- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; മുതിർന്ന നേതാവിനെ തിരഞ്ഞെടുത്തത് ഐകകണ്ഠ്യേന; എംവിയെ നിലനിർത്തുന്നത് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ; പി ജയരാജൻ ഉൾപ്പെടെയുള്ള 14 മുതിർന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിച്ചു. എം.വി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2017 ൽ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജനെ ഏപ്രിലിൽ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. 'അൻപതംഗ കമ്മിറ്റിയിൽ നിന്നും 14 മുതിർന്ന നേതാക്കളെ പുതിയ കേഡർമാരെ കണ്ടെത്തുന്നതിനായി ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതായി എം.വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായതിനാൽ പി.ജയരാജൻ, എ. എൻ ഷംസിർ ഉൾപ്പെടെയുള്ള 14 പേരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ഒ.വി നാരായണൻ, വയക്കാടി ബാലകൃഷ്ണൻ, കെ.ഭാസ്കരൻ ,ടി. കൃഷ്ണൻ, പാട്യം രാജൻ, അരക്കൻ ബാലൻ, പി.പി ദാമോദരൻ, കെ.എം ജോസഫ് കെ.കെ നാരായണൻ, ബിജു കണ്ടക്കെ, എന്നിവരെയും ഒഴിവാക്കി.
അതേസമയം പിശശി, കാരായി രാജൻ, എം.സുരേന്ദ്രൻ, സി. കൃഷ്ണൻ, എം.പ്രകാശൻ, സി.വി ശശീന്ദ്രൻ ,പനോളി വത്സൻ, പി.കെ ശബരീഷ് കുമാർ, വി.കെ സനോജ് തുടങ്ങിയ നേതാക്കൾ ഇടം പിടിക്കുകയും ചെയ്തു. എഴുപതു വയസിനു മുകളിൽ പ്രായമുള്ളവരെ ഒന്നിലേറെ കമ്മിറ്റികളിൽ ഉൾപ്പെടുത്തേണ്ടയെന്നു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിക്ക നേതാക്കളെയും ഒഴിവാക്കിയത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ എൻ സുകന്യയാണ് ജില്ലാ സെക്രട്ടറിയേറ്റിലെ വനിതാ സാന്നിധ്യം.
46 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. വനിതാ - പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടെ 10 അംഗ പുതുമുഖങ്ങളാണ് കമ്മിറ്റിയിൽ ഇടം പിടിച്ചത്. ഡി.വൈ എഫ് - ഐജില്ലാ പ്രസിഡന്റ് മനു തോമസ്, മഹിളാ നേതാവ് കെ.ശബ്നം, ആദിവാസി വിഭാഗ സംഘടനയുടെ നേതാവ് എ.കെ.മോഹനൻ ഉൾപ്പെടെയുള്ള പതിനൊന്ന് പേരാണ് പുതിയ കമ്മിറ്റിയിൽ ഇടം പിടിച്ചത്.
സിപിഎം സംസ്ഥാനകമ്മിറ്റിയംഗമായ എം വി ജയരാജൻ സമര സംഘടനാ പ്രവർത്തനങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ നേതാവാണ്. 61 കാരനായ ഇദ്ദേഹം നിയമ ബിരുദധാരിയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ, കെഎസ്ഇബി അംഗം, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് നീതി മെഡിക്കൽ എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ്, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, എൽബിഎസ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവർത്തകസമിതി അംഗവുമാണ്. എടക്കാട് മണ്ഡലത്തിൽനിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ജനകീയ പോരാട്ടങ്ങൾ നയിച്ച ജയരാജന് പൊലീസ്മർദനങ്ങളും ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ നടന്ന കൂത്തുപറമ്പ് വെടിവയ്പ് സംഭവത്തിൽ ജയരാജൻ ക്രൂര മർദനത്തിന് ഇരയായി. പെരളശേരിയിലെ മാരിയമ്മാർവീട്ടിൽ പരേതരായ വി കെ കുമാരന്റെയും എം വി ദേവകിയുടെയും മൂത്ത മകനാണ്. കേരള ബാങ്ക് കണ്ണൂർ റീജ്യണൽ ഓഫീസ് സീനിയർ മാനേജർ ലീനയാണ് ഭാര്യ. സഞ്ജയ്, അജയ് എന്നിവർ മക്കൾ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്