- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിലേയും ബംഗാളിലേയും മദ്രസകൾ പോലെയല്ല കേരളത്തിലേത്; ഇവിടെ നടക്കുന്നത് മതപഠനം മാത്രം; മതകാര്യങ്ങൾക്ക് എന്തിനാണ് സർക്കാർ പണം ചെലവാക്കുന്നത്? ഹൈക്കോടതി ഉയർത്തുന്നത് പിണറായി സർക്കാരിന് തലവേദനയാകുമെന്ന മറ്റൊരു നിർണ്ണായക ചോദ്യം; മദ്രസാ അദ്ധ്യാപകരുടെ പെൻഷനും ആനുകൂല്യവും കോടതി കയറുമ്പോൾ
കൊച്ചി : ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിനൊപ്പം പിണറായി സർക്കാരിന് വെല്ലുവിളിയായി മറ്റൊരു വിവാദവും. മദ്രസ അദ്ധ്യാപകർക്ക് പെൻഷനും ആനൂകൂല്യങ്ങളും നൽകുന്നത് എന്തിനെന്ന് സംസ്ഥാന സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി പുതിയ കേസ് ഫയലും തുറക്കുകയാണ്. കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് നടപടി. കേരള മദ്രസ അദ്ധ്യാപക ക്ഷേമ നിധിയിലേക്ക് പണം നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയിൽ സിപിഎം. രാഷ്ട്രീയനിലപാട് കരുതലോടെയാക്കിയിരുന്നു. കോടതിവിധി വർഗീയ ധ്രുവീകരണത്തിന് ആയുധമാക്കുന്നുണ്ടെന്നതും തീർപ്പുണ്ടാക്കേണ്ട ചുമതല സർക്കാരിലാണ് എന്നതും ഇതിനു കാരണമാണ്. മുസ്ലിങ്ങൾക്കായി രൂപവത്കരിച്ച സ്കോളർഷിപ്പ് സ്കീമിലേക്ക് ലത്തീൻ കത്തോലിക്ക-പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളെക്കൂടി പങ്കാളിയാക്കിയതാണ് കോടതിവിധിക്കു കാരണമായ പ്രധാന ഘടകം. രണ്ടുകൂട്ടർക്കും ആനുകൂല്യം നൽകാനുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെയാണ് സമാനമായ പുതിയ കേസ് ഹൈക്കോടതിയിൽ എത്തുന്നത്.
മദ്രാസ പെൻഷനിൽ ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, കൗസർ എഡപ്പഗത്ത് എന്നിവരാണ് ഹർജി പരിഗണിച്ചത്. കേരളത്തിലെ മദ്രസകളിൽ മതപഠനം മാത്രമാണ് നടക്കുന്നതെന്ന് നിരീക്ഷിച്ച ഇരുവരും മതകാര്യങ്ങൾക്ക് എന്തിനാണ് സർക്കാർ പണം ചെലവാക്കുന്നതെന്നും ചോദിച്ചു. ഉത്തർപ്രദേശിലെയും, ബംഗാളിലെയും മദ്രസകൾ പോലെയല്ല കേരളത്തിലേത്. ഇവിടെ മതം മാത്രമാണ് പഠിപ്പിക്കുന്നതെന്നും വ്യക്തമാക്കി. ഈ വിഷയത്തിൽ കോടതിയിൽ സർക്കാർ എടുക്കുന്ന നിലപാട് ഇനി നിർണ്ണായകമാണ്.
അദ്ധ്യാപക ക്ഷേമ നിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺ ഓർഗനൈസേഷൻ ഫോർ ഡെമോക്രസി, ഇക്വാളിറ്റി, ട്രാൻക്വിലിറ്റി ആൻഡ് സെക്യുലറിസം സെക്രട്ടറി മനോജ് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സംസ്ഥാനത്തെ മദ്രസകളിൽ ഖുറാനും മറ്റ് മത ഗ്രന്ഥങ്ങളും മാത്രമാണ് പാഠ്യവിഷയമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനായി സർക്കാർ പണം ചെലവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദഹം ചൂണ്ടിക്കാട്ടി.
മദ്രസ അദ്ധ്യാപർക്കു പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി കൊണ്ടുവന്ന കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഖുറാനെക്കുറിച്ചും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചുമാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ സി രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടി പൊതുപണം ചെലവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷ തത്വങ്ങൾക്കു വിരുദ്ധമാണ് സർക്കാർ നടപടിയെന്ന് ഹർജിക്കാർ വാദിച്ചു.
കേരളത്തിലെ മദ്രസകൾ ഉത്തർപ്രദേശിലെയോ പശ്ചിമ ബംഗാളിലെയോ മദ്രസകളെപ്പോലെയല്ലെന്ന്, ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, കൗസർ എഡപ്പഗത്ത് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അവിടെ മതപഠനത്തിനൊപ്പം മറ്റു കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. കേരളത്തിൽ മതപഠനം മാത്രമാണ് മദ്രസകളിൽ നടക്കുന്നത്. മതകാര്യങ്ങൾക്കു വേണ്ടി സർക്കാർ എന്തിനാണ് പണം ചെലവാക്കുന്നതെന്ന് കോടതി ആരാഞ്ഞു. ഈ ഹർജിയിൽ സർക്കാർ നൽകുന്ന മറുപടിക്ക് അനുസരിച്ചാകും കോടതിയുടെ തീരുമാനം.
ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയിൽ സിപിഎം. രാഷ്ട്രീയനിലപാട് കരുതലോടെയാക്കിയിരുന്നു. അത് വി എസ്. സർക്കാരിന്റെ അവസാനകാലത്തെ ഉത്തരവായിരുന്നു. മുസ്ലിം വിഭാഗത്തിലുള്ളവരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സിപിഎം. നേതാവ് പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയുടെ ശുപാർശയനുസരിച്ചാണ് സ്കോളർഷിപ്പ് സ്കീം വരുന്നത്. മുസ്ലിങ്ങൾക്ക് പരിഗണന നൽകേണ്ടതാണെന്ന നിലപാട് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പരസ്യമായി പ്രകടിപ്പിച്ചു. വിധി നടപ്പാക്കുമെന്നാണ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞത്. സാമൂഹിക-സാമ്പത്തിക സാഹചര്യം പരിശോധിച്ചല്ലാതെ, മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് ജനസംഖ്യാ അനുപാതത്തിൽ ആനുകൂല്യം നൽകുന്നതിനോട് യോജിപ്പില്ലെന്ന് പാലോളി മുഹമ്മദ് കുട്ടിയും വ്യക്തമാക്കി.
വിധി അതേപടി നടപ്പാക്കിയാൽ മുസ്ലിങ്ങൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് വിഹിതം ഇല്ലാതാക്കും. ക്രൈസ്തവ വിഭാഗത്തിന് കൂടുതൽ ആനുകൂല്യം ലഭിക്കും. സർക്കാർ എന്തു നടപടിയെടുത്താലും ഒരുവിഭാഗം എതിരാകുമെന്നതാണ് 'ജാഗ്രത' പാലിച്ചുമാത്രം നിലപാടെടുക്കാൻ സർക്കാരും സിപിഎമ്മും ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