- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാനാട്' ഇന്ത്യൻ സിനിമ ഒരിക്കലും കണ്ടിട്ടില്ലാത്ത വെറൈറ്റി; രാഷ്ട്രീയവും സയൻസ് ഫിക്ഷനും ചേർന്ന ചുഴി; ടൈം ലൂപ്പ് എന്ന ആശയത്തിൽ 'ചുരുളി'യേക്കാൾ ഗംഭീരം; ചിമ്പുവിന്റെത് ശക്തമായ തിരിച്ചുവരവ്; അസാധ്യ പ്രകടനവുമായി എസ് ജെ സൂര്യ; മലയാളിക്ക് കണ്ടുപടിക്കാൻ ഒരു തമിഴ് സിനിമ
തുടർച്ചയായി ഒരേ പാറ്റേണിൽ സിനിമ ചെയ്തിട്ട് ഈ 71-ാം വയസ്സിൽ നമ്മുടെ മമ്മൂക്കയ്ക്ക് ബോറടിക്കുന്നുണ്ടോ? ലാലേട്ടന് ബോറടിക്കുന്നുണ്ടോ? എന്നും നല്ലവനായ കള്ളുചെത്തുകാരനും, ചായക്കടക്കാരനും, ഗ്രാമീണ നിഷ്‌ക്കളങ്കതയുമായി, പത്തുനാൽപ്പതുവർഷം സിനിമയെടുത്തിട്ടും, നമ്മുടെ സത്യൻ അന്തിക്കാടിന് പോലും ബോറടിക്കുന്നില്ല. പക്ഷേ തമിഴ്‌നാട്ടിലെ ചിലമ്പരശൻ എന്ന ചിമ്പുവെന്ന വെറും 15 വർഷം പോലും ആക്റ്റർ കരിയർ കൊണ്ടുപോയിട്ടില്ലാത്ത നടന് ബോറടിച്ചു. കഴിഞ്ഞ മൂന്നുവർഷമായി സിനിമയിൽനിന്ന് വിട്ടുനിൽക്കാനുള്ള പ്രധാന കാരണമായി ചിമ്പു പറഞ്ഞിരുന്നത്, തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ കിട്ടുന്നില്ലെന്നും, അതിനാൽ ബോറടിച്ചുവെന്നുമാണ്. 'വിണ്ണെത്താണ്ടി വരവാൻ' അടക്കം 75ഓളം ചിത്രങ്ങളിൽ നായക വേഷമിടുകയും, എഴൂത്തുകാരൻ സംവിധായകൻ എന്ന നിലയിലൊക്കെ പേരെടുക്കകയും ചെയ്ത ഒരാളാണ് ഇത് പറയുന്നത് എന്നോർക്കണം!
അങ്ങനെ മൂന്നുവർഷത്തെ ബ്രേക്കിന്ശേഷം ചിമ്പുവെന്ന ചിലമ്പരശൻ തിരിച്ചുവരുന്ന ചിത്രമാണ്, സുപ്രസിദ്ധ സംവിധായകൻ വെങ്കിട്ട പ്രഭുവിന്റെ മാനാട് എന്ന ചിത്രം. ചിലമ്പരശന്റെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ മിക്കവരുടെയും ബോറടി മാറ്റുന്ന ചിത്രമാണിത്. കാരണം ഇജ്ജാതി ഒരു തീപാറുന്ന പ്രമേയം ഇന്ത്യൻ സിനിമ പറഞ്ഞിട്ടില്ല.െൈ ടം ലൂപ്പ് എന്ന വിദേശ സിനികളലൊക്കെ ഏറെ വന്ന ഒരു പ്രതിഭാസത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം. വെറൈറ്റി എന്നാൽ എജ്ജാതി വെറൈറ്റി! പല സീനുകളിലും പ്രേക്ഷകരുടെ കിളിപോവും. നായകൻ ചിമ്പുവാണെങ്കിലും ഈ ചിത്രത്തിൽ തകർത്തത് പ്രതിനായകൻ ആയി എത്തിയ എസ്.ജെ സൂര്യയാണ്. അടുത്തകാലത്തൊന്നും ഒരു ചിത്രം കണ്ട് ഒരു നടനോട് ആരാധന തോന്നിയിട്ടില്ല. അജ്ജാതി പ്രകടമാണ് എസ്.ജെ സൂര്യയുടെത്. ശരിക്കും കൊലമാസ്. എന്നും ഒരേ പാറ്റേണിൽ സേഫ് സോണിൽ കറങ്ങകൻ ആഗ്രഹിക്കുന്ന മലയാളികളൊക്കെ കണ്ടുപഠിക്കേണ്ട ചിത്രമാണ് മാനാട്.
