മുംബൈ: നിരന്തരം ഫോളോ ചെയ്യുന്നവർ. സെൽഫിക്കായി അടുത്തുകൂടുന്നവർ. ആരാധന മൂത്ത് ശല്യം സൃഷ്ടിക്കുന്നവർ. ചലച്ചിത്ര താരങ്ങൾക്ക് ഇതൊക്കെ നിത്യ അനുഭവങ്ങളാണ്. എന്നാൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നവരാണെങ്കിലോ? പലപ്പോഴും വ്യാജ അക്കൗണ്ടുകളിലൂടെ. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ആർ. മാധവൻ.

മാധവൻ മദ്യപാനത്തിനും മയക്കു മരുന്നിനും അടിമയാണെന്നുമായിരുന്നു നിരന്തരമുള്ള ആരോപണം. മാഡിയുടെ ആരാധകനായിരുന്നു ഞാൻ. എന്നാൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം സ്വന്തം കരിയർ തകർത്തത് തികച്ചും ഹൃദയഭേദകമാണ്. ബോളിവുഡിൽ എത്തിയതിന് ശേഷമാണ് മാധവൻ നശിച്ചത്- അയാൾ ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്തതോടെ അത് മാധവന്റെയും ശ്രദ്ധയിൽപ്പെട്ടു. അതിന് മാധവൻ നൽകിയ മറുപടിയിങ്ങനെ...

Oh .. So that's your diagnoses ? I am worried for YOUR patients. ????????. May be you need a Docs appointment. . https://t.co/YV7dNxxtew

- Ranganathan Madhavan (@ActorMadhavan) January 5, 2021

ഓ.. ഇതാണോ നിങ്ങളുടെ രോഗനിർണ്ണയം? എനിക്ക് നിങ്ങൾ രോഗികളുടെ കാര്യം ആലോചിച്ച് വിഷമം തോന്നുന്നു. നിങ്ങൾക്കാണ് ഒരു ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യമെന്ന് തോന്നുന്നു- മാധവൻ കുറിച്ചു.

മറുപടി വന്നതോടെ ഒട്ടനവധിപേർ മാധവന് പിന്തുണയുമായി രംഗത്ത് വന്നു. സമൂഹ മാധ്യമങ്ങളിലൂടെ യാതൊരു കൂസലുമില്ലാതെ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ചിലർ കുറിച്ചു. തൊട്ടുപിന്നാലെ അയാളുടെ അക്കൗണ്ടും അപ്രത്യക്ഷമായി.