- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനുബന്ധ സ്ഥാപനമായി ഗോതമ്പ് സംസ്‌കരണ ഫാക്ടറി തുടങ്ങി ബാങ്കിന്റെ പണം ഫാക്ടറിയിലേക്ക് വകമാറ്റി; ബാങ്ക് കോടികളുടെ നഷ്ടത്തിലായപ്പോൾ പ്രസിഡന്റിന്റെ സിപിഎം പ്രവേശം; മൈലപ്ര സർവീസ് സഹകരണ ബാങ്ക് കോടികളുടെ നഷ്ടത്തിൽ: ഇതൊരു അപൂർവ സഹകരണ തട്ടിപ്പിന്റെ കഥ
പത്തനംതിട്ട: സംസ്ഥാനത്ത് സഹകരണ ബാങ്ക് തട്ടിപ്പുകൾ വ്യാപകമാണ്. പല രീതിയിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. കരുവന്നൂർ, സീതത്തോട് തുടങ്ങി വമ്പൻ തട്ടിപ്പു കഥകൾ പുറത്തു വരികയും ചെയ്തു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു തട്ടിപ്പു കഥയാണ് മൈലപ്ര സർവീസ് സഹകരണ ബാങ്കിന് പറയാനുള്ളത്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ഒരു ഗോതമ്പ് സംസ്‌കരണ ഫാക്ടറി തുടങ്ങി, ബാങ്കിലെ പണം അവിടേക്ക് വകമാറ്റി നടത്തിയ തട്ടിപ്പിന്റെ കഥ ഞെട്ടിക്കുന്നതാണ്.
എ ക്ലാസിലായിരുന്ന ബാങ്ക് ഇപ്പോൾ സി ക്ലാസിലാണ്. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സാധിക്കുന്നില്ല. ഗോതമ്പ് സംസ്‌കരണ ഫാക്ടറി ബാങ്കിലേക്ക് നൽകാനുള്ള പണത്തിന്റെ ബാധ്യത മാത്രം 60 കോടിയോളം വരും. ആകെ കുരുക്കിലായ ബാങ്കിന്റെ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ സഹായം തേടി സിപിഎം ജില്ലാ സെക്രട്ടറിയെ സമീപിച്ചിരിക്കുകയാണ്. കേരളാ ബാങ്കിന്റെ പത്തനംതിട്ട ആസ്ഥാനത്ത് നിന്ന് പണം കൊടുത്ത് സഹായിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് പ്രസിഡന്റായ ജെറി ഈശോ ഉമ്മൻ കേരളാ കോൺഗ്രസിന്റെ സകല ബ്രാക്കറ്റുകളിലും പ്രവർത്തിച്ച് കഴിഞ്ഞയിടെ സിപിഎമ്മിൽ ചേരുകയായിരുന്നു. കഴിഞ്ഞ സമ്മേളനത്തിൽ ഏരിയാ കമ്മറ്റി അംഗവുമാക്കി. ഇതോടെ സിപിഎമ്മിന്റെ തലയിൽ മറ്റൊരു ബാങ്ക് ക്രമക്കേട് കൂടി വന്നു ചേർന്നു.
ഏറ്റവും ഒടുവിൽ വന്ന 2019-20 ലെ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് ബാങ്ക് പ്രവർത്തിക്കുന്നത് 3.65 കോടി രൂപ നഷ്ടത്തിലാണ്. കോവിഡ് കാലത്ത് ഓഡിറ്റിങ് നടക്കാത്തതിനാൽ നിലവിൽ നഷ്ടം ഇതിന്റെ ഇരട്ടിയോളമാകാൻ സാധ്യതയുണ്ട്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഫാക്ടറിയിൽ നിന്ന് 40 കോടിയോളം രൂപയാണ് ബാങ്കിന് തിരികെ കിട്ടാനുള്ളത്. ഇതും 2019-20 ലെ കണക്കാണ്. നിലവിൽ ഇത് 60 കോടിയോളമായിട്ടുണ്ടായിരിക്കാമെന്ന് മൂൻ ഡയറക്ടർ ബോർഡ് അംഗം ഗീവർഗീസ് തറയിൽ പറയുന്നു.