സമയത്തിൽ ചക്രവാതച്ചുഴിയിൽ അവർ
സമയത്തിന്റെ ചക്രവാതച്ചുഴിയാണ് ഈ സിനിമയെന്ന് വേണമെങ്കിൽ പറയാം. ടൈം ലൂപ്പ് എന്ന സങ്കൽപ്പത്തെ കൊച്ചുകുട്ടികൾക്ക് പോലും ഉൾക്കൊള്ളാനാവുന്ന രീതിയിൽ, ഓരോ മിനിട്ടിലും ത്രസിപ്പിക്കും വിധത്തിൽ ഒരു പൊളിറ്റിക്കൽ ത്രില്ലറിൽ ചെയ്തിരിക്കയാണ് വെങ്കിട്ട പ്രഭു. വിദേശ രാജ്യങ്ങളിലും ഫിലിം ഫെസ്റ്റിവൽ സിനിമകളിലുമെല്ലാം നിരവധി തവണ ആവർത്തിക്കപ്പെട്ട പ്രമേയമാണ് ടൈം ലൂപ്പ് എന്ന ആശയം. എ ഡേ, ലൂപ്പർ, ട്രയാംഗിൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒക്കെ, പ്രേക്ഷകർ കണ്ട അതേ ആശയം. ഭൂതകാലത്തിലെ ഏതോ ഒരു സമയത്തിൽനിന്ന് ആരംഭിച്ച്, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തി. എന്നാൽ ഈ പ്രവർത്തിയുടെ അന്ത്യത്തിൽ ആരംഭിച്ച അതേ സമയത്തേക്ക് തന്നെ തിരിച്ചുപോകുന്നു. അതായത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തി ഒരു ഇടവേളക്കുശേഷം വീണ്ടും അവർത്തിക്കുന്നു. എന്നുമാത്രമല്ല ഇത് ഒരു അവസാനവുമില്ലാതെ തുടർന്ന് കൊണ്ടുപോവുന്നു. ഈ ലൂപ്പിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന നായകൻ അല്ലെങ്കിൽ നായിക, ഇതിന് തടസ്സമായിക്കൊണ്ടിരിക്കുന്ന ഘടകങ്ങൾ എന്നിവ ചേർത്താണ് ടൈം ലൂപ്പ് സിനിമകൾ ഉണ്ടാവാറ്.
നമ്മുടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയുടെ ക്ലൈമാക്സ് ഒക്കെ അടിസ്ഥാനപരമായി അഭിസംബോധന ചെയ്യുന്നത്് ഈ ആശയത്തെയാണ്. പക്ഷെ ചുരുളിയിൽനിന്ന് വ്യത്യസ്തമായി ഒരു നിമിഷം പോലും പ്രേക്ഷകന് കൺഫ്യൂഷൻ വരാതിരിക്കുവാനും സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്. തിയേറ്ററിൽ ഇരിക്കുന്നവൻ പോലും സമയച്ചുഴിയിൽ അകപ്പെട്ട് കറങ്ങി തിരിഞ്ഞ് പോവും സാധാരണ ഇത്തരം സിനിമകളിൽ നാം കാണുന്നപോലുള്ള കൺഫ്യൂഷൻ എൻഡിങ്ങ് ഇവിടെയില്ല.
