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എതിർപ്പില്ലാ രേഖ വാങ്ങണമെന്നാണ് ഡിപിആർ പറയുന്നത്. എന്നാൽ കെ-റെയിൽ കമ്പനി നിർമ്മാണ നിയന്ത്രണം പത്തുമീറ്റർ പരിധിയിലേയ്ക്ക് ചുരുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചു മീറ്ററിനുള്ളിൽ നിർമ്മാണങ്ങളൊന്നും അനുവദിക്കരുത്. പത്തുമീറ്ററിനുള്ളിൽ നിർമ്മാണം അനുവദിക്കാൻ സർക്കാരിന്റെ എതിർപ്പില്ലാ രേഖ വേണം. ഇതാണ് കെ-റെയിൽ കമ്പനി സർക്കാരിന് നൽകിയ ശുപാർശ.

ഡി.പി.ആർ മാർഗനിർദേശങ്ങൾ മാത്രമാണ്. ഒന്നര വർഷംമുമ്പാണ് തയ്യാറാക്കിയത്. അതിനുശേഷം ഒട്ടേറെ മാറ്റം വന്നിട്ടുണ്ട്. അതനുസരിച്ചാവും പദ്ധതി നടപ്പാക്കുക. 30 മീറ്ററിലെ ദുരപരിധി വ്യാപക എതിർപ്പുണ്ടാകും. ഈ സാഹചര്യത്തിലാണ് പത്ത് മീറ്ററിലേക്ക് കാര്യങ്ങൾ ചുരുക്കുന്നത്. നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാത്തതിനെതിരേ കോൺഗ്രസ് എംഎൽഎ. അൻവർ സാദത്ത് അവകാശലംഘന നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ വെബ്‌സൈറ്റിൽ ഡി.പി.ആർ. പ്രസിദ്ധീകരിച്ചത്.

ഡി.പി.ആർ. പൂർണമായി പുറത്തുവിടാനാവില്ലെന്ന വാശിയോടെയുള്ള സമീപനമാണ് സർക്കാരും കെ-റെയിൽ കമ്പനിയും സ്വീകരിച്ചിരുന്നത്. റിപ്പോർട്ട് പൊതുജനങ്ങൾക്ക് നൽകാനാവില്ലെന്ന് വിവരാവകാശ കമ്മിഷനും വിധിച്ചു. മുഖ്യമന്ത്രി നടത്തിയ ബോധവത്കരണ സമ്മേളനങ്ങളിലും റിപ്പോർട്ട് പുറത്തുവിടാനാവില്ലെന്ന് കെ-റെയിൽ അധികൃതർ ആവർത്തിച്ചിരുന്നു.

പ്രതിപക്ഷവും പദ്ധതിയെ എതിർക്കുന്നവരും പദ്ധതിയുടെ ഇരകളാവുന്നവരും ഡി.പി.ആർ. പുറത്തുവിടണമെന്ന നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. സിപിഎം. ജില്ലാ സമ്മേളനങ്ങളിലും ഡി.പി.ആർ. പുറത്തുവിടാത്തതിനെയും സിൽവർ ലൈനിനെയും വിമർശിച്ച് അഭിപ്രായ പ്രകടനങ്ങളുണ്ടായി. സിൽവർ ലൈൻ പദ്ധതിക്കായി സിസ്ട്ര എന്ന ഫ്രഞ്ച് കൺസൾട്ടിങ് കമ്പനി തയ്യാറാക്കിയത് ആറ് വാല്യങ്ങളിലായി 3777 പേജുള്ള പദ്ധതിരേഖയാണ്.

ഇതോടൊപ്പം പദ്ധതിയുടെ പാരിസ്ഥിതിയാഘാതത്തെപ്പറ്റിയുള്ള ദ്രുതപഠന റിപ്പോർട്ടുമുണ്ട്. ഡി.പി.ആറിന്റെ പ്രാഥമിക വിവരങ്ങളും പാരിസ്ഥിതിയാഘാത ദ്രുതപഠനവും സിൽവർ ലൈൻ ഉപയോഗിക്കാൻ സാധ്യതയുള്ള യാത്രക്കാരുടെ കണക്കുകൾ ഉൾപ്പെടുന്ന അധ്യായവും നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

കേരളത്തിന്റെ ഗതാഗത രംഗത്തു വൻ കുതിച്ചുചാട്ടം ഉണ്ടാക്കുന്നതാണു പദ്ധതിയെന്നു ഡിപിആറിൽ പറയുന്നു. റോഡ്, ആകാശം, ജലപാത, ഇന്ത്യൻ റെയിൽവേ തുടങ്ങിയ ഇതര ഗതാഗത മാർഗങ്ങൾ വികസിപ്പിക്കാൻ പരിമിതികളുണ്ട്. സിൽവർ ലൈൻ ഭാവിയിലേക്കുള്ള ചെലവു കുറഞ്ഞ യാത്രാ പദ്ധതിയാണ്. പരിസ്ഥിതി ലോല മേഖലയിലൂടെയും വനമേഖലയിലൂടെയും പാത കടന്നുപോകുന്നില്ല. അതേസമയം, ഒരുപാടു പട്ടണങ്ങളുള്ള സംസ്ഥാനമായതിനാൽ സ്റ്റേഷന്റെ സ്ഥാനനിർണയം സൂക്ഷ്മതയോടെ വേണം. ഫണ്ടും നിർമ്മാണ സാമഗ്രികളും എങ്ങനെ കണ്ടെത്തുമെന്നതും വെല്ലുവിളി.