കുനൂർ: സംയുക്തസേനാ മാധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 11 പേർ കുനുരിന്റെ മണ്ണിൽ എരിഞ്ഞമർന്നപ്പോൾ രാജ്യത്തെ നടുക്കിയ മറ്റ് ചില വിമാനദുരന്തങ്ങളാണ് വീണ്ടും ഓർമ്മയിലെത്തുന്നത്.അതിൽ ഏറ്റവും പ്രധാനം കമ്പം വിമാന ദുരന്തമാണ്.മരണസംഖ്യയിൽ കമ്പത്തെക്കാൾ ഏറെ വലിയ ദുരന്തങ്ങൾ ഉണ്ടായിരുന്നെങ്കിലും കമ്പം ചർച്ചയാകുന്നതിന്റെ പ്രധാന കാരണം , ആ ദുരന്തത്തിന് അമ്പത് വയസ്സ് പൂർത്തിയാകാൻ ഒരു ദിവസം ബാക്കിയിരിക്കെയായിരുന്നു കുനൂരിൽ രാജ്യത്തെ നടുക്കിയ ദുരന്തം അരങ്ങേറിയത്.ഇന്നാണ് കമ്പം വിമാനദുരന്തത്തിന്റെ അമ്പതാം വാർഷികം.

1971 ഡിസംബർ 9ന് 27 യാത്രക്കാരും 4 ജീവനക്കാരുമായി കൊച്ചിയിൽനിന്നു തിരുവനന്തപുരം, മധുര വഴി മദ്രാസിനു പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ ആവ്‌റോ വിമാനം കമ്പത്തിനു സമീപം ചിന്നമന്നൂരിലെ മേഘമല എസ്റ്റേറ്റിൽ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ 20 പേർ മരിച്ചു.അപകടത്തിൽനിന്നു രക്ഷപ്പെട്ട സഹകരണസംഘം രജിസ്റ്റ്രാർ കൃഷ്ണൻ നമ്പ്യാരാണ് എസ്റ്റേറ്റിൽ ചെന്ന് അപകടവിവരം അറിയിച്ചത്. തിരുകൊച്ചിയിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ജി..ചന്ദ്രശേഖര പിള്ള, പന്തളം എൻഎസ്എസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.എൻ.ജി കുറുപ്പ് തുടങ്ങിയവർ കൊല്ലപ്പെട്ട പ്രമുഖരിൽ പെടുന്നു. സി.കേശവന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത്, ആരോഗ്യ മന്ത്രിയായിരുന്ന ചന്ദ്രശേഖര പിള്ള രണ്ടാം കേരള നിയമസഭയിൽ കുന്നത്തൂരിന്റെ പ്രതിനിധിയായിരുന്നു.

മറ്റൊരു പ്രധാനസംഭവം ഇന്ത്യയുടെ സൈനിക ചരിത്രത്തിൽ വലിയ ദുരന്തമെന്ന് വിശേഷിപ്പിക്കുന്ന 1963 നവംബർ 22 ലെ അപകടമാണ്.അന്ന് കശ്മീരിലെ പൂഞ്ചിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട 6 പേരിൽ സൈന്യത്തിന്റെ ഉന്നത ശ്രേണിയിലെ 4 പേരും ഉൾപ്പെട്ടു.നദിക്കു കുറുകെയുണ്ടായിരുന്ന ടെലിഗ്രാഫ് കേബിളിൽ കോപ്റ്റർ തട്ടിയതാണ് അപകടത്തിനു കാരണമായത്.സൈന്യത്തിലെ ഉന്നതർ ഒരുമിച്ചു യാത്രചെയ്യാൻ പാടില്ലെന്ന് നിലവിലുണ്ടായിരുന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് അന്നു വിമർശിക്കപ്പെട്ടു. 1953 മുതൽ നിലവിലുണ്ടായിരുന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്ന് 1963 നവംബർ 27ന് പ്രതിരോധ മന്ത്രി വൈ.ബി.ചവാൻ പാർലമെന്റിൽ പറഞ്ഞു.

കരസേനയുടെ പടിഞ്ഞാറൻ കമാൻഡ് മേധാവി ലഫ്.ജനറൽ ദൗലത് സിങ്, വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡിലെ എയർ ഓഫിസർ കമാൻഡിങ് എയർ വൈസ് മാർഷൽ ഇ.ഡബ്ല്യു പിന്റോ, കരസേനയുടെ 15ാം കോർ മേധാവി ലഫ്. ജനറൽ ബിക്രം സിങ്, 25 ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫിസർ കമാൻഡിങ് മേജർ ജനറൽ കെ.എൻ.ഡി.നാനാവതി, 93 ഇൻഫൻട്രി ബ്രിഗേഡിന്റെ കമാൻഡർ ബ്രിഗേഡിയർ എസ്.ആർ.ഒബ്‌റോയ്, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് എസ്.എസ്.സോധി എന്നിവരാണ് അന്നു കൊല്ലപ്പെട്ടത്.

ഭൂട്ടാനിൽ 1993 മാർച്ച് 7ന് ഉണ്ടായ ഹെലികോപ്റ്റർ അപകടവും സേനയ്ക്ക് ഞെട്ടലായതാണ്. കരസേനയുടെ കിഴക്കൻ കമാൻഡ് മേധാവി ലഫ്. ജനറൽ ജമീൽ മുഹമ്മദ് ഉൾപ്പെടെ 8 സൈനിക ഉദ്യോഗസ്ഥരാണു കൊല്ലപ്പെട്ടത്. ഭൂട്ടാനിൽ ഔദ്യോഗിക സന്ദർശനത്തിനു പോയതായിരുന്നു ലഫ്. ജനറൽ മുഹമ്മദ്. മി8 ഹെലികോപ്റ്റർ തിംപു വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ തീപിടിക്കുകയായിരുന്നു. 1997 നവംബർ 14ന് അരുണാചലിലെ തവാങ്ങിനു സമീപമുണ്ടായ കോപ്റ്റർ അപകടത്തിൽ പ്രതിരോധ സഹമന്ത്രി എൻ.വി.എൻ.സോമുവും മേജർ ജനറൽ രമേശ് ചന്ദ്ര നാഗ്പാലും 2 സൈനിക പൈലറ്റുമാരും ആണ് കൊല്ലപ്പെട്ടത്.

ദുരന്തങ്ങളെക്കുറിച്ച് പറയുമ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവവുമുണ്ട്.1953 മാർച്ചിൽ കരസേനയിലെ 4 ഉന്നതരുമായി യാത്ര ചെയ്ത വിമാനം അപകടസാധ്യത മുന്നിൽകണ്ട് അടിന്തരമായി ഇറക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിൽ, സൈന്യത്തിലെ ഉന്നതർ ഒരുമിച്ചു യാത്ര ചെയ്യുന്നതിനു നിയന്ത്രണം വേണമെന്ന് രാഷ്ട്രപതിയാണ് നിർദ്ദേശിച്ചത്. ഇത്തരം യാത്രകളിൽ അപകടമുണ്ടാകുന്നത് രാജ്യത്തിന് താങ്ങാനാവുന്നതല്ലെന്ന് അദ്ദേഹം അന്നത്തെ പ്രതിരോധ മന്ത്രിയോടു വ്യക്തമാക്കി. തുടർന്നാണ് കരസേനാ മേധാവി യാത്രാ വ്യവസ്ഥകൾ നിർദ്ദേശിച്ചത്.

2019 ഒക്ടോബർ 24ന് കരസേനയുടെ വടക്കൻ കമാൻഡ് മേധാവി ലഫ്.ജനറൽ രൺബീർ സിങ് യാത്ര ചെയ്ത ഹെലികോപ്റ്റർ പൂഞ്ചിൽ ഇടിച്ചിറക്കേണ്ടിവന്നു. രൺബീർ സിങ്ങും 6 സൈനിക ഉദ്യോഗസ്ഥരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.