അബ്ദുൽ ഖാലിക്ക് എന്ന നായകൻ ഒരു ഒക്ടോബർ പത്തിന് ഊട്ടിയിൽ തന്റെ സുഹൃത്ത് സെറീനയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ദുബായിൽ നിന്നും കോയമ്പത്തൂരിലേക്ക് കേറുന്നതും ഫ്ളൈറ്റിൽവെച്ച് എയർ ടർബുലൻസിനെ് ഒപ്പം, അയാൾ സമയച്ചുഴിയിൽ അകപ്പെട്ട് പോകുന്നതും, അന്നത്തെ ദിവസത്തിന്റെ തലവര എങ്ങനെയെങ്കിലും ഒന്നുമാറ്റിമറിക്കാൻ അയാൾ നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളുമാണ് സിമ്പിളായി പറഞ്ഞാൽ പ്ലോട്ട്. ഊട്ടിയിലെത്തുന്ന ഖാലിക് തമിഴ്‌നാടിനെ നിശ്ചലമാക്കിയേക്കാവുന്ന ഒരു വലിയ പ്രശ്‌നത്തിലേക്ക് എത്തിപ്പെടുകയാണ്. അത് പരിഹരിക്കാനുള്ള ഖാലിക്കിന്റെ ശ്രമങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി പരാജയപ്പെടുന്നു. ഓരോ തവണ മരിക്കുമ്പോഴും അയാൾ വിമാന യാത്രയിലേക്ക് അയാൾ തിരികെ എത്തും.
തന്റെ ജീവിതത്തിൽ ഈ ദിവസം ആവർത്തിക്കുന്നത് എന്താണെന്നും എന്തിനാണെന്നും തിരിച്ചറിയുന്ന ഖാലിക് അത് പരിഹരിക്കാൻ ശ്രമിക്കുന്നു. പക്ഷെ, കാര്യങ്ങൾ അത്ര നിസാരമല്ല. ഖാലിക് കരുതിയതിലും വലുതായിരുന്നു അവനെ കാത്തിരിക്കുന്നത്. ധനുഷ്‌കോടി എന്ന നെഗറ്റീവ് ഷേഡുള്ള പൊലീസ് ഓഫീസറായി എത്തുന്ന എസ്.ജെ. സൂര്യയുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ഖാലിക്കിനെപ്പോലെ തന്നെ ധനുഷ്‌ക്കോടിയും ടൈം ലൂപ്പിൽ അകപ്പെട്ടിരിക്കയാണ്. അയാൾക്കും ദിവസത്തിൽ പലതവണ ഒരേ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യം ധുനുഷ്‌ക്കോടിക്കും കാര്യങ്ങൾ പിടികിട്ടുന്നില്ല. പിന്നെയാണ് അയാൾ ഖാലിക്കിന്റെ കളികൾക്കെതിരെ എതിർ നീക്കങ്ങൾ നടത്തി ടൈം ലൂപ്പിൽനിന്ന് പുറത്തുടക്കാൻ ശ്രമിക്കുന്നത്. അത് ഒന്നൊന്നര കളിയാണ്.
വെങ്കിട്ട് പ്രഭു പൊളിറ്റിക്കൽ എന്നാണ് ചിത്രത്തിന്റെ സബ്്ടൈറ്റിൽ. അയാതത്, വെറും സയസ് ഫിക്ഷൻ മാത്രമല്ല ഈ ചിത്രം. കൃത്യമായ ഒരു പൊളിറ്റിക്സ് പറയുന്നുണ്ട്. രാഷ്ട്രീയ താൽപര്യങ്ങൾ മാത്രം വെച്ച് മതത്തെ ദുരുപയോഗം ചെയ്യുന്നത്, വർഗീയ കലാപങ്ങൾ ക്രിയേറ്റ് ചെയ്യുന്നത്. ഒരു സമുദായത്തെ ബലിയാടക്കുന്നത്. അങ്ങനെ നിരവധി കാലിക വിഷയങ്ങൾ.
വന്താൻ.. വെടിച്ചാൻ..സത്താൻ.. റിപ്പീറ്റ്...