മൈലപ്ര ആസ്ഥാനമായ ബാങ്കിന് മൈലപ്ര, ശാന്തിനഗർ, മണ്ണാറക്കുളഞ്ഞി എന്നിങ്ങനെ മൂന്നു ബ്രാഞ്ചുകൾ കൂടിയുണ്ട്. മൈലപ്രയിൽ ഒരു സൂപ്പർ മാർക്കറ്റും ബാങ്കിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഇതും നഷ്ടത്തിലാണുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
പണമൊഴുക്ക് ഫാക്ടറിയിലേക്ക്...
സഹകരണ ബാങ്കിലെ പണം വകമാറ്റുന്നതിനായി ഫാക്ടറി തുടങ്ങിയ സംഭവം കേരളത്തിൽ ആദ്യത്തേതാകും. മൈലപ്ര സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനം എന്ന പേരിൽ തുടങ്ങിയ മൈഫുഡ് ഫാക്ടറി പിന്നീട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയാണ് തട്ടിപ്പ് അരങ്ങേറിയത്. സഹകാരികളോട് ബാങ്കിന്റെ ഫാക്ടറി എന്നാണ് പറഞ്ഞിരിക്കുന്നത്. പൊതുയോഗ രേഖകളിലും മറ്റും ഇങ്ങനെ തന്നെ പറയുന്നു. വാർഷിക പൊതുയോഗത്തിലെ അജണ്ടകളിൽ ഫാക്ടറിയുടെ വിഷയവും ചർച്ച ചെയ്യാറുണ്ട്. എന്നാൽ, ഇവിടേക്ക് സഹകരണ വകുപ്പിന്റെ ഓഡിറ്റ് സംഘത്തെ കയറ്റില്ല. അവർ വരുമ്പോൾ മാത്രം ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ബാങ്കിന്റെ സെക്രട്ടറി ജോഷ്വാ കെ. മാത്യു കമ്പനി എംഡിയും ചെയർമാൻ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനുമാണ്. 20 വർഷം മുൻപാണ് ഗോതമ്പ് സംസ്‌കരണ ഫാക്ടറി തുടങ്ങിയത്. ഇവിടെ നിന്നുമുള്ള ഉൽപന്നങ്ങൾ അമൃത എന്ന ബ്രാൻഡ് നെയിമിലാണ് വിറ്റഴിക്കുന്നത്.
എംവി രാഘവൻ സഹകരണ മന്ത്രിയായിരിക്കുന്ന കാലത്ത് എൻസിഡിസി ലോൺ എടുത്ത് തുടങ്ങിയ ഫാക്ടറിക്ക് ബാങ്ക് നൽകിയ 5.85 കോടി രൂപയായിരുന്നു പ്രവർത്തന മൂലധനം. പിന്നീടാണ് ഇത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയത്. കാഞ്ഞ ബുദ്ധിയാണ് ഇവിടെ പ്രസിഡന്റും സെക്രട്ടറിയും കാണിച്ചത്. ഫാക്ടറിയുടെ കണക്കുകൾ സഹകരണ വകുപ്പ് ഓഡിറ്റ് ചെയ്താൽ ക്രമക്കേട് പുറത്തറിയുമെന്ന് മനസിലാക്കി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി. ബാങ്കിൽ നിന്ന് ഫാക്ടറിയിലേക്ക് കോടിക്കണക്കിന് രൂപ വായ്പയുടെ രൂപത്തിൽ വകമാറ്റി. വല്ലപ്പോഴും മാത്രം പലിശ തിരിച്ചടച്ചു. ഇങ്ങനെ തിരിച്ചടയ്ക്കുന്ന തുക പിന്നാലെ വായ്പയായി വീണ്ടും ഫാക്ടറിക്ക് നൽകുകയാണ് ചെയ്തിരുന്നത്. 2019-20 ലെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ഇങ്ങനെ:
ഫാക്ടറി അക്കൗണ്ടിൽ എല്ലാ മാസത്തിന്റെയും അവസാന തീയതിയിൽ ഭാഗികമായി പലിശ വരവ് വച്ചിട്ടള്ളതും ഓഡിറ്റ് വർഷാവസാനം 2,13,48,845 രൂപ പലിശ ഇനത്തിൽ ഈടാക്കാൻ ബാക്കി നിൽപ്പുള്ളതാണ്. മേലിൽ പലിശ ആദ്യം വരവ് വച്ചതിന് ശേഷം മാത്രം അഡ്വാൻസിൽ വരവ് വയ്ക്കേണ്ടതാണ്.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഗോതമ്പ് സംസ്‌കരണ ഫാക്ടറിക്ക് തൻ വർഷം 10.79 കോടി അഡ്വാൻസ് നൽകിയിട്ടുള്ളതും ടി ഇനത്തിൽ മൊത്തം 29 കോടിയിലധികം രൂപ ലഭിക്കാനുള്ളതുമായി കാണുന്നു. വർഷം തോറും ഫാക്ടറിക്ക് അഡ്വാൻസ് ഇനത്തിൽ നൽകുന്ന തുകകൾക്ക് ആനുപാതികമായ തിരിച്ചടവ് ഉള്ളതായി കാണുന്നില്ല. ആയത് ഗൗരവമായി കണ്ട് ഫാക്ടറിയിൽ നിന്നും ലഭിക്കാനുള്ള തുക ഈടാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. ഫാക്ടറിക്ക് വർഷം തോറും അഡ്വാൻസ് കൂട്ടി നൽകുകയും ഫാക്ടറിക്ക് വേണ്ടി സർക്കാരിൽ നിന്ന് ലഭിച്ചിട്ടുള്ള എൻസിഡിസി(നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷൻ) ലോൺ, ഷെയർ എന്നിവയ്ക്ക് കാര്യമായ തിരിച്ചടവ് ഉള്ളതായും കാണുന്നില്ല. ഈ ഇനങ്ങളിൽ കാര്യമായ തിരിച്ചടവ് നടത്തി ഫാക്ടറിയുടെ പ്രവർത്തനം ലാഭകരമാക്കാനും ഓഡിറ്റ് നിർദ്ദേശിക്കുന്നു. ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതു ബാങ്കിനുണ്ടായ സാമ്പത്തിക നഷ്ടം സംബന്ധിച്ചും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ലാഭവിഹിതമില്ല നിക്ഷേപകരുടെ പണം നൽകുന്നതിലും കള്ളക്കളി
എ കാറ്റഗറിയിലായിരുന്ന ബാങ്ക് സി യിലേക്ക് ആയിട്ടും ആ വിവരം സഹകാരികളിൽ നിന്ന് മറച്ചു വച്ചിരിക്കുകയാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. നിക്ഷേപകർക്ക് വർഷങ്ങളായി ലാഭ വിഹിതം നൽകുന്നില്ല. ബാങ്ക് തകർച്ചയിലേക്ക് നീങ്ങിയെന്ന് മനസിലാക്കിയ നിക്ഷേപകർ തുക പിൻവലിക്കാനെത്തിയിട്ടുണ്ട്. ഇവരോട് ഒറ്റയടിക്ക് തുക നൽകാൻ കഴിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. അരലക്ഷം രൂപ വരെ മാത്രം ക്യാഷ് കൗണ്ടർ വഴി നൽകും. ശേഷിച്ചത് ബാങ്ക് അക്കൗണ്ടിലേക്ക് ആർടിജിഎസ് വഴി ട്രാൻസ്ഫർ ചെയ്യാമെന്നാണ് പറയുന്നത്.
