പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ അഴിമതി കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, മറുനാടൻ പുറത്തു കൊണ്ടു വന്ന മറ്റൊരു വലിയ സഹകരണ അഴിമതിയുണ്ട്. അത് മൈലപ്ര സർവീസ് സഹകരണ ബാങ്കിലേതാണ്. 44 കോടി രൂപയുടെ അഴിമതിയും ക്രമക്കേടുമാണ് ഇവിടെ സഹകരണ വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റും സിപിഎം പത്തനംതിട്ട ഏരിയാ കമ്മറ്റിയംഗവുമായ ജെറി ഈശോ ഉമ്മൻ, കോൺഗ്രസിന്റെ സഹകരണ സംഘടനയുടെ നേതാവും മുൻ സെക്രട്ടറിയുമായ ജോഷ്വ മാത്യു, ഏതാനും ജീവനക്കാർ എന്നിവർ ചേർന്ന് വകമാറ്റിയും ബിനാമി പേരിലും അടിച്ചു മാറ്റിയതാണ് ഇത്രയും വലിയ തുക. തട്ടിയെടുത്ത തുക 80 കോടിയെങ്കിലും വരുമെന്നാണ് നിഗമനം. തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഇക്കണോമിക്സ് ഓഫൻസ് വിങിന് കൈമാറി. അടൂർ യൂണിറ്റാകും ഇത് അന്വേഷിക്കുക.

ഇത്രയും വലിയ അഴിമതി നടത്തിയ ഏരിയാ കമ്മറ്റിയംഗത്തെ ജില്ലാ നേതൃത്വം സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മൈലപ്ര ടൗൺ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് എട്ടാം വാർഡ് അംഗവുമായ സാജു മണിദാസ് രാജി വച്ചു. കഴിഞ്ഞ ദിവസം ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലായിരുന്നു രാജി പ്രഖ്യാപനം. ഈ വിവരം ഇന്നാണ് പുറത്തു വന്നത്. ഇതോടെ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ ബഹളം തുടങ്ങി. ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് ആയിരം രൂപ പോലും നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ഗുരുതരമായ രോഗം ബാധിച്ചവർ, മക്കളുടെ വിദ്യാഭ്യാസത്തിന് പണം ആവശ്യമുള്ളവർ, വിവാഹ ആവശ്യത്തിന് വേണ്ടവർ എന്നിവർ അടക്കം ബാങ്കിന് മുന്നിൽ മുറവിളി കൂട്ടുന്നു. ഓരോ ദിവസവും അവധി പറഞ്ഞ് തിരിച്ചു വിടുകയാണ്.

ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്നത് മറുനാടൻ മലയാളിയാണ്. ആദ്യമൊക്കെ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് നിഷേധ കുറിപ്പ് ഇറക്കി നോക്കിയിരുന്നു. മറുനാടൻ ആരുടെയോ സ്വാധീനത്തിന് വഴങ്ങി പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, മറുനാടൻ പുറത്തു വിട്ട സത്യങ്ങൾ മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഭരണ സമിതി പിന്നാക്കം പോയി. കോടികളുടെ വെട്ടിപ്പിന്റെ കഥകൾ ഓരോ ദിവസവും പുറത്തു വന്നതോടെ ബാങ്ക് പ്രസിഡന്റിന് നിൽക്കക്കള്ളിയില്ലതായി. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി മൈഫുഡ് റോളിങ് ഫാക്ടറി തുടങ്ങിയായിരുന്നു തട്ടിപ്പ്.

കോടികൾ വായ്പ ഇനത്തിൽ ഫാക്ടറിയിലേക്ക് വകമാറ്റി. ഇതൊന്നും തിരിച്ചടച്ചില്ലെന്ന് മാത്രമല്ല പലിശയും നൽകാൻ തയാറായില്ല. ഓരോ വർഷവും വായ്പ പുതുക്കി. അതിനൊപ്പം വീണ്ടും കോടികൾ നൽകി. കിട്ടാക്കടം ഏറി വന്നു. സെന്റിന് ഒരു ലക്ഷം പോലും വിലമതിക്കാത്ത വസ്തുവിന് അഞ്ചു പത്തും ലക്ഷം ലോൺ നൽകി. ബിനാമി പേരുകളിൽ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ലോൺ കൊടുത്ത് ബാങ്കിനെ കുത്തുപാളയെടുപ്പിച്ചു. ഒടുവിൽ നിക്ഷേപകർക്ക് പലിശയോ നിക്ഷേപമോ തിരികെ കിട്ടാത്ത അവസ്ഥ വന്നു.

ബാങ്കിന്റെ പ്രതിസന്ധി പുറത്തായതോടെ നിക്ഷേപകർ കൂട്ടത്തോടെ എത്തി. ഇവർക്ക് പണം നൽകാൻ ബാങ്കിന് കഴിഞ്ഞില്ല. ഇതിനിടെ മുൻ സെക്രട്ടറിക്കെതിരേ ഫാക്ടറിയിൽ ഗോതമ്പ് തിരിമറി നടത്തിയതിന് പൊലീസ് കേസെടുത്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സെക്രട്ടറി വിരമിച്ചതിന് പിന്നാലെ പ്രസിഡന്റ് എല്ലാ കുറ്റവും അയാളുടെ തലയിൽ കെട്ടി വച്ചു. ഇത് പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള നാടകം കളിയാണെന്നും പറയുന്നു.