വിവേക് ഒബ്റോയിലെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ഒരു തമിഴ്നടൻ. അതാണ് രൂപത്തിൽ വിവേകിനോട് കുറച്ച് സാദൃശ്യം തോനുന്ന എസ്.ജെ സൂര്യ എന്ന നടൻ. ചിമ്പുവിനെപ്പോലെ സംവിധായകൻ, എഴുത്തുകാരൻ എന്ന നിലയിലൊക്കെ കീർത്തി നേടിയ എസ്.ജെ സൂര്യയുടെ കരിയർ ബെസ്റ്റാണ് ഈ ചിത്രം. അൽപ്പമൊന്ന് പിഴച്ചുപോയാൽ ഓവർ ആക്റ്റിങ്ങിലേക്ക് വഴിമാറുമായിരുന്ന ഒരു കഥാപാത്രത്തെ കിടിലൻ ബി.ജി.എമ്മിന്റെ സഹായത്തോടെ എസ്.ജെ സൂര്യ ലിഫ്റ്റ് ചെയ്യുന്നത് കാണണം. പ്രകാശ് രാജാണ് ഈ കഥാപാത്രത്തെ ചെയ്തത് എങ്കിൽപോലും പാളിപ്പോകുമായിരുന്നു.
താൻ ടൈ ലൂപ്പിൽ പെട്ടതാണെന്ന് അറിയിക്കാനായി, മുഖ്യമന്ത്രിയുടെ വലം കൈയായ നേതാവിനോട്, സൂര്യ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. വന്താൻ.. വെടിച്ചാൻ..സത്താൻ.. റിപ്പീറ്റ്, വന്താൻ.. വെടിച്ചാൻ..സത്താൻ.. റിപ്പീറ്റ്, വന്താൻ.. വെടിച്ചാൻ..സത്താൻ.. റിപ്പീറ്റ്.... തന്റെ ജീവിതത്തിന്റെ ആവർത്തനത്തിൽ അയാൾ കാണിക്കുന്ന ചില ഭാവങ്ങൾ ഉണ്ട്. വേൾഡ് ക്ലാസ് എന്നല്ലാതെ ഒന്നും പറയാനില്ല. അതുപോലെ തന്നെ ഈ നേതാവ് തന്നെ വിശ്വസിക്കാതെ ആവുമ്പോൾ, 'തലൈവരെ, തലൈവരെ, തലൈവരെ' എന്നൊരു വിളിയുണ്ട്. എന്തൊരു ടെമ്പോ. ദക്ഷിണേന്ത്യക്ക് തന്നെ അഭിമാനമാണ് എസ്.ജെ സൂര്യയെപ്പോലുള്ള നടന്മാർ.
ലൂപ്പ് സിനിമകളുടെ ഒരു പരിമിതി ആവർത്തന സ്വഭാവം ആണെല്ലോ. അതിൽ പലപ്പോഴും ബോറടി ഇല്ലാതവുന്നത് എസ്.ജെ സൂര്യയുടെ പ്രകടനത്തോടെയാണ്. ഒന്നാം പാതി ചിമ്പുവിനെ കേന്ദ്രീകരിച്ചാണെങ്കിൽ രണ്ടാം പാതി എസ്.ജെ. സൂര്യയുടെ കരുത്തിലാണ് മുന്നേറുന്നത്. അതിനാൽ തന്നെ ഒന്നാം പാതിയിൽ അനുഭവപ്പെടുന്ന ലാഗ് രണ്ടാം പാതി മറികടക്കുന്നു. കാര്യമായ സ്‌ക്രീൻ സ്‌പേസ് ലഭിക്കുന്നില്ലെങ്കിലും ഫീമെയിൽ ലീഡെന്ന നിലയിൽ കല്യാണി പ്രിയദർശൻ മുഷിപ്പിക്കുന്നില്ല. ഭാവിയിലെ താരമാണ് മരക്കാറിലെ ഈ പ്രണവിന്റെ ജോഡിയെന്ന് വ്യക്തം. വെങ്കിട് പ്രഭു ചിത്രത്തിലെ പതിവുകാരായ അരവിന്ദും പ്രേംജിയും ചിത്രത്തിലുണ്ട്. പ്രേംജിക്ക് കാര്യമായ സ്‌പേസ് ഹ്യൂമറിൽ പോലും വെങ്കിട് പ്രഭു നൽകിയിട്ടില്ല. തീയേറ്ററിൽ ചിരി നിറയ്ക്കുന്നതും എസ്.ജെ. സൂര്യ തന്നെ.