ഇതും ഒരു തന്ത്രമാണ്. മിക്ക നിക്ഷേപകരും ഇൻകം ടാക്സ് അടയ്ക്കണമെന്ന് പേടിച്ചാണ് സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത്. കൊടുക്കൽ വാങ്ങലുകൾ ക്യാഷായിട്ടുമാകും. അതിനുള്ള രേഖ സഹകരണ ബാങ്കിൽ മാത്രമായി ഒതുങ്ങി നിൽക്കുകയും ചെയ്യും. പണം തിരികെ ആർടിജിഎസ് വഴിയാണ് നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് ചെല്ലുന്നതെങ്കിൽ ഇൻകം ടാക്സിന്റെ പിടിവീഴും. ഇതു കാരണം നിക്ഷേപം ചോദിച്ചെത്തുന്ന പലരും അത് തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങാൻ മടിച്ചു നിൽക്കുകയാണ്.
പ്രതിസന്ധി മറികടക്കാൻ ബ്ലേഡ് കമ്പനികളെ സമീപിച്ചു
ബാങ്കിലുണ്ടായ പ്രതിസന്ധി മറി കടക്കാൻ ബ്ലേഡ് കമ്പനികളെ വരെ അധികൃതർ സമീപിച്ചു. ഏറ്റുമാനൂർ കേന്ദ്രമായ ബ്ലേഡ് സ്ഥാപനത്തിനോട് നാലു കോടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇതിന്റെ ഇരട്ടി ആസ്തിയുള്ള സ്ഥലം ഈടു വയ്ക്കാൻ ഇല്ലാത്തതിനാൽ പണം കിട്ടിയില്ല. പിന്നീടാണ് ബാങ്ക് പ്രസിഡന്റ് സിപിഎം ജില്ലാ നേതൃത്വത്തെ സമീപിച്ചത്. ഏരിയാ കമ്മറ്റി അംഗം പ്രസിഡന്റായ ബാങ്ക് തകർന്നാൽ അതും സിപിഎമ്മിന്റെ തലയിലാകുമെന്ന് വന്നപ്പോഴാണ് കേരള ബാങ്കിൽ നിന്ന് തൽക്കാലം വായ്പ തരപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇത്രയും വലിയ പ്രതിസന്ധിയിലാണ് ബാങ്ക് എന്ന് സഹകാരികളെ അറിയിക്കാതിരിക്കാൻ പല തന്ത്രങ്ങളും ഡയറക്ടർ ബോർഡ് പയറ്റുന്നുണ്ട്. ഫെബ്രുവരി 25 ന് പൊതുയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഗോതമ്പ് ഫാക്ടറിയുടെ ഉൽപന്നമായ അമൃത ആട്ട സർക്കാരിന്റെ കിറ്റിലേക്ക് നൽകുകയും ചെയ്തിരുന്നു. നിലവിൽ ഫാക്ടറി പ്രവർത്തിക്കുന്നില്ല. മറ്റ് ഗോതമ്പ് ഫാക്ടറികളിൽ നിന്ന് ആട്ട വാങ്ങി അമൃതയുടെ കവറിലാക്കി വിൽപ്പന നടത്തുകയാണ്.
ബാങ്കിന്റെ സെക്രട്ടറിയും പ്രസിഡന്റും കോടീശ്വരന്മാരായി മാറിയെന്നും സർക്കാരിലേക്ക് സകല തെളിവും കാട്ടി പരാതി നൽകിയിട്ടും നടപടിയില്ലെന്ന് മുൻ ഡയറക്ടർ ബോർഡ് അംഗം ഗീവർഗീസ് തറയിൽ പറയുന്നു. സഹകരണ മന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷണത്തിനായി പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് പരാതി കൈമാറി. എന്നാൽ സിപിഎം ഭരിക്കുന്ന ബാങ്കുകൾക്ക് ഒത്താശ ചെയ്യുന്ന ജെആർ മൈലപ്ര ബാങ്കിലെ ക്രമക്കേട് മൂടി വയ്ക്കുകയാണ് ചെയ്യുന്നതെന്നും ഗീവർഗീസ് തറയിൽ പറഞ്ഞു.
ബാങ്ക് തകർച്ചയിലാണെന്ന വിവരം അറിഞ്ഞ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാനെത്തുന്നുണ്ട്. ഫാക്ടറിയിലേക്ക് വാഹനം വാങ്ങിയത് അടക്കമുള്ള ക്രമക്കേടുകളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.