എന്തായാലും പ്രസിഡന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി ജില്ലാ നേതൃത്വം സ്വീകരിച്ചത്. ജില്ലാ നേതാക്കളിൽ ചിലർക്ക് അടക്കം ഇവിടെ ബിനാമി നിക്ഷേപമുണ്ടെന്നും പറയുന്നു. ഏരിയാ കമ്മറ്റി അംഗമായ പ്രസിഡന്റ് അടക്കമുള്ളവർക്കെതിരേ നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ലോക്കൽ സെക്രട്ടറി രാജി വച്ചത്. സഹകരണ വകുപ്പ് ജോയിന്റ രജിസ്ട്രാർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ 44 കോടിയുടെ അഴിമതി കണ്ടെത്തിയിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം വ്യാപകമായിരുന്നു. ലോക്കൽ കമ്മറ്റി യോഗത്തിൽ തന്നെയാണ് സാജു മണിദാസ് രാജി പ്രഖ്യാപിച്ചത്.

ഇത്രയും വലിയ തട്ടിപ്പിന് നേതൃത്വം നൽകിയ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് വൈകുകയാണ്. പ്രസിഡന്റിന്റെ മുഖം രക്ഷിക്കാൻ വേണ്ടി സിപിഎം ലോക്കൽ കമ്മറ്റി അംഗം അടക്കം മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. മൈലപ്ര ബാങ്ക് വിഷയം അന്വേഷിക്കാൻ വന്ന ഉപരി കമ്മറ്റി അംഗങ്ങൾ ഇവരുടെ സസ്പെൻഷൻ പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു. ഈ വാഗ്ദാനം ഇതു വരെ പാലിച്ചില്ല. ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേട് സംബന്ധിച്ച് പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല.

പാർട്ടി ജില്ലാ സെക്രട്ടറിയെ അടക്കം ജെറി ഈശോ ഉമ്മൻ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജെ.ആറിന്റെ റിപ്പോർട്ടിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിയ ജില്ലാ സെക്രട്ടറി ഉദയഭാനു ജെറി ഈശോ ഉമ്മനോട് രാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതിയിൽ കേസ് നടക്കുന്നുവെന്ന സാങ്കേതികത്വം പറഞ്ഞ് രാജി നീട്ടിക്കൊണ്ടു പോവുകയാണ്. മുൻ സെക്രട്ടറി ജോഷ്വാ മാത്യു, ജെറി ഈശോ ഉമ്മൻ എന്നിവരാണ് ബാങ്കിലെ തട്ടിപ്പിന് കുടപിടിച്ചത്. ഇരുവരും സഹകരിച്ച് നടത്തിയ തട്ടിപ്പിനൊടുവിൽ കുറ്റമെല്ലാം ജോഷ്വയുടെ തലയിലേക്ക് വച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് ജെറി നടത്തുന്നത്. കേരളാ കോൺഗ്രസിന്റെ സകല ബ്രാക്കറ്റ് പാർട്ടികളിലും അംഗമായിരുന്ന ജെറി ഒടുവിൽ ബാങ്ക് തട്ടിപ്പ് വെളിയിൽ വരുമെന്ന് കണ്ടാണ് സിപിഎമ്മിൽ അംഗമായത്. ഇതു കാരണം പാർട്ടി ഇദ്ദേഹത്തെ സംരക്ഷിച്ചു വരികയാണ്.

ബാങ്കിന്റെ പ്രവർത്തനം തടസപ്പെടുകയും നിക്ഷേപകർക്ക് പണം കിട്ടാതാവുകയും ചെയ്തിട്ടും ജെറിയെ സംരക്ഷിക്കുന്ന ജില്ലാ നേതൃത്വത്തിന്റെ നടപടി സിപിഎം പ്രാദേശിക ഘടകത്തിൽ എതിർപ്പിന് കാരണമായിരുന്നു. ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ ഏരിയാ കമ്മറ്റി അംഗമായ ജെറി ഈശോ ഉമ്മന്റെ വീടിന് മുന്നിലേക്ക് പന്തം കൊളുത്തി പ്രകടനം നടന്നു. ഇതിന് ശേഷമാണ് ഉപരി കമ്മറ്റിയിൽ നിന്നുള്ള നേതാക്കൾ മധ്യസ്ഥ ചർച്ചയുമായി വന്നത്. അന്ന് നൽകിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനാൽ സിപിഎം ലോക്കൽ കമ്മറ്റി യോഗത്തിൽപ്പോലും അംഗങ്ങൾ പങ്കെടുക്കാതായി. ഈ സാഹചര്യത്തിലാണ് സാജു മണിദാസിന്റെ രാജി. ഇനിയും നേതൃത്വം മിണ്ടാതിരുന്നാൽ മൈലപ്രയിൽ സിപിഎമ്മിൽ നിന്ന് തന്നെ കൂട്ടരാജി ഉണ്ടാകും.