യുവൻ ശങ്കർരാജയുടെ സംഗീതം സിനിമയ്ക്ക് ഫാസ്റ്റ് പേസ് നൽകുന്നുണ്ട്. പാട്ടുകൾ ശരാശരിയെങ്കിലും പശ്ചാത്തല സംഗീതം സിനിമയുടെ മൂഡും പേസും നിലനിർത്തുന്നു. എസ്.ജെ സൂര്യയുടെ ഇൻട്രാഡക്ഷൻ സീനിലൊക്കെയുള്ള ബി.ജി.എം നമ്മുടെ ബിജിപാലൊക്കെ കണ്ടുപടിക്കേണ്ടതാണ്. റിച്ചാർഡ് എം. നാഥൻന്റെ ഛായാഗ്രഹണം മികച്ച് നിൽക്കുന്നു. ചിത്രത്തിലെ വിമാന സീനുകൾ ഒക്കെ നോക്കുക. നാം അതിൽ യാത്രചെയ്യുന്ന ഫീലാണ് കിട്ടുന്നത്.
തമിഴ് കൊമേർഷ്യൽ സിനിമയിൽ അനിവാര്യമായ ചില ഫൈറ്റ് സീനുകൾ ഒന്ന് കുറച്ചിരിച്ചിരുന്നുവെങ്കിൽ ചിത്രം ഇതിനേക്കാൾ നന്നാവുമായിരുന്നു. എന്തൊക്കെയായാലും വ്യത്യസ്തമായ സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കണേണ്ട ചിത്രമാണ് ഇത്.
ടൈം ലൂപ്പ് എന്ന മാനസിക രോഗം
ഇനി ശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ എന്താണ് ടൈം ലൂപ്പ് എന്ന് നോക്കുക. ഇത് ഒരു മാനസിക രോഗമായാണ് കൂടുതൽ പേരിലും കണ്ടുവരുന്നത്. തന്നെ സ്ഥിരമായി ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നതും, പിന്നീട് വിട്ടയക്കുന്നതും, വീണ്ടും തട്ടിക്കൊണ്ടുപാകുന്നതും, ആവർത്തിക്കുന്നെുവെന്ന് പറഞ്ഞ് വന്ന ഒരു പെൺകുട്ടിയെ മനഃശാസ്ത്രജ്ഞർ ഫിലോഡൽഫിയയിൽ പഠിച്ചതിന്റെ റിപ്പോർട്ടുകൾ നെറ്റിൽ ലഭ്യമാണ്. അവർക്ക് അതി ഗുരുതരമായ മനോരോഗമായിരുന്നു. ഇങ്ങനെ ഞണ്ടുകളുടെ ലൂപ്പിൽ പെട്ടവർ തൊട്ട് അന്യഗ്രഹ ജീവികൾ വരെ ചുരുളിയായി ജീവിതത്തിലേക്ക് കടന്നുവുന്ന കഥ പലരും പറഞ്ഞിട്ടുണ്ട്. എല്ലാം ചിത്തഭ്രമം തന്നെ. ഇത് മൂന്ന് രീതിയിലാണ് ഉണ്ടാവുന്നത് എന്നാണ് ശാസ്ത്രലോകം പറയുന്നത്്. ഒന്ന് തലച്ചോറിലെ ന്യൂറോബയോളജിക്കൽ പ്രശ്നം മൂലം ഉണ്ടാവുന്ന ചിത്തഭ്രമം. രണ്ട് തലച്ചോറിന്റെ അമിത്തല ഭാഗത്തുണ്ടാകുന്ന ക്ഷതങ്ങൾ. മൂന്ന് മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം. എന്നാൽ ടൈം ലൂപ്പ് ഈ രീതിയിലുള്ള ഒരു മാനസിക രോഗമാണെന്ന സൂചന ഈ ചിത്രവും നൽകുന്നില്ല. വിദേശ സിനിമകളിൽ ഒട്ടുമില്ല. അവർക്ക് ഒന്നുമില്ലാത്ത പൊളിറ്റിക്കൽ കറക്ട്നസ് പിന്നെന്തിനാണ് വെങ്കിട്ട പ്രഭുവിന്.
