- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ഹർജി; ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം പിന്മാറി; അപേക്ഷ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും
ന്യൂഡൽഹി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതി അബ്ദുൾ നാസർ മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം പിന്മാറി.
2003 ൽ കോയമ്പത്തൂർ സ്ഫോടന കേസിൽ അഭിഭാഷകൻ എന്ന നിലയിൽ മദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് രാമസുബ്രഹ്മണ്യം കേസിൽ നിന്നും പിന്മാറിയത്. ഇതേ തുടർന്ന് ഇന്ന് കോടതി വാദം കേട്ടില്ല. മദനിയുടെ അപേക്ഷ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് അബ്ദുൾ നാസർ മദനിയുടെ അപേക്ഷ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാൽ അപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോൾ തന്നെ 2003 ൽ കോയമ്പത്തൂർ സ്ഫോടന കേസിൽ മദനിക്ക് വേണ്ടി ഹാജരായിരുന്ന കാര്യം ജസ്റ്റിസ് രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുന്നതായും ജസ്റ്റിസ് രാമസുബ്രഹ്മണ്യം അറിയിച്ചു.
അബ്ദുൽ നാസർ മദനിക്ക് വേണ്ടി അഭിഭാഷകരായ ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരായിരുന്നത്. ജസ്റ്റിസ് രാമസുബ്രഹ്മണ്യം പിന്മാറിയതിനാൽ ഇവരുടെ വാദം കോടതി ഇന്ന് കേട്ടില്ല. ഇതിനിടെ മദനിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കർണാടക സർക്കാർ സുപ്രീം കോടതിയിൽ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്തു.
അബ്ദുൾ നാസർ മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്ന് കർണാടക സർക്കാർ പറഞ്ഞു. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കേരളത്തിൽ പോകാൻ മദനിയെ അനുവദിച്ചാൽ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളിൽ നിന്ന് ഒളിച്ചോടാൻ സാധ്യത ഉണ്ട്.
അബ്ദുൽ നാസർ മദനി കേരളത്തിൽ എത്തിയാൽ ഒളിവിൽ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകര വാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ടെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്റ്റേറ്റ്മെന്റിൽ ആരോപിച്ചിട്ടുണ്ട്.
അതേസമയം കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഇരുപത്തിയാറ് പേജ് ദൈർഘ്യമുള്ള സ്റ്റേറ്റ്മെന്റിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മദനിയുടെ അഭിഭാഷകർ ആരോപിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ മഅ്ദനിക്കെതിരെ കേസുണ്ടെന്നത് ഉൾപ്പടെ നിരവധി അസത്യങ്ങളാണ് കർണാടകം കോടതിയെ അറിയിച്ചിരിക്കുന്നത്.
വിവിധ കോടതികൾ കുറ്റവിമുക്തമാക്കിയ കേസ്സുകളാണ് കർണാടകം മദനിയെ എതിർക്കാനായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകർ അറിയിച്ചു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അഭിഭാഷകർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്