- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ മഴയും പ്രളയവും; മക്കയിൽ മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
റിയാദ്: സൗദി അറേബ്യയിൽ ചില ഭാഗങ്ങളിൽ മഴയും വെള്ളപ്പാച്ചിലും. മക്ക മേഖലയിൽ ഒരു ഗ്രാമത്തിൽ പ്രളയത്തിൽ മുങ്ങിയ പിക്കപ്പ് വാനിൽ കുടുങ്ങിയവരെ സൗദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. അൽബുസ്താൻ എന്ന ഗ്രാമത്തിലെ താഴ്വരയിൽ പിക്കപ്പ് യാത്രികർ പ്രളയത്തിൽ പെട്ടതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. നാലു പേരാണ് പിക്കപ്പിലുണ്ടായിരുന്നത്. ഇവരെയെല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
മദീന മേഖലയിൽ അൽമുദീഖ് താഴ്വരയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട കാറിലെ യാത്രക്കാരെയും സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. സൗദി കുടുംബം സഞ്ചരിച്ച കാറാണ് താഴ്വര മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ടത്. ജിസാനിലെ വാദി ലജബിൽ വെള്ളക്കെട്ടിൽ വീണ് മരിച്ചയാളുടെ മൃതദേഹം സിവിൽ ഡിഫൻസ് പുറത്തെടുത്തു.
ഏതാനും പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു. ഉല്ലാസ യാത്രക്കിടെയാണ് ഏതാനും പേർ വാദി ലജബിലെ വെള്ളക്കെട്ടിൽ പതിച്ചത്. അതിനിടെ റിയാദ് നഗരത്തിലെയും പ്രവിശ്യയിലെയും വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടർന്ന് റിയാദ് സീസൺ ആഘോഷ പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
അൽആദിരിയ, അൽസലാം ട്രീ, നബദ് അൽ റിയാദ്, കോംപാക്ട് ഫീല്ഡ്, സ്സമാൻ വില്ലേജ്, ദ ഗ്രൂവ്സ് എന്നിവിടങ്ങളിലെ പരിപാടികളാണ് മാറ്റിവെച്ചത്. ബോളിവാർഡ് സിറ്റിയിൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ലൈലതുൽ മആസിം സംഗീത കച്ചേരി ഇന്നത്തേക്ക് മാറ്റി. ഈ വേദിയിൽ ഇന്ന് നടക്കേണ്ട സ്പോർട്സ് കിഡ്സ് എന്ന കൊറിയൻ പരിപാടി അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. റിയാദ് നഗരത്തിന് സമീപ പ്രദേശങ്ങളായ മുസാഹ്മിയ, താദിഖ്, റുമാ, ശഖ്റ, ദുർമ എന്നിവിടങ്ങളിലും മഴയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