മാത്രമല്ല പൂർണ്ണമായും ശാസ്ത്രീയമായേ സിനിമ എടുക്കാൻ പാടുള്ളൂവെന്ന് യാതൊരു നിയമവും ഇല്ല. അങ്ങനെയാണെങ്കിൽ ഹൊറർ സിനിമകൾ ഒന്നും എടുക്കാൻ കഴിയില്ലല്ലോ. (സംസാരിക്കുന്ന പക്ഷികളും മൃഗങ്ങളുമൊക്കെ കുട്ടികളിൽ വികല ധാരണകൾ ഉണ്ടാക്കും എന്ന് പറഞ്ഞ്, ലൂയിസ് കരോളിന്റെ ആലീസിന് ഇൻ വണ്ടൻ ലാൻഡ് പണ്ട് കമ്യൂണിസ്റ്റ് ചൈനയിൽ നിരോധിച്ചിരുന്നു!)
അതുപോലെ തന്നെ കൃത്യമായ പൊളിറ്റിക്സും ഈ ചിത്രം പറയുന്നുണ്ട്. തമിഴ്‌നാട് ബിജെപി ഈ ചിത്രത്തെ മുടക്കാൻ ഏറെ ശ്രമിച്ചിട്ടുണ്ട്. മുസ്ലീങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ്, തങ്ങളുടെ സംഘടനയായ ന്യൂനപക്ഷ മോർച്ചയെ കൊണ്ട് കേസ് കൊടുപ്പിച്ചു. കരുണാനിധിയെയും സ്റ്റാലിനെയും അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രിയെ കുത്തിത്തിരിപ്പാക്കാൻ നോക്കി. പക്ഷേ അതെല്ലാം പാളി. ഒടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ട് ഇടപെട്ടാണ് ചിത്രം പുറത്തിറങ്ങിയത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി നിലനിൽക്കുന്ന ഒരു മുഖ്യമന്ത്രി! ഒരുപാട് കാര്യങ്ങളിൽ എന്നപോലെ ഈ ചിത്രം പുറത്തിറക്കിയതിന്റെ പേരിലും തമിഴകം സ്റ്റാലിനോട് കടപ്പെട്ടിരിക്കുന്നു.
വാൽക്കഷ്ണം: പക്ഷേ അതി ഭയങ്കരമായ ഒരു ശ്രദ്ധക്കുറവും ചിത്രത്തിൽ കല്ലുകടിയായിട്ടുണ്ട്. സിനിമയുടെ ആദ്യ രംഗത്തിൽ,വിമാനത്തിൽ ഇരട്ട സീറ്റുകളിലൊന്നിലാണ് ചിമ്പു യാത്ര ചെയ്യുന്നത്. എന്നാൽ വിമാനം ആകാശത്തിലേക്ക് ഉയർന്നതിന് ശേഷം കാണിക്കുന്ന സീനുകളിൽ മൂന്ന് സീറ്റുകളുള്ള വരിയിലെ നടുവിലെ സീറ്റിലാണ് ചിമ്പു ഇരിക്കുന്നത്. ഇപ്പുറത്ത് കല്യാണി പ്രിയദർശനും. ഒറ്റ നോട്ടത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇത്തരം വലിയ വീഴ്ചകൾ വെങ്കിട് പ്രഭുവിനേപ്പോലുള്ള സംവിധായകരിൽ നിന്നുണ്ടാകുന്നത് കഷ്ടമാണ്. ടൈം ലൂപ്പ് എന്ന മാനസിക രോഗം പോലെ ഇതിനുമുണ്ട് ശാസ്ത്രീയ വിശദീകരണം. അതാണ് ചെസ്സ് ബ്ലൈൻഡ്നെസ്സ് എന്ന് പറയുന്നത്. അതായത് നമ്മുടെ വിശ്വനാഥൻ ആനന്ദൊക്കെ തോൽക്കുന്ന ഒരു സ്ഥിരം രീതി. വലിയ നീക്കങ്ങൾ പ്ലാൻ ചെയ്യുന്നതിനിടയിൽ തൊട്ടുമുന്നിലെ കാലാളുകൊണ്ടുള്ള ഡയറക്ട് വെട്ട് കാണില്ല. ധൃതിയിൽ പലകാര്യങ്ങളും ചെയ്യുമ്പോൾ, സൂക്ഷമമായ വശം നാം ശ്രദ്ധിക്കും. പക്ഷേ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യം വിട്ടുപോകും. ഇവിടെയും അതുതന്നെ ആയിരിക്കണം പറ്റിയത